കാനഡ, യു എസ് തുടങ്ങി ലോകത്താകമാനമുള്ള ഖനികള്‍ കൊവിഡ് ഹോട്ട്സ്പോട്ടുകളാവുന്നു... പക്ഷേ, തൊഴിലാളികള്‍ക്കിടയില്‍ രോഗം പടരുമ്പോഴും പ്രവര്‍ത്തനം നിര്‍ത്താന്‍ പല ഖനികളും തയ്യാറാവുന്നുമില്ല. 18 രാജ്യങ്ങളിലായി ഏകദേശം നാലായിരത്തോളം ഖനിത്തൊഴിലാളികള്‍ക്ക് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചു കഴിഞ്ഞു. നോണ്‍ പ്രോഫിറ്റ് ഗ്രൂപ്പുകളുടെ അന്താരാഷ്ട്ര സഖ്യമാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ രാജ്യങ്ങളിലെ തദ്ദേശവാസികള്‍ക്കിടയിലും ഒറ്റപ്പെട്ടു കിടക്കുന്ന സ്ഥലങ്ങളിലുമടക്കമുള്ളവര്‍ക്കിടയില്‍ രോഗമുണ്ടാകുന്നതിന് ഇത് കാരണമായിട്ടുണ്ട്. 

മറ്റൊരു പ്രസ്‍താവനയില്‍ ലോകത്താകെയുള്ള 330 ഓര്‍ഗനൈസേഷനുകളുടെ സഖ്യം വ്യക്തമാക്കുന്നത്, ഖനനം 'ഏറ്റവും മലിനീകരണവും മാരകവും വിനാശകരവുമായ വ്യവസായങ്ങളിലൊന്നാണ്' എന്നാണ്. കൂടാതെ മഹാമാരിയുടെ പശ്ചാത്തലത്തിലുള്ള ലോക്ക് ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങളെ ലംഘിച്ചുകൊണ്ടാണ് പല ഖനികളിലും ജോലി നടക്കുന്നത്. ഇതൊരു അവശ്യസേവനമാണെന്ന വാദത്തിലാണ് ജോലി തുടരാനുള്ള അനുവാദം ഖനിയുടമകള്‍ നേടിയെടുക്കുന്നത്. എന്നാല്‍, ഖനനം ഒരു അവശ്യസേവനമാണ് എന്ന വാദത്തെ പൂര്‍ണമായും നിരാകരിക്കുന്നതായും ഈ സംഘടനകള്‍ വ്യക്തമാക്കുന്നു. 

'ഈ മഹാമാരി ആളെക്കൊല്ലുന്ന സമയത്തും കാനഡയിലും യു എസ്സിലും സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തി ഖനനം ഒരു അവശ്യസേവനമാണ് എന്ന് വരുത്തിത്തീര്‍ത്തശേഷം പ്രവര്‍ത്തിക്കുകയാണ് പല ഖനികളു'മെന്ന് നോണ്‍ പ്രോഫിറ്റ് ഗ്രൂപ്പായ മൈനിംഗ് വാച്ച് കാനഡയിലെ കിര്‍സ്റ്റന്‍ ഫ്രാന്‍സസ്കോണ്‍ പറയുന്നു. ഖനികളിലെ തൊഴിലാളികളും ഖനിക്കടുത്ത് താമസിക്കുന്ന തദ്ദേശവാസികളും ഗ്രാമവാസികളുമെല്ലാം വളരെ ഗുരുതരമായ ഭീഷണിയിലൂടെ കടന്നുപോവുന്നു എന്നും അവരുടെ ജീവന്‍ തന്നെ അപകടത്തിലാണ് എന്നും കിര്‍സ്റ്റന്‍ പറയുന്നു. 

 

വടക്കൻ ആൽബെർട്ടയിലെ എക്സോണിന്‍റെ ഇംപീരിയൽ ഓയിൽ കിയർ ലേക് ഓയിൽ സാൻഡ്‍സ് മൈൻ പ്രോജക്റ്റ് ക്യാമ്പില്‍ (Exxon’s Imperial Oil Kearl Lake oil sands mine project) ആയിരത്തോളം പേരാണ് താമസിക്കുന്നത്. ഏപ്രില്‍ പകുതിയോടെ ഇതില്‍ നാല്‍പത്തിയഞ്ചോളം തൊഴിലാളികള്‍ രോഗം ബാധിച്ചിട്ടുണ്ടെന്നറിയാതെ കാനഡയിലെ വിവിധ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുകയും രോഗവ്യാപനത്തിന് കാരണക്കാരായിത്തീരുകയും ചെയ്‍തിട്ടുണ്ട്. Saskatchewan Dene എന്ന ഗ്രാമത്തില്‍ ഒരു തൊഴിലാളിയിലൂടെ രോഗമെത്തുകയും രണ്ട് മുതിര്‍ന്നവരടക്കം മരിക്കാന്‍ കാരണമായിത്തീരുകയും ചെയ്‍തിരുന്നു. പിന്നീട് ഈ ക്യാമ്പില്‍ രോഗബാധിതരുടെ എണ്ണം 107 ലേക്ക് കൂടിയിട്ടും ഖനി തുടര്‍ന്നും പ്രവര്‍ത്തിക്കുകയായിരുന്നു. 

