ലോകത്തിലെ ഏറ്റവും ഉയരമുള്ള പർവതമായ എവറസ്റ്റ് കൊടുമുടിയിൽ നിന്നുമെടുത്ത സ്നോ സാമ്പിളുകളിൽ മൈക്രോപ്ലാസ്റ്റിക് മലിനീകരണം കണ്ടെത്തി. ഭൂമിയിലെ ഏറ്റവും ആഴമേറിയ സ്ഥലമായ മരിയാന ട്രെഞ്ചിൽ 2018 -ൽ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ഇതോടെ ഭൂമിയിലെ എല്ലായിടത്തും മനുഷ്യർ മാലിന്യങ്ങൾ വലിച്ചെറിയുകയും ഭൂമിയെ ആകെ മലിനപ്പെടുത്തിയിട്ടുണ്ടെന്നും വെളിപ്പെട്ടിരിക്കുകയാണ്. 

8,850 മീറ്റർ ഉയരമുള്ള പർവതത്തിന്റെ മുകളിൽ നിന്ന് നൂറു മീറ്ററിനുള്ളിലായിട്ടുള്ള ബാൽക്കണി എന്നറിയപ്പെടുന്ന സ്ഥലത്തും ചെറിയ പ്ലാസ്റ്റിക് നാരുകൾ കണ്ടെത്തി. എവറസ്റ്റിലെ 5,300 മീറ്റർ മുതൽ 8,440 മീറ്റർ വരെ ഉയരത്തിലുള്ള 11 സ്ഥലങ്ങളിൽ നിന്ന് ശേഖരിച്ച എല്ലാ സ്നോസാമ്പിളുകളിലും മൈക്രോപ്ലാസ്റ്റിക്കുകൾ കണ്ടെത്തിയിട്ടുണ്ട്.

ബേസ് ക്യാമ്പില്‍ നിന്നാണ് ഏറ്റവുമധികം മൈക്രോപ്ലാസ്റ്റിക് കണ്ടെത്തിയിരിക്കുന്നത്. അവിടെയാണ് എവറസ്റ്റ് കയറാനെത്തുന്നവര്‍ ഏറ്റവുമധികം നേരം ചെലവഴിക്കുന്നത്. വസ്ത്രങ്ങള്‍, ടെന്റ്, കൊടുമുടി കയറാനെത്തുന്നവരുപയോഗിക്കുന്ന കയര്‍ എന്നിവയില്‍ നിന്നെല്ലാമാവാണം ഇത് വന്നതെന്ന് കരുതുന്നതായും ഗവേഷകര്‍ പറയുന്നു. സ്വിസ് ആല്‍പ്‌സ്, ഫ്രഞ്ച് പൈറീനീസ് എന്നിവയുടെ വിദൂരഭാഗങ്ങളില്‍ സമീപകാലത്ത് മൈക്രോപ്ലാസ്റ്റിക് കണ്ടെത്തുകയുണ്ടായി. ഇത് കാറ്റിലൂടെയും ഇവ എത്താമെന്ന് തെളിയിക്കുന്നതാണ്. 

പരിശോധിച്ച ഓരോ ചെറിയ സ്‌നോ സാമ്പിളില്‍ പോലും പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഗവേഷണത്തെ നയിച്ച യൂണിവേഴ്‌സിറ്റി ഓഫ് പ്ലിമത്തിലെ ഇമോഗന്‍ നാപ്പര്‍ പറഞ്ഞു. എവറസ്റ്റ് കൊടുമുടി വിദൂരവും അകളങ്കിതവുമാണെന്നാണ് കരുതിയത്. എന്നാല്‍, ഏറ്റവും ഉയരമേറിയ കൊടുമുടിയെപ്പോലും നാം മലിനപ്പെടുത്തിയെന്നത് കണ്ണ് തുറപ്പിക്കുന്ന വിവരമാണെന്നും അവര്‍ പറഞ്ഞു. 'മൈക്രോപ്ലാസ്റ്റിക്കുകൾ നമ്മുടെ പരിസ്ഥിതിയില്‍ സര്‍വ്വവ്യാപിയായതിനാല്‍, ഉചിതമായ പരിഹാരമാർ​ഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിത്. നാം നമ്മുടെ ഭൂമിയെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടതുണ്ട്.' എന്നും അവര്‍ പറയുന്നു. 

എവറസ്റ്റിലെ മലിനീകരണം സംബന്ധിച്ച് ദീർഘകാലമായി ആശങ്കകൾ നിലനിൽക്കുന്നുണ്ട്. ഓരോ വർഷവും നിരവധിപേരാണ് എവറസ്റ്റ് കയറാനായി എത്തുന്നത്. 2019 -ൽ കുറഞ്ഞത് 880 പേരെങ്കിലും എവറസ്റ്റ് കയറിയിട്ടുണ്ട്. എന്നാൽ, പുതിയ പഠനം മൈക്രോപ്ലാസ്റ്റിക് മലിനീകരണത്തെ കുറിച്ചുള്ള ആദ്യപഠനമാണ്. മൈക്രോപ്ലാസ്റ്റിക്കുകൾ അഞ്ച് മില്ലിമീറ്ററിൽ കുറവായതിനാൽ എടുക്കാൻ കഴിയാത്തത്ര ചെറുതാണ്. 

വൺ എർത്ത് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം, 2019 -ൽ നാഷണൽ ജ്യോഗ്രഫിക് പര്യവേഷണം വഴി ശേഖരിച്ച സാമ്പിളുകളാണ് വിശകലനം ചെയ്തത്. സ്നോ സാമ്പിളുകളിൽ ഒരു ലിറ്റർ വെള്ളത്തിൽ ശരാശരി 30 മൈക്രോപ്ലാസ്റ്റിക് കണങ്ങളും ഏറ്റവും മലിനമായ സാമ്പിളിൽ ലിറ്ററിൽ 119 കണികകളും ശാസ്ത്രജ്ഞർ കണ്ടെത്തി. എട്ട് സ്ഥലങ്ങളിലെ നീരൊഴുക്കുകളിൽ നിന്നുള്ള സാമ്പിളുകളും അവർ വിലയിരുത്തി, എന്നാൽ മൂന്ന് സ്ഥലങ്ങളിൽ മാത്രമേ മൈക്രോപ്ലാസ്റ്റിക്സ് കണ്ടെത്തിയുള്ളൂ. ഒഴുക്കുകൾക്ക് മൈക്രോപ്ലാസ്റ്റിക്കുകൾ ഒഴുക്കിക്കളയാമെന്നതിനാലാവാം ഇതെന്ന് കരുതുന്നു.