ഈ തരത്തിൽ വലിയ രീതിയിലുള്ള കുടിയേറ്റം പലപ്പോഴും വാഹന​ഗതാ​ഗതം അടക്കം തടസപ്പെടുത്താറുണ്ട്. റോഡിലും റോഡരികിലും എല്ലാം വലിയ തരത്തിൽ ഞണ്ടുകളെത്തുന്നത് പ്രദേശവാസികളെയും വലക്കാറുണ്ട്.

നിറയെ ചുവന്ന ഞണ്ടുകൾ ഒരുമിച്ച് ഇറങ്ങി നടന്നാൽ എങ്ങനെയിരിക്കും? അതും ഒന്നും രണ്ടുമല്ല ആയിരക്കണക്കിന് ഞണ്ടുകളാണ് കാടിറങ്ങി സമുദ്രത്തിലേക്ക് യാത്ര ചെയ്യുന്നത്. ക്രിസ്മസ് ദ്വീപിലാണ് ആയിരക്കണക്കിന് ഞണ്ടുകൾ ഒരുമിച്ച് പ്രജനനത്തിനായി തീരത്തേക്ക് എത്തിയത്. 

65 മില്ല്യണിലധികം ചുവന്ന ഞണ്ടുകൾ പടിഞ്ഞാറൻ ഓസ്‌ട്രേലിയയുടെ വടക്ക്-പടിഞ്ഞാറ് ദ്വീപിനു കുറുകെ സഞ്ചരിക്കാൻ തുടങ്ങി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അങ്ങനെ നോക്കുമ്പോൾ ഈ വർഷത്തിലെ ഏറ്റവും വലിയ കുടിയേറ്റമായിരിക്കും ഇത് എന്നും അനുമാനിക്കുന്നു. 

ശനിയാഴ്ചയുണ്ടായ വലിയ മഴയോട് കൂടിയാണ് ഞണ്ടുകളുടെ ഈ കുടിയേറ്റം ആരംഭിച്ചത്. ക്രിസ്മസ് ദ്വീപിലെ പ്രാദേശിക ഇനങ്ങളുടെ മാനേജറായ ഡെറെക് ബാൾ പറയുന്നത് ഇതിനോടകം തന്നെ മില്ല്യൺ കണക്കിന് ഞണ്ടുകൾ തങ്ങളുടെ യാത്ര ആരംഭിച്ചു കഴിഞ്ഞു എന്നാണ്. 'വളരെ കുറച്ച് ദിവസങ്ങളേ ആയുള്ളൂ ഞണ്ടുകൾ ഇങ്ങനെ യാത്ര തുടങ്ങിയിട്ട്. എന്നാൽ, ഇതിനോടകം തന്നെ അനേകം ഞണ്ടുകൾ യാത്രയിലാണ്. ഇതിൽ നിന്നും മനസിലാവുന്നത് ഇതൊരു വലിയ കുടിയേറ്റം ആയിരിക്കും എന്നാണ്' എന്ന് ഡെറെക് പറഞ്ഞു. 

അനേകം ഞണ്ടുകളാണ് വരുന്നത്. അതുകൊണ്ട് തന്നെ വരുന്ന ആഴ്ചകളിൽ അവയ്ക്കുമേൽ ശ്രദ്ധ ആവശ്യമായി വരും എന്നും അദ്ദേഹം പറഞ്ഞു. ഞണ്ടുകളുടെ എണ്ണം ദ്വീപിൽ കൂടിയിട്ടുണ്ട്. ഇവിടെ കാണുന്ന ഒരു തരം ഉറുമ്പ് കുറഞ്ഞതാണ് ഇതിന് പ്രധാന കാരണം. ഈ ഉറുമ്പുകൾ ആസിഡ് സ്പ്രേ ചെയ്ത് ഞണ്ടുകളെ കൊല്ലുകയും പിന്നീട് തിന്നുകയും ചെയ്യാറുണ്ട്. 

സാധാരണയായി ഞണ്ടുകളുടെ ഈ കുടിയേറ്റം തുടങ്ങാറ് ഒക്ടോബറിലെയോ നവംബറിലെയോ ആദ്യത്തെ മഴ പെയ്യുമ്പോഴാണ്. അതോടെ ആൺഞെണ്ടുകൾ ബീച്ചിലേക്ക് പോവുകയും പെൺഞണ്ടുകളെ കണ്ടുമുട്ടുകയും ചെയ്യുന്നു. ഈ തരത്തിൽ വലിയ രീതിയിലുള്ള കുടിയേറ്റം പലപ്പോഴും വാഹന​ഗതാ​ഗതം അടക്കം തടസപ്പെടുത്താറുണ്ട്. റോഡിലും റോഡരികിലും എല്ലാം വലിയ തരത്തിൽ ഞണ്ടുകളെത്തുന്നത് പ്രദേശവാസികളെയും വലക്കാറുണ്ട്. ഞണ്ടുകളുടെ ഈ യാത്ര കാരണം ​ഗതാ​ഗതക്കുരുക്കുണ്ടാകുന്നതും പതിവാണ്. 

പ്രജനനത്തിന് ശേഷം സമുദ്രത്തിലേക്ക് പോകുന്ന ഞണ്ടുകൾ പിന്നീട് കാട്ടിലേക്ക് തന്നെ മടങ്ങും. പെൺ ഞണ്ടുകൾ അവയുടെ മാളങ്ങളിൽ തങ്ങുന്നു, ദേശാടനകാലത്ത് തുടർച്ചയായി അഞ്ചോ ആറോ രാത്രികളിൽ ഒരു ലക്ഷം മുട്ടകളെങ്കിലും ഇവ ഇടുന്നു. ഒരു മാസത്തിന് ശേഷമാണ് കുഞ്ഞുങ്ങളുണ്ടാവുന്നത്.