കൊറോണ വൈറസ് തൊഴിലാളികള്‍ക്കിടയില്‍ വ്യാപിച്ചിട്ടും തൊഴിലാളികള്‍ ഒരുമിച്ച് കഴിയുന്ന സാഹചര്യമുണ്ടായിട്ടും സര്‍ക്കാര്‍ ഖനി തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുവാദം നല്‍കുകയായിരുന്നുവെന്ന് കിര്‍സ്റ്റന്‍ പറയുന്നു. രാജ്യത്തെ സമ്പദ്‍വ്യവസ്ഥയെ ബാധിക്കും എന്നതാണ് സര്‍ക്കാര്‍ ഇതിന് ന്യായമായി പറഞ്ഞത്. 

റിപ്പോര്‍ട്ടനുസരിച്ച് ഒന്‍റാറിയോയിലെ മറ്റൊരു ഖനിയില്‍  ഇരുപത്തിയഞ്ചോളം തൊഴിലാളികള്‍ക്ക് രോഗം ബാധിക്കുകയും ഒരാള്‍ മരിക്കുന്നത് വരെയും കാര്യങ്ങളെത്തിയിരുന്നു. ഈ ഖനി പ്രവര്‍ത്തിക്കുന്നതിനടുത്തായി വെറും 300 പേര്‍ മാത്രമടങ്ങുന്ന തദ്ദേശവാസികളുടെ സമൂഹം ജീവിക്കുന്നുണ്ട്. ഖനിത്തൊഴിലാളികളിലൂടെ ഈ സമൂഹത്തിലെ എട്ട് പേര്‍ക്കെങ്കിലും രോഗം ബാധിച്ചിട്ടുണ്ട്. ഇത് ഗുരുതരമായ ഭീഷണിയിലേക്കാണ് കാര്യങ്ങളെ എത്തിച്ചിരിക്കുന്നത്. 

 

ലോകത്താകെയായി 69 ഖനികളില്‍ രോഗവ്യാപനമുണ്ടായിട്ടുണ്ട് എന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതില്‍ മൂന്നിലൊന്നുഭാഗം കമ്പനികളുടെയും ആസ്ഥാനം കാനഡയാണ്. എന്നാല്‍, സത്യം ഇതൊന്നുമല്ലെന്നും തങ്ങളുടെ അംഗങ്ങളായ ഖനികളെല്ലാം 'കൊവിഡ് ഫ്രീ'യായി പ്രവര്‍ത്തിക്കുകയാണ് എന്നും ആരോഗ്യ മേഖലയിലേക്കടക്കമുള്ള സാധനങ്ങള്‍ നിര്‍മ്മിക്കുന്നതിനായിട്ടാണ് പല ഖനികളും പ്രവര്‍ത്തിക്കുന്നതെന്നുമാണ് മൈനിംഗ് അസോസിയേഷന്‍ ഓഫ് കാനഡയുടെ പ്രസിഡന്‍റും എക്സിക്യുട്ടീവ് ഓഫീസറുമായ പിയര്‍ ഗ്രാട്ടണ്‍ പറയുന്നത്. മൈനിംഗ് അസോസിയേഷന്‍ ഓഫ് കാനഡയില്‍ അംഗത്വമില്ലാത്ത ഖനികളും രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട് എന്നതും വാസ്‍തവമാണ്. 

യു എസ്സിലും ഖനനത്തെ അവശ്യ സേവനങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതില്‍ ഏപ്രില്‍ പകുതിയോടെ കൊറോണ വ്യാപിച്ചതിനെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചിടേണ്ടി വന്ന ഖനികളുമുണ്ട്. ഇങ്ങനെ ലോകത്തിലെ പല പ്രധാന രാജ്യങ്ങളിലെല്ലാം ഖനികള്‍ തുറന്നു പ്രവര്‍ത്തിക്കുകയും തൊഴിലാളികളിലേക്ക് രോഗം വ്യാപിക്കുകയും ചെയ്യുന്നുണ്ട്. ഇത് തൊഴിലാളികള്‍ക്കും ഖനിക്ക് സമീപത്തായി താമസിക്കുന്ന ഗ്രാമവാസികളിലും തദ്ദേശവാസികളിലും രോഗം വ്യാപിച്ചേക്കാമെന്ന ഭീഷണിയുയര്‍ത്തുന്നുണ്ട്. സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനുകള്‍ ആവശ്യപ്പെടുന്നത്.