ചെറിയ യാത്രകളിലാണെങ്കിൽ പോലും യാത്രക്കാർക്ക് എളുപ്പത്തിൽ വായിക്കാൻ സാധിക്കും വിധത്തിലാണ് ഇദ്ദേഹം ഓട്ടോയ്ക്കുള്ളിൽ പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

ചെറിയ പ്രവൃത്തികളിലൂടെയെങ്കിലും നമ്മെ അത്ഭുതപ്പെടുത്തുന്ന നിരവധി മനുഷ്യർ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിൽ ഒരു മനുഷ്യനെ കുറിച്ചുള്ള വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങൾ ഇടം പിടിപ്പിക്കുകയുണ്ടായി. മൈസൂരിൽ നിന്നുള്ള ഒരു ഓട്ടോറിക്ഷ ഡ്രൈവറാണ് ഈ മനുഷ്യൻ. തന്റെ ഓട്ടോറിക്ഷയെ ഒരു മിനി ലൈബ്രറി ആക്കി മാറ്റിയാണ് ഇദ്ദേഹം യാത്രക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്.

ചെറിയ യാത്രകളിലാണെങ്കിൽ പോലും യാത്രക്കാർക്ക് എളുപ്പത്തിൽ വായിക്കാൻ സാധിക്കും വിധത്തിലാണ് ഇദ്ദേഹം ഓട്ടോയ്ക്കുള്ളിൽ പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ മഹദ് വ്യക്തികളുടെ ഉദ്ധരണികളും മറ്റും വേഗത്തിൽ കണ്ടെത്തി വായിക്കാൻ കഴിയും വിധം ബുക്ക് മാർക്കുകൾ നൽകി അടയാളപ്പെടുത്തിയും വെച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ഇദ്ദേഹത്തിന്റെ ഓട്ടോയിൽ സഞ്ചരിച്ച ഒരു യുവതിയാണ് ഈ ഓട്ടോറിക്ഷാ മിനിലൈബ്രറിയുടെ വിശേഷങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

View post on Instagram

ആർട്ടിസ്റ്റായി അറിയപ്പെടുന്ന ലിസിയ എന്ന യുവതിയാണ് ഈ ഓട്ടോറിക്ഷയുടെയും ഡ്രൈവറിന്റെയും വേറിട്ട വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. മൂന്നു ദശലക്ഷത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടുകഴിഞ്ഞു. വീഡിയോയിൽ ഓട്ടോയ്ക്കുള്ളിൽ വൃത്തിയായി ക്രമീകരിച്ചിരിക്കുന്ന നിരവധി പുസ്തകങ്ങളും ഇത്തരം ഒരു ആശയത്തെക്കുറിച്ച് വ്യക്തമാക്കുന്ന ഓട്ടോറിക്ഷ ഡ്രൈവറെയും കാണാം.

ഊബർ യാത്രയ്ക്കിടയിൽ കണ്ട കാഴ്ച എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് ഡാനിയേൽ മറഡോണ എന്നാണ് ഈ ഓട്ടോറിക്ഷാ ഡ്രൈവറുടെ പേര്. പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഓട്ടോറിക്ഷ ഡ്രൈവറുടെ ഈ വേറിട്ട ആശയത്തെ നിരവധിയാളുകളാണ് അഭിനന്ദിച്ചിരിക്കുന്നത്.

എന്തായാലും, ആളുകളെല്ലാം ഏത് നേരവും ഫോണിൽ തന്നെ നോക്കിക്കൊണ്ടിരിക്കുന്ന ഇങ്ങനെയൊരു കാലത്ത് ഈ ഓട്ടോ ഡ്രൈവർ ചെയ്ത കാര്യം കൊള്ളാമല്ലേ?