കോടികളുടെ വിളകള്‍ നശിപ്പിക്കുകയും കണ്ടതെല്ലാം തകര്‍ക്കുകയും ചെയ്ത് നാടുചുറ്റിയ കാട്ടാനക്കൂട്ടത്തെ തിരികെ കാട്ടിലെത്തിക്കാനായി ചൈനയില്‍ വമ്പന്‍ പദ്ധതി.

കോടികളുടെ വിളകള്‍ നശിപ്പിക്കുകയും കണ്ടതെല്ലാം തകര്‍ക്കുകയും ചെയ്ത് നാടുചുറ്റിയ കാട്ടാനക്കൂട്ടത്തെ തിരികെ കാട്ടിലെത്തിക്കാനായി ചൈനയില്‍ വമ്പന്‍ പദ്ധതി. യുനാനിലെ സിഷ്വങ്ബന്ന ദായ് വന്യജീവിസങ്കേതത്തില്‍ നിന്ന് ഒരു സുപ്രഭാതത്തില്‍ നാട്ടിലേക്കിറങ്ങി കഴിഞ്ഞ 17 വര്‍ഷമായി ചുറ്റിക്കറങ്ങി കൊണ്ടിരുന്ന 14 ആനകളുടെ കൂട്ടത്തെ തിരിച്ചെത്തിക്കുന്നതിന് ഒന്നരലക്ഷം പേരെയാണ് താല്‍ക്കാലികമായി ആന വരുന്ന വഴിയില്‍നിന്നും മാറ്റിപ്പാര്‍പ്പിക്കുന്നത്. ഏകദേശം 25,000 ത്തിലധികം പോലീസ് ഉദ്യോഗസ്ഥരാണ് വാഹനങ്ങളും ഡ്രോണുകളും ഉപയോഗിച്ച് കാട്ടാനക്കൂട്ടത്തെ കാട്ടിലെത്തിക്കുന്നതിന് ഇറങ്ങിയിരിക്കുന്നത്. 

ചൈനയുടെ വിവിധ നാടുകളില്‍ ചുറ്റിസഞ്ചരിച്ച ഈ ആനകള്‍ കഴിഞ്ഞ ഒന്നരവര്‍ഷത്തിനകം അഞ്ഞൂറോളം കിലോമീറ്റര്‍ ദൂരമാണ് നടന്ന് തീര്‍ത്തത്. 16 ആനകളാണ് അജ്ഞാതമായ കാരണത്താല്‍ കാടുവിട്ടിറങ്ങി സഞ്ചാരം തുടങ്ങിയത്. ഇവയില്‍ രണ്ടെണ്ണത്തെ നേരത്തെ തിരികെ എത്തിച്ചിരുന്നു. ബാക്കിയുള്ള പതിനാലെണ്ണത്തിനെയാണ് ഇപ്പോള്‍ വന്യജീവിസങ്കേതത്തിലേക്ക് തിരികെ എത്തിക്കുന്നത്.

ഗ്രാമങ്ങളും നഗരങ്ങളും പാടങ്ങളും പുഴകളും ജനവാസ കേന്ദ്രങ്ങളും ഒക്കെ മുറിച്ചു കടന്നും കോടികളുടെ നാശമുണ്ടാക്കിയുമാണ് ഈ ആനക്കൂട്ടം സഞ്ചരിച്ചത്. ചൈനയിലെ ഈ കാട്ടാനക്കൂട്ടം ലോക മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. എന്തിനു വേണ്ടിയാണ് അവ കാടു വിട്ട് നാട്ടിലേക്കിറങ്ങിയത് എന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. പോയപോക്കില്‍ ആനകള്‍ ദശലക്ഷക്കണക്കിന് രൂപയുടെ വിളകള്‍ തിന്നുകയും കെട്ടിടങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. എന്നാലും മനുഷ്യരെയോ, മൃഗങ്ങളെയോ അവ ഉപദ്രവിച്ചില്ല. അവയുടെ സഞ്ചാരപഥം അറിയാന്‍ 18 ഡ്രോണുകളടക്കം വന്‍ സന്നാഹങ്ങളാണ് ചൈന ഒരുക്കിയിരുന്നത്.

രണ്ടു മാസം മുമ്പാണ് മൃഗങ്ങള്‍ പ്രവിശ്യ തലസ്ഥാനമായ കുന്‍മിങ്ങിന്റെ പ്രാന്തപ്രദേശത്ത് എത്തിയത്. ആനക്കൂട്ടത്തിന്റെ യാത്ര അവസാനിപ്പിക്കാനും, തിരികെ സങ്കേതത്തിലേയ്ക്ക് കൊണ്ടുവരാനും അധികൃതര്‍ പല ശ്രമങ്ങളും നടത്തി. ഭക്ഷണ സാധനങ്ങള്‍ നല്‍കി, റോഡില്‍ തടസ്സങ്ങള്‍ സ്ഥാപിച്ചു-എന്നാല്‍, ആനകള്‍ യാത്ര നിര്‍ത്തി വച്ചില്ല.

നൂറുകണക്കിന് ഉദ്യോഗസ്ഥരാണ് തുടര്‍ന്ന് ആനകളുടെ വഴിയില്‍ അണിനിരന്നത്. ആനകള്‍ മനുഷ്യവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുമ്പോള്‍ ആളുകളെ ഉപദ്രവിക്കാതിരിക്കാനും അധികൃതര്‍ ശ്രദ്ധിച്ചു. അതുപോലെ അവയ്ക്ക് വൈദ്യുതാഘാതമേല്‍ക്കാത്തിരിക്കാന്‍ വഴിയില്‍ വൈദ്യുതി വിതരണം വിച്ഛേദിക്കാനും, റോഡുകള്‍ ഒഴിപ്പിക്കാനും, ജനവാസമുള്ള പ്രദേശങ്ങളില്‍ നിന്ന് അവയുടെ വഴി തിരിച്ച് വിടാനും പോലീസ് ശ്രമിച്ചു. 

ഞായറാഴ്ച യുവന്‍ജാങ് നദി മുറിച്ചുകടന്ന കാട്ടാനകള്‍ അവരുടെ സങ്കേതത്തിലേയ്ക്ക് സഞ്ചരിക്കുകയാണ് ഇപ്പോള്‍. വന്യജീവിസങ്കേതത്തില്‍ നിന്ന് ഇരുന്നൂറ് കിലോമീറ്റര്‍ മാത്രം അകലെയാണ് അവ ഇപ്പോള്‍. തിരികെ വരും വഴി യുനാന്‍ പ്രവിശ്യയിലെ ജനവാസകേന്ദ്രത്തിലെത്തിയ ആനക്കൂട്ടത്തിന്റെ പാതയില്‍ നിന്ന് 150,000 ത്തിലധികം ആളുകളെ താല്‍ക്കാലികമായി ഒഴിപ്പിച്ചതായി ചൈനീസ് അധികൃതര്‍ പറഞ്ഞു.