Asianet News MalayalamAsianet News Malayalam

രണ്ടു സംഘങ്ങളായി തിരിഞ്ഞ് റോഡിൽ കുരങ്ങുകളുടെ ​കൂട്ടത്തല്ല്, ഞെട്ടിവിറച്ച് ജനങ്ങൾ

കഴിഞ്ഞ ദിവസമാണ് തിരക്കേറിയ ജംഗ്ഷനിൽ രണ്ട് സംഘങ്ങൾ തമ്മിൽ അടിയുണ്ടായത്. നാല് മിനിറ്റിലധികം നേരം റോഡ് സ്തംഭിച്ചു. വാഹനമോടിക്കുന്നവർ ഭയന്ന് ശബ്ദമുണ്ടാക്കാതെ വണ്ടികളിൽ തന്നെ ഇരുന്നു. 

monkey group fight  in Thailand
Author
Thailand, First Published Jul 28, 2021, 2:16 PM IST
  • Facebook
  • Twitter
  • Whatsapp

ലോകം മുഴുവൻ മഹാമാരിയുടെ കുരുക്കിൽപ്പെട്ട് ശ്വാസം മുട്ടുമ്പോൾ, തായ്‌ലൻഡിലെ ഒരു നഗരത്തിലെ ജനങ്ങൾ മറ്റൊരു വിപത്തിനെയും കൂടി നേരിടുകയാണ് ഇപ്പോൾ. പെറ്റുപെരുകുന്ന കുരങ്ങുകളാണ് അവരുടെ ഇപ്പോഴത്തെ വലിയ തലവേദന.  കഴിഞ്ഞ ദിവസം നടുറോഡിൽ കിടന്ന് തല്ലുകൂടുന്ന കുരങ്ങുകളുടെ വലിയ ഒരു കൂട്ടത്തെയാണ് ആളുകൾ കണ്ടത്. രണ്ടു സംഘങ്ങളായി തിരിഞ്ഞ് റോഡിൽ ഗുണ്ടായിസം കാണിക്കുന്ന അവയെ കണ്ട് ജനങ്ങൾ പേടിച്ചുവിറച്ചു. മധ്യ തായ്‌ലൻഡിലെ ലോപ്ബുരി എന്ന നഗരത്തിലാണ് കുരങ്ങുകളുടെ ഈ ഗാങ് വാർ നടന്നത്.
 
ആയിരക്കണക്കിന് കുരങ്ങുകളാണ് രണ്ട് സംഘങ്ങളായി തിരിഞ്ഞ് പരസ്പരം പോരടിച്ചത്. മുൻപ് അവിടെ എത്തുന്ന വിനോദസഞ്ചാരികൾ നൽകുന്ന ഭക്ഷണം കഴിച്ചു ഹാപ്പിയായി കഴിയുകയായിരുന്നു കുരങ്ങുകൾ. എന്നാൽ മഹാമാരിയുടെ മൂന്നാം തരംഗം എത്തിയത്തോടെ സീൻ മൊത്തം മാറി. രാജ്യം ലോക്ക് ഡൗണിലായി. ആളുകൾ പുറത്തിറങ്ങാതായി. വിനോദസഞ്ചാരികൾ വരാതായി. അങ്ങനെ  കുരങ്ങുകൾക്ക് പഴയപോലെ ആഹാരം കിട്ടാതായി. നഗരത്തിലുള്ള ഒരു പുരാതന ബുദ്ധക്ഷേത്രത്തിൽ സ്വസ്ഥമായി കഴിഞ്ഞിരുന്ന അവ ഭക്ഷണം തേടി ജനമധ്യത്തിൽ ഇറങ്ങാൻ തുടങ്ങി. ചിലപ്പോൾ റോഡിൽ ഇറങ്ങിയ അവയ്ക്ക് വണ്ടികളൊന്നും ഒരു പ്രശ്നമേയല്ല. വേണമെങ്കിൽ നിങ്ങൾ സൂക്ഷിച്ചോ എന്ന മട്ടിലാണ് അവ റോഡിൽ ചിതറി നടക്കുന്നത്.  

