ഇവരെ അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്ത വ്യാജമാണെന്ന് ഇതുവരെ പറഞ്ഞ താലിബാന്‍ ഇപ്പോള്‍ വ്യക്തമായ ഉത്തരം നല്‍കാതെ ഉരുണ്ടുകളിക്കുകയാണ്. ഇവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ആണയിട്ട താലിബാന്‍ വക്താവ് സുഹായ് ഷഹീന്‍ ഇപ്പോള്‍ പറയുന്നത് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍, അവര്‍ക്ക് കോടതിയില്‍ പോവാം എന്നാണ്. 

അഫ്ഗാനിസ്താനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി തെരുവില്‍ പ്രക്ഷോഭം നടത്തിയതിനു പിന്നാലെ താലിബാന്‍ അര്‍ദ്ധരാത്രിയില്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സ്ത്രീ ആക്ടിവിസ്റ്റുകള്‍ക്ക് മോചനം. യു എന്‍ അടക്കം പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് ഇവരെ മോചിപ്പിച്ചത്. ഇവരെ അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്ത വ്യാജമാണെന്ന് ഇതുവരെ പറഞ്ഞ താലിബാന്‍ ഇപ്പോള്‍ വ്യക്തമായ ഉത്തരം നല്‍കാതെ ഉരുണ്ടുകളിക്കുകയാണ്. ഇവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ആണയിട്ട താലിബാന്‍ വക്താവ് സുഹായ് ഷഹീന്‍ ഇപ്പോള്‍ പറയുന്നത് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍, അവര്‍ക്ക് കോടതിയില്‍ പോവാം എന്നാണ്. 

സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളുമായി ബന്ധപ്പെട്ട നാലു സ്ത്രീകളാണ് ഇന്ന് പുറത്തുവന്നതെന്ന് യു എന്‍ മിഷന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. മുര്‍സല്‍ അയാര്‍, പര്‍വാന ഇബ്രാഹിം, തമന്ന പയാനി, സഹ്‌റ മുഹമ്മദലി എന്നിവരാണ് മോചിതരായത്. ഇക്കാര്യം യു എന്‍ അസിസ്റ്റന്‍സ് മിഷന്‍ ഇന്‍ അഫ്ഗാനിസ്ഥാന്‍ സ്ഥിരീകരിച്ചു. ഇവരെ അറസ്റ്റ് ചെയ്ത കാര്യം ഇതുവരെ താലിബാന്‍ അംഗീകരിച്ചിരുന്നില്ലെങ്കിലും കാണാതായവരുടെ കുടുംബാംഗങ്ങളും അയല്‍വാസികളും ഇക്കാര്യം ഉറപ്പിച്ചു പറഞ്ഞിരുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 

താലിബാന്‍ അര്‍ദ്ധ രാത്രിയില്‍ വീടുകളിലേക്ക് ഇരച്ചുകയറി ഇവരെ തട്ടിയെടുക്കുകയായിരുന്നു എന്നായിരുന്നു ആരോപണം. എന്നാല്‍, ഇക്കാര്യം താലിബാന്‍ ആദ്യം മുതലേ നിഷേധിക്കുകയായിരുന്നു. പകപോക്കലിനായി സ്ത്രീ ആക്ടിവിസ്റ്റുകളെ തട്ടിക്കൊണ്ടുപോവുന്നത് അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭ താലിബാനോട് ആവശ്യപ്പെട്ടിരുന്നു.

ഒരാഴ്ചയ്ക്കുള്ളില്‍ ആറു പ്രമുഖ സ്ത്രീ ആക്ടിവിസ്റ്റുകളാണ് അപ്രത്യക്ഷരായത്. ഇവല്ലൊം സ്ത്രീകള്‍ക്ക് തൊഴില്‍ ചെയ്യാനുള്ള അവകാശം അനുവദിക്കണമന്ന് ആവശ്യപ്പെട്ട് കാബൂളില്‍ പ്രക്ഷോഭം നടത്തിയ കൂട്ടായ്മയിലെ മുന്‍നിര നേതാക്കളായിരുന്നു. അതു കഴിഞ്ഞ് ദിവസങ്ങള്‍ക്കകമാണ് ഇവരെ കാണാതായത്. ഇതില്‍ രണ്ടു പേര്‍ മൂന്നു ദിവസങ്ങള്‍ക്കു ശേഷം വീട്ടിലെത്തി. ബാക്കി നാലുപേരാണ് ഇപ്പോള്‍ മോചിതരായത്. ഇവരുടെ ആരോഗ്യം, മാനസികാവസ്ഥ എന്നിവയെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ലെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. 

11 ദിവസം മുമ്പാണ് അവസാനത്തെ വനിതാ ആക്ടിവിസ്റ്റിനെ കാണാതായത്. മുര്‍സല്‍ അയാര്‍ എന്ന യുവതിയെയാണ് ഒടുവില്‍ കാണാതായത്. ഇവരെ വീട്ടില്‍നിന്നും ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. കാബൂളിലെ വീട്ടില്‍ അര്‍ദ്ധരാത്രി എത്തിയ താലിബാന്‍കാര്‍ ഇവരെ ബലംപ്രയോഗിച്ച് വീട്ടില്‍നിന്നും ഇറക്കിക്കൊണ്ടു പോവുകയായിരുന്നു എന്ന് കുടുംബവുമായി അടുപ്പമുള്ള വൃത്തങ്ങള്‍ പറഞ്ഞിരുന്നു. 

എന്നാല്‍, ഇവരെ അറസ്റ്റ് ചെയ്തു തടവിലിട്ടിരിക്കുകയാണ് എന്ന ആരോപണം താലിബാന്‍ നിഷേധിക്കുകയായിരുന്നു. തങ്ങള്‍ അങ്ങനെ ചെയ്തിട്ടില്ലെന്നും ഇക്കാര്യം അന്വേഷിച്ചു വരികയാണെന്നുമാണ് താലിബാന്‍ വൃത്തങ്ങള്‍ പറഞ്ഞത്. പക്ഷേ, ഇത് ശരിയല്ല എന്നാണ് സ്ത്രീ സംഘടനകള്‍ അന്നുമുതലേ പറഞ്ഞത്. താലിബാന്‍ പകപോക്കല്‍ തുടരുകയാണെന്നും താല്‍പ്പര്യമില്ലാത്തവരെ വീട്ടില്‍ കയറിയുള്ള അറസ്റ്റ് താലിബാന്റെ പതിവു രീതിയാണെന്നുമാണ് സ്ത്രീ സംഘടനകള്‍ വ്യക്തമാക്കിയത്. 

ജനുവരി അവസാനം കാബൂളില്‍ സ്ത്രീകളുടെ മുന്‍കൈയില്‍ വലിയ പ്രകടനം നടന്നിരുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശം പുന:സ്ഥാപിക്കുക, തൊഴില്‍ ചെയ്ത് ജീവിക്കാന്‍ സ്ത്രീകള്‍ക്കും അവസരം നല്‍കുക, രാഷ്ട്രീയ അവകാശം ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സ്ത്രീ സംഘടനകളുടെ മുന്‍കൈയില്‍ പ്രകടനം നടന്നത്. ഇതില്‍ നേതൃപരമായ പങ്കുവഹിച്ചവരെയാണ് കാണാതായത്. ു. 

തങ്ങളുടെ വീടുകളിലേക്ക് താലിബാന്‍കാര്‍ അതിക്രമിച്ചു കടക്കുന്നതായി, കാണാതാവുന്നതിന് തൊട്ടു മുമ്പ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ തമന്ന പയാനി പറയുന്നുണ്ടായിരുന്നു. ''സഹായിക്കൂ, താലിബാന്‍ ഇതാ ഞങ്ങളുടെ വീടുകളിലേക്ക് എത്തിയിരിക്കുന്നു'-എന്നാണ് വീഡിയോയില്‍ തമന്ന ലോകത്തോട് അഭ്യര്‍ത്ഥിച്ചത്. 

Scroll to load tweet…

അതിനു തൊട്ടുപിന്നാലെ, യു എന്നിലെ താലിബാന്‍ അംബാസഡറാവുമെന്ന് കരുതുന്ന സുഹായ് ഷഹീന്‍ എന്ന താലിബാന്‍ നേതാവ് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍, തമന്നക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. വിദേശരാജ്യങ്ങളില്‍ അഭയം കിട്ടുന്നതിനായി വ്യാജ വീഡിയോകള്‍ ഉണ്ടാക്കുകയാണ് തമന്ന എന്നായിരുന്നു ഇയാളുടെ വിമര്‍ശനം. അതു കഴിഞ്ഞ ദിവസങ്ങള്‍ക്കകമാണ് ഇവരെ കാണാതായത്. 

സ്ത്രീ സംഘടനാ നേതാക്കളെ വീടുകളില്‍നിന്നും തുടര്‍ച്ചയായി തട്ടിക്കൊണ്ടുപോവുന്ന സംഭവം ഞെട്ടിക്കുന്നതാണെന്ന് യു എന്‍ മനുഷ്യാവകാശ സംഘടന വ്യക്തമാക്കിയിരുന്നു. പകപോക്കല്‍ അറസ്റ്റുകള്‍ പാടില്ലെന്ന് പ്രവര്‍ത്തകര്‍ക്ക് അടിയന്തിര നിര്‍ദേശം നല്‍കണമെന്ന് യു എന്‍ മനുഷ്യാവകാശ സംഘടന താലിബാനോട് ആവശ്യപ്പെട്ടിരുന്നു.