നാഗാലാന്‍ഡിലെ ദിമപൂരിലുള്ള മുപ്പത്തിയാറുകാരനായ ജെന്‍പു രൊംഗ്മെയ് പതിനൊന്നാം ക്ലാസില്‍ പഠനം അവസാനിപ്പിച്ചയാളാണ്. ദാരിദ്ര്യത്തിലായിരുന്നു ജീവിതം. ജെന്‍പുവിന് അനിയനായ ഡേവിഡിനെ നഷ്ടപ്പെട്ടത് മയക്കുമരുന്ന് ഉപയോഗത്താലാണ്. എന്നാല്‍, ഇതെല്ലാം അവനെ തളര്‍ത്തുകയായിരുന്നില്ല, മറിച്ച് എത്രയോ കണക്കിന് കുട്ടികള്‍ക്ക് ജീവിതത്തില്‍ ദിശാബോധമുണ്ടാക്കിക്കൊടുക്കാനുള്ള മാര്‍ഗദീപമാവുകയായിരുന്നു ജെന്‍പു.

 

കാന്‍ യൂത്ത് (CAN YOUTH) എന്നു പേരായ ജെന്‍പുവിന്‍റെ നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ പാതിവഴിയില്‍ പഠനമവസാനിപ്പിച്ച കുട്ടികളെ വീണ്ടും പഠിക്കാന്‍ പ്രേരിപ്പിക്കുകയും സഹായിക്കുകയുമാണ്. ഓരോ കുട്ടിക്കും എന്തിലാണോ കഴിവ് അത് പ്രോത്സാഹിപ്പിക്കാനും അതില്‍ പരിശീലനം നല്‍കാനും കാന്‍ യൂത്ത് ശ്രമിക്കുന്നു. തീര്‍ന്നില്ല, പിന്നെയുമുണ്ട് ഒരുപാടൊരുപാട് കാര്യങ്ങള്‍.

ജെന്‍പുവിന്‍റെ ജീവിതം

ജെന്‍പുവിന്‍റെ അച്ഛന്‍ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു. തികഞ്ഞ മദ്യപാനിയായിരുന്ന അയാള്‍ ജെന്‍പുവിന്‍റെ അമ്മയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു. അഞ്ച് കുട്ടികളായിരുന്നു ജെന്‍പുവിന്‍റെ മാതാപിതാക്കള്‍ക്ക്. രണ്ടാമനായിരുന്നു ജെന്‍പു. ഭര്‍ത്താവിന്‍റെ മദ്യപാനത്തിനിടയിലും ദാരിദ്ര്യത്തിലും മക്കളെ വളര്‍ത്തുന്നതിനായി അവന്‍റെ അമ്മ നിയമവിരുദ്ധമായി ചാരായം വില്‍ക്കാറുണ്ടായിരുന്നു. കൂടാതെ റോഡരികില്‍ പച്ചക്കറികള്‍ വില്‍ക്കാനും പോവും. എന്നാലും പണത്തിന് ബുദ്ധിമുട്ട് തന്നെയായിരുന്നു. പലപ്പോഴും ആ സ്ത്രീക്ക് ബന്ധുക്കളോടും സുഹൃത്തുക്കളോടും പണത്തിനായി ഇരക്കേണ്ടി വന്നു. 

പക്ഷേ, എത്ര കഠിനമായി പരിശ്രമിച്ചിട്ടും ജെന്‍പു ഒന്‍പതാം ക്ലാസിലെത്തിയപ്പോള്‍ അമ്മയ്ക്ക് അവന്‍റെ ഫീസടക്കാന്‍ കഴിയാതിരുന്നു. പത്താം ക്ലാസ് അവന്‍ പൂര്‍ത്തിയാക്കിയത് ഒരു ഓപ്പണ്‍ സ്‍കൂളില്‍ നിന്നായിരുന്നു പിന്നീട്. അതിന് പണത്തിന് വേണ്ടി ഓരോ വീട്ടിലും ചെന്ന് പെര്‍ഫ്യൂം വില്‍ക്കുമായിരുന്നു ജെന്‍പു. ആ സമയത്ത് അവന്‍റെ സഹോദരന്‍ ഡേവിഡ് എട്ടാം ക്ലാസ് ആയതേ ഉണ്ടായിരുന്നുള്ളൂ. അതിനുശേഷം പഠിക്കാന്‍ ഡേവിഡിന് സാധിച്ചിരുന്നില്ല. 

