ഈ കൊലപാതകങ്ങളുടെ പത്രവാർത്തകൾ ഇയാൾ തന്റെ ബേസ്‍മെന്റിൽ സൂക്ഷിച്ചിരുന്നു. കൂടാതെ ഡിഎൻഎ തെളിവുകളുടെ കൂടി അടിസ്ഥാനത്തിലാണ് ഇയാൾ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയത്.

തന്റെ ഭർത്താവ് തന്റെ ഹീറോയാണ് എന്ന് ഗിൽഗോ ബീച്ച് സീരിയൽ കില്ലർ റെക്സ് ഹ്യൂർമാന്റെ ഭാര്യ. അയാളെ ജയിലിനുള്ളിൽ വച്ച് കണ്ടപ്പോൾ അയാളോട് വീണ്ടും പ്രണയത്തിലായി എന്നും ഹ്യൂർമാന്റെ ഭാര്യയായ ആസ എല്ലെറപ്പ് പറഞ്ഞു.

വരാനിരിക്കുന്ന ഒരു ഡോക്യുമെന്ററി സീരീസിന് നൽകിയ അഭിമുഖത്തിനിടെയാണ് 61 -കാരിയായ ആസ തന്റെ ഭർത്താവ് നിരപരാധിയാണെന്നും പൊലീസ് തെറ്റായ ആളെയാണ് അറസ്റ്റ് ചെയ്തത് എന്നും ആരോപിച്ചത്.

കഴിഞ്ഞ 30 വർഷത്തിനിടെ ലോങ് ഐലൻഡിൽ ഏഴ് ലൈംഗികത്തൊഴിലാളികളെ ക്രൂരമായി കൊന്നതിനാണ് ഹ്യൂർമാനെ അറസ്റ്റ് ചെയ്തത്. ‘ക്രൂരന്മാരായ ആളുകൾക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കും എന്ന് തനിക്ക് അറിയാം. അത്തരം പുരുഷന്മാരെ താൻ കണ്ടിട്ടുണ്ട്. എന്നാൽ, തന്റെ ഭർത്താവ് അങ്ങനെയുള്ള ആളല്ല. തന്റെ ഭർത്താവ് വീട്ടിലേക്ക് തിരികെ വരണം’ എന്നാണ് ആസ പറഞ്ഞത്.

60 -കാരനും നേരത്തെ മാൻഹട്ടനിൽ ആർക്കിടെക്റ്റായി പ്രവർത്തിക്കുകയും ചെയ്യുകയായിരുന്ന ഇയാൾ 2023 ജൂലൈയിലാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. അന്ന് മൂന്ന് സ്ത്രീകളെ കൊലപ്പെടുത്തിയ കുറ്റമായിരുന്നു ചുമത്തിയത്. പിന്നീടാണ്, 30 വർഷം പഴക്കമുള്ള നാല് മൃതദേഹങ്ങൾ കൂടി കണ്ടെത്തുന്നതും ആ കൊലപാതക കുറ്റം കൂടി ചുമത്തുന്നതും.

ഈ കൊലപാതകങ്ങളുടെ പത്രവാർത്തകൾ ഇയാൾ തന്റെ ബേസ്‍മെന്റിൽ സൂക്ഷിച്ചിരുന്നു. കൂടാതെ ഡിഎൻഎ തെളിവുകളുടെ കൂടി അടിസ്ഥാനത്തിലാണ് ഇയാൾ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയത്. അതേസമയം, ആസ എല്ലെറപ്പിന്റെയും, ദമ്പതികളുടെ മകൾ വിക്ടോറിയയുടെയും മുടി ഇരകളുടെ അവശിഷ്ടങ്ങളിൽ നിന്ന് കണ്ടെത്തി എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇയാളുടെ വീട്ടിൽ നിന്നും നിരവധി ക്രൈം, പോണോ​ഗ്രാഫി മെറ്റീരിയലുകളും പൊലീസ് കണ്ടെത്തിയിരുന്നു. ഇതെല്ലാം നിഷേധിക്കുകയാണ് ആസ. അതേസമയം, ഇയാൾ അറസ്റ്റിലായതിന് തൊട്ടുപിന്നാലെ ആസ വിവാഹമോചനത്തിന് അപേക്ഷിച്ചിരുന്നു. അത് സ്വത്തുക്കൾ സംരക്ഷിക്കാനാണ് എന്നാണ് മകൾ പറയുന്നത്.