കോങ്കണ്ണുള്ള മോഡൽ കണ്ണുകൾ ഉപയോഗിച്ച് സമ്പാദിച്ചത് മൂന്നുകോടി; ശസ്ത്രക്രിയയിലൂടെ കണ്ണുകൾ നേരെയാക്കാൻ ശ്രമം
സോഷ്യൽ മീഡിയയിൽ കിട്ടിയ സ്വീകാര്യതയാണ് മോഡലിംഗ് രംഗത്തേക്ക് കൂടി കടക്കാൻ എല്ലി ഡേവിസിനെ പ്രേരിപ്പിച്ചത്.

സാമൂഹിക മാധ്യമങ്ങളിലൂടെ പ്രശസ്തയായ കോങ്കണ്ണുള്ള യുകെ മോഡൽ ശസ്ത്രക്രിയയിലൂടെ തന്റെ കണ്ണുകൾ നേരെയാക്കാൻ ഒരുങ്ങുന്നു. തൻറെ കണ്ണുകൾ ഉപയോഗിച്ച് തനിക്ക് 3 കോടിയോളം രൂപ സമ്പാദിക്കാനായി എന്നാണ് വെയിൽസിൽ നിന്നുള്ള എല്ലി ഡേവീസ് എന്ന മോഡൽ വെളിപ്പെടുത്തുന്നത്.
എന്നാൽ ഇപ്പോൾ താൻ ശസ്ത്രക്രിയയിലൂടെ തന്റെ കണ്ണുകൾ നേരെയാക്കാനുള്ള ശ്രമത്തിലാണെന്നും അവർ പറയുന്നു. എല്ലി ഡേവീസ് ഇടത് കണ്ണിൽ സ്ട്രാബിസ്മസ് ബാധിച്ചാണ് ജനിച്ചത് - രണ്ട് കണ്ണുകളും ഒരേ ദിശയിൽ വരാത്ത ഒരു രോഗാവസ്ഥയാണ് ഇത്. സാധാരണയായി ക്രോസ്ഡ് ഐ അല്ലെങ്കിൽ കോങ്കണ്ണ് എന്നാണ് ഈ രോഗം അറിയപ്പെടുന്നത്.
ഈ 19 -കാരിക്ക് സോഷ്യൽ മീഡിയയിൽ ഫോളോവേഴ്സ് നിരവധിയാണ്. ആകർഷകമായ മേക്കപ്പ് ട്യൂട്ടോറിയലുകൾ പങ്കുവെച്ചുകൊണ്ടാണ് ഇവർ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചത്. എന്നാൽ ഇപ്പോൾ സാധാരണ രീതിയിലേക്ക് തൻറെ കണ്ണുകളെ ആക്കുന്നതിനായുള്ള ശസ്ത്രക്രിയയ്ക്കായി ഒരുങ്ങുകയാണ് എല്ലി ഡേവീസ്.
വർഷങ്ങളായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമായ ഈ 19 -കാരിക്ക് 300,000 -ലധികം ഫോളോവേഴ്‌സ് ഉണ്ട്. സോഷ്യൽ മീഡിയയിൽ കിട്ടിയ സ്വീകാര്യതയാണ് മോഡലിംഗ് രംഗത്തേക്ക് കൂടി കടക്കാൻ എല്ലി ഡേവിസിനെ പ്രേരിപ്പിച്ചത്. സോഷ്യൽ മീഡിയയിലൂടെ മൂന്നു കോടിയിലധികം രൂപ തനിക്ക് സമ്പാദിക്കാൻ കഴിഞ്ഞു എന്നാണ് എല്ലി അവകാശപ്പെടുന്നത്. തൻറെ കണ്ണുകളോട് തനിക്ക് ഏറെ പ്രിയമായിരുന്നുവെന്നും എന്നാൽ ഇപ്പോൾ മോഡലിംഗ് രംഗത്ത് കൂടുതൽ സജീവം ആകുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ ഒരു തീരുമാനമെടുത്ത് എന്നുമാണ് ഇവർ പറയുന്നത്.
ശസ്ത്രക്രിയക്ക് എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായി എന്നും 99.9 ശതമാനം വിജയ പ്രതീക്ഷയും ഡോക്ടർമാർ തനിക്ക് നൽകിയതായും എല്ലി പറയുന്നു. ശസ്ത്രക്രിയയ്ക്ക് സൗന്ദര്യവർദ്ധക ഗുണങ്ങളുണ്ടെങ്കിലും, ശസ്ത്രക്രിയ നടത്തുന്നതിന് പിന്നിലെ മറ്റൊരു പ്രധാന കാരണം താൻ പൂർണ്ണമായും അന്ധയായി പോകുമോ എന്ന ഭയമാണ്. തന്റെ കണ്ണുകളുടെ കാഴ്ച ശക്തി ഇപ്പോൾ കുറഞ്ഞു വരികയാണ് മുമ്പ് സോഷ്യൽ മീഡിയയിലൂടെ ഇവർ പങ്കുവെച്ചിരുന്നു.