കുട്ടികളെല്ലാം ബുദ്ധിമുട്ടിലായിരുന്നു. പക്ഷേ, ഏറ്റവുമധികം ഇവയെല്ലാം ബാധിച്ചത് ഡേവിഡിനെ ആയിരുന്നു. അച്ഛന്‍റെ മദ്യപാനവും നിരുത്തരവാദപരമായ പെരുമാറ്റവും അമ്മയുടെ കഷ്ടപ്പാടും ദാരിദ്ര്യവും എല്ലാം കണ്ടുമടുത്ത ഡേവിഡ് മയക്കുമരുന്ന് ഉപയോഗിച്ച് തുടങ്ങി. വൈകാതെ അതിന് അടിമപ്പെടുകയും ചെയ്‍തു. ആ സമയത്ത് ജെന്‍പു വിവിധ ഓര്‍ഗനൈസേഷനുകളുമായും എന്‍ജിഒ -കളുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു തുടങ്ങി. 2000 രൂപയാണ് അന്നവന് കിട്ടിക്കൊണ്ടിരുന്നത്. 

 

ഡേവിഡിനെ രക്ഷിക്കാന്‍ അവരെക്കൊണ്ടാവുന്നതെല്ലാം ആ കുടുംബം ചെയ്തു. ഒരുദിവസം ഡേവിഡ് ജീവിതത്തിലേക്ക് തിരികെ വരാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്‍തതാണ്. ആ സമയത്ത് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നല്ല റീഹാബിലിറ്റേഷന്‍ സെന്‍ററുകളൊന്നും തന്നെ അവിടെയുണ്ടായിരുന്നില്ല. മറ്റുള്ള ഇടങ്ങളിലെ ചെലവ് ആ കുടുംബത്തിന് താങ്ങാനുമാവുമായിരുന്നില്ല. എന്തിരുന്നാലും. പേടിക്കണ്ട എന്നും എങ്ങനെയായാലും അവനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുമെന്നും ജെന്‍പു അവന് വാക്ക് കൊടുത്തു. 

പക്ഷേ, 2007 -ല്‍ പത്തൊമ്പതാമത്തെ വയസ്സില്‍ ഡേവിഡ് മരണപ്പെട്ടു. ഒരു മരുന്നിന്‍റെ അമിത ഉപയോഗമായിരുന്നു മരണകാരണം. സഹോദരന്‍റെ മരണം ജെന്‍പുവിനെ ആകെ തകര്‍ത്തു കളഞ്ഞു. 

മാറ്റങ്ങളുണ്ടാവുന്നത് ഇങ്ങനെ

മയക്കുമരുന്നിന്‍റെയും മദ്യത്തിന്‍റെയും അമിതമായ ഉപയോഗം മൂലം ഇങ്ങനെ ജീവിതം തകര്‍ന്നുപോയവര്‍ ഡേവിഡ് മാത്രമായിരുന്നില്ല. അങ്ങനെ ജീവിതം ഹോമിക്കുന്നവര്‍ക്കായി എന്തെങ്കിലും ചെയ്യാന്‍ ഡേവിഡ് ആഗ്രഹിച്ചു. എങ്ങനെയാണ് ഒരു എന്‍ജിഒ തുടങ്ങുക എന്നൊന്നും അന്നവന് അറിയില്ല. പക്ഷേ, ഡേവിഡിനെ പോലെയുള്ളവരെ സഹായിക്കുന്നതിനായി 2010 -ല്‍ 'യങ് ക്ലബ്ബ്' എന്നൊരു ക്ലബ്ബ് സുഹൃത്തുക്കളോടും സഹോദരങ്ങളോടും കൂടി ജെന്‍പു തുടങ്ങി. കയ്യില്‍ പണമൊന്നുമില്ല. പക്ഷേ, ആ വേദനയിലും വിഷാദത്തിലും അവര്‍ക്ക് എന്തെങ്കിലുമൊക്കെ ചെയ്തേ തീരുവായിരുന്നുള്ളൂ. 