കഴിഞ്ഞ ദിവസമാണ് തിരക്കേറിയ ജംഗ്ഷനിൽ രണ്ട് സംഘങ്ങൾ തമ്മിൽ അടിയുണ്ടായത്. നാല് മിനിറ്റിലധികം നേരം റോഡ് സ്തംഭിച്ചു. വാഹനമോടിക്കുന്നവർ ഭയന്ന് ശബ്ദമുണ്ടാക്കാതെ വണ്ടികളിൽ തന്നെ ഇരുന്നു. ആദ്യം ഇരുസംഘങ്ങളും അകലം പാലിച്ചാണ് നിന്നിരുന്നത്. എന്നാൽ കൂട്ടത്തിലെ ധൈര്യശാലികൾ അതിന് നടുവിലേക്ക് ചാടി വീഴുകയും, അത് എതിരാളികളെ പ്രകോപിപ്പിക്കുകയും ചെയ്തു. പിന്നീട് ഇരുസംഘങ്ങളും തമ്മിൽ പൊരിഞ്ഞ അടിയായി.

കാഴ്ചക്കാരനായ ഖുൻ ഇതിഫാറ്റ് പറഞ്ഞു: 'ഈ ബഹളം നടക്കുമ്പോൾ ക്ഷേത്രത്തിനടുത്തുള്ള ഒരു കെട്ടിടത്തിലായിരുന്നു ഞാൻ. അവർ ഗ്രൂപ്പുകളായിട്ടാണ് നിന്നിരുന്നത്. അവർ തമ്മിൽ തർക്കമുണ്ടെന്ന് എനിക്ക് മനസ്സിലായി. പിന്നെ എല്ലാവരും റോഡിലേക്ക് ഓടി ഗുസ്തി തുടങ്ങി.' കുരങ്ങുകളിൽ ഒരു കൂട്ടർ പുരാതന ക്ഷേത്രത്തിന്റെ മൈതാനത്ത് തങ്ങുന്നവരും, മറ്റൊന്ന് ഉപേക്ഷിക്കപ്പെട്ട ഒരു തിയേറ്ററിൽ പാർക്കുന്നവരുമാണ് എന്നദ്ദേഹം പറഞ്ഞു.  

കഴിഞ്ഞ മാർച്ചിലും സമാനമായ ഒരു ബഹളം പൊട്ടിപ്പുറപ്പെടുകയുണ്ടായി. റെയിൽ‌വേ ട്രാക്കിന്റെ എതിർവശങ്ങളിൽ നിന്നുള്ള രണ്ട് സംഘങ്ങൾ പരസ്പരം ഭക്ഷണത്തിനായി അടിപിടികൂടിയാതായിരുന്നു അന്ന്. നാട്ടുകാരിൽ കുറച്ച് പേർ കുരങ്ങുകൾക്ക് ഭക്ഷണം നൽകുന്നുണ്ടെങ്കിലും, യാത്രാ നിരോധനവും കൂടുതൽ ആളുകൾ വീടുകളിൽ തന്നെ തങ്ങുന്നതും, കുരങ്ങുകളെ പട്ടിണിയിലാക്കുന്നു. ഇത് അവരെ കൂടുതൽ ആക്രമണകാരികളാക്കുന്നു. ഭക്ഷണത്തിനായി മനുഷ്യരോട് പോരടിക്കാൻ പോലും അവ മുതിരുന്നു. അവർ കെട്ടിടങ്ങൾ ആക്രമിക്കുകയും നാട്ടുകാരെ വീടുകളിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരാക്കുകയും ചെയ്യുന്നു. കൂട്ട വന്ധ്യംകരണ പരിപാടികൾ വഴി കുരങ്ങുകളുടെ എണ്ണം നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ ഇപ്പോൾ.  

Follow Us:
Download App:
  • android
  • ios