ലണ്ടനിൽ നിന്ന് പുറത്തിറങ്ങുന്ന 'ദി എക്കോണമിസ്റ്റ്' മാസികയുടെ ഏറ്റവും പുതിയ ലക്കത്തിന്റെ മുഖപ്രസംഗം ഇന്ത്യയിൽ ഒട്ടേറെ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. പുറത്തിറങ്ങിയ നിമിഷം മുതൽ സകല മാധ്യമങ്ങളിലും ചർച്ചയാണ് ആ ലേഖനം. മാസികയുടെ കവർ ചിത്രം മുള്ളുവേലിക്ക് മുകളിൽ പൂത്തുനിൽക്കുന്ന ഒരു താമരയാണ്. സാധാരണ താമരയല്ല, അത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ അതേ താമരയാണ്. ഒപ്പം വളരെ സ്ഫോടനാത്മകമായ ഒരു തലക്കെട്ടും, 'Intolerant India'  അഥവാ 'അസഹിഷ്ണുത നിറഞ്ഞ ഭാരതം'. ബിജെപിയുടെ ഏറ്റവും പുതിയ നയപ്രഖ്യാപനങ്ങളായ പൗരത്വ നിയമ ഭേദഗതി(CAA), ദേശീയ പൗരത്വ രജിസ്റ്റർ(NRC) എന്നിവയെ അടപടലം വിമര്ശിക്കുന്നതാണ് ഈ മുഖപ്രസംഗം. 

ദി എക്കോണമിസ്റ്റ് അവരുടെ ട്വിറ്റർ പേജിൽ ജനുവരി 23 -ന്, ഈ ലേഖനത്തിന്റെ ലിങ്ക് ഷെയർ ചെയ്തുകൊണ്ട് കുറിച്ച വാക്കുകൾ ഇപ്രകാരമായിരുന്നു, "ഇന്ത്യൻ പ്രധാനമന്ത്രിയും, അദ്ദേഹത്തിന്റെ പാർട്ടിയും കൂടി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ വ്യവസ്ഥയെ എങ്ങനെയാണ് അപകടത്തിലാക്കുന്നത് എന്നറിയാൻ, വായിക്കുക ഈയാഴ്ചത്തെ ഞങ്ങളുടെ മുഖപ്രസംഗം"

മാസികയ്ക്കുള്ളിൽ മുഖലേഖനത്തിന്റെ തലക്കെട്ട് ഇങ്ങനെയാണ്,'നരേന്ദ്ര മോഡി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിനുള്ളിലെ വിഭാഗീയ ചിന്തകൾ ആളിക്കത്തിക്കുന്നുവോ ?'. നരേന്ദ്ര മോദിയുടെ നയങ്ങൾ ഇന്ത്യയിലെ 20 കോടി മുസ്ലീങ്ങളുടെ ഉള്ളിൽ അരക്ഷിതാവസ്ഥയുടെ വിത്തുകൾ വിതയ്ക്കുന്നു എന്നാക്ഷേപിക്കുന്നതാണ് ഈ ലേഖനം. " നരേന്ദ്ര മോദിയുടെ ഏറ്റവും പുതിയ നീക്കങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ മതേതരത്വത്തിന്റെ അടിവേരറുക്കുന്നതാണ്. അത് ഇനിയും എത്രയോ കാലം നിലനിൽക്കേണ്ട ഇന്ത്യൻ ജനാധിപത്യത്തിന്റെ നാശത്തിന് വഴിവെട്ടും. അതിന്റെപേരിൽ ഇവിടെ ഇന്ത്യയിൽ ചോരപ്പുഴ പോലും ഒഴുകിയേക്കാം." ലേഖനം പറയുന്നു. 

" ഇന്ത്യൻ വോട്ടുബാങ്കിൽ മതത്തിന്റെയും ദേശീയ അസ്തിത്വത്തിന്റെയും പേരിൽ വിഭാഗീയത സൃഷ്ടിക്കുന്നത് ബിജെപിക്കും മോദിക്കും താത്കാലികമായ നേട്ടങ്ങൾ സമ്മാനിച്ചേക്കാം. മുസ്ലിങ്ങളെ തിരഞ്ഞുപിടിച്ച് കൊല്ലുന്ന ആൾക്കൂട്ടങ്ങൾക്ക് ശക്തി പകരുകയും, കാശ്മീരിൽ ഇന്റർനെറ്റ്, ടെലിഫോൺ ബന്ധങ്ങൾ വിഛേദിച്ചും, തോന്നുംപടി അറസ്റ്റു ചെയ്തു പീഡിപ്പിച്ചും, കർഫ്യൂകൾ ഏർപ്പെടുത്തിയും ഒരു ജനതയെ തന്നെ ക്രൂശിച്ചും ഒക്കെയുള്ള മോദി സർക്കാരിന്റെ നയങ്ങളുടെ അടുത്ത പടിയാണ് പൗരത്വത്തിന്റെ പേരിലുള്ള പുതിയ നയഭേദഗതികൾ. " ലേഖനം ആരോപിക്കുന്നു. 

എന്നാൽ ബിജെപി വക്താക്കളും അതേ ഭാഷയിൽ തന്നെ തിരിച്ചടിച്ചുകൊണ്ട് മറുപടിയുമായി രംഗത്തെത്തിയിട്ടുണ്ട്. " ബ്രിട്ടീഷുകാർ 1947 -ൽ ഇന്ത്യ  വിട്ടെന്നാണ് നമ്മൾ കരുതിയിരുന്നത്. എന്നാൽ 'ദി എക്കണോമിസ്റ്റ്'-ന്റെ എഡിറ്റർമാർ ഇപ്പോഴും അവർ കൊളോണിയൽ കാലത്താണ് എന്ന് ധരിച്ചുവശായിട്ടാണ് ഇരിക്കുന്നത്. നരേന്ദ്ര മോദിക്ക് വോട്ടുനൽകരുത്‌ എന്ന അവരുടെ പരസ്യ നിർദേശത്തിനു വിരുദ്ധമായി ഇന്ത്യയിലെ അറുപതുകോടി വോട്ടർമാർ നരേന്ദ്ര മോദിയെ പിന്തുണച്ചതിൽ അവർക്ക് ഇച്ഛാഭംഗമുണ്ട്. അതാണ് ഈ ലേഖനത്തിലൂടെ പ്രകടമാകുന്നത് " എന്ന് ബിജെപി വക്താവായ ഡോ.വിജയ് ചൗതായിവാലെ ട്വീറ്റ് ചെയ്തു. 

 

കഴിഞ്ഞ കുറെ ആഴ്ചകളായി ഇന്ത്യയിൽ അങ്ങോളമിങ്ങോളം പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങൾ പുകഞ്ഞു കത്തിക്കൊണ്ടിരിക്കുകയാണ്. കെടാൻ തുടങ്ങുന്