 

അങ്ങനെ അവരെല്ലാവരും ചേര്‍ന്ന് ചെറിയ ചെറിയ പരിപാടികളൊക്കെ സംഘടിപ്പിച്ചു തുടങ്ങി. സ്പോര്‍ട് ക്യാമ്പ്, രക്തദാനക്യാമ്പ് എന്നിവയെല്ലാം ചെറുപ്പക്കാരെ സജീവമാക്കി നിര്‍ത്തുമെന്ന് തോന്നിയതിനാല്‍ അവയെല്ലാം നടത്തി. പണമില്ലാത്തതിനാല്‍ പഠിക്കാന്‍ പോകാനാവാത്ത ചെറിയ കുട്ടികളെ ഫണ്ട് പിരിച്ച് സഹായിച്ചു. അപ്പോഴും സമൂഹത്തില്‍ മാറ്റം കൊണ്ടുവരണമെന്നല്ലാതെ എങ്ങനെയെന്നതിനെ കുറിച്ച് ജെന്‍പുവിന് വലിയ അറിവൊന്നുമില്ലായിരുന്നു. ഒരു സുഹൃത്താണ് പറയുന്നത് 'ചേഞ്ച്ലൂംസ് ഫെലോഷിപ്പ്' എന്ന ഒരു വര്‍ഷത്തെ ഒരു പരിശീലന പരിപാടി ഉണ്ടെന്നും അവര്‍ സാങ്കേതിക സഹായവും സാമൂഹികമായി എന്തെങ്കിലും തുടങ്ങാനാഗ്രഹിക്കുന്ന യുവാക്കള്‍ക്ക് ഒന്നര മുതല്‍ രണ്ട് ലക്ഷം രൂപ വരെ നല്‍കുമെന്നും. 

അതില്‍ ജെന്‍പുവിനെ തെരഞ്ഞെടുത്തു. അതവന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായി. അങ്ങനെയാണ് എന്‍ജിഒ -യുടെ തുടക്കം. പണമില്ലാത്തതിനാല്‍ പഠിക്കാനാവാതെ പാതിവഴിയില്‍ നിര്‍ത്തിപ്പോരേണ്ടി വരുന്ന ഒട്ടേറെ വിദ്യാര്‍ത്ഥികളുണ്ട് എന്ന് സ്വന്തം അനുഭവത്തില്‍ നിന്നുതന്നെ ജെന്‍പുവിന് അറിയാമായിരുന്നു. അതുപോലെ തന്നെ മയക്കുമരുന്നിന്‍റെയും മദ്യത്തിന്‍റെയും ഉപയോഗമുണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ചും. 

 

ഇന്ന് ജെന്‍പുവും അവന്‍റെ എന്‍ജിഒ -യും ഒരുപാടൊരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. പണമില്ലാത്തതിനാല്‍ പഠിക്കാനാവാത്ത കുഞ്ഞുങ്ങള്‍ക്ക് പഠിക്കാനാവശ്യമായ സഹായം ചെയ്യുന്നു. പാതിവഴിയില്‍ പഠനം നിര്‍ത്തിയവരെ വീണ്ടും പഠിക്കാനായി ചേരാന്‍ സഹായിക്കുന്നു. ഒപ്പം മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെട്ടവരെ ജീവിതത്തിലേക്ക് തിരികെ വരാന്‍ സഹായിക്കുന്നു. ഭക്ഷണ സാധനങ്ങളില്ലാത്തവരിലേക്ക് അതെത്തിക്കുന്നു. അതുപോലെ വിദ്യാഭ്യാസമില്ലാത്തവര്‍ക്കായി ഹെയര്‍ കട്ടിംഗ്, ഹാന്‍ഡിക്രാഫ്റ്റ് മേക്കിംഗ്, കാര്‍പെന്‍ററി തുടങ്ങിയവയിലെല്ലാം പരിശീലനം നല്‍കുന്നു. 

ജെന്‍പുവിന്‍റെ കയ്യില്‍ എപ്പോഴും സഹോദരന്‍ ഡേവിഡിന്‍റെ ചിത്രമുണ്ട്. സഹോദരനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനാവാത്തതിന്‍റെ വേദനയുണ്ടെങ്കിലും ഇന്ന് നിരവധിപ്പേര്‍ക്ക് ജീവിതത്തില്‍ ലക്ഷ്യമുണ്ടാക്കിക്കൊടുക്കുകയാണിന്ന് ജെന്‍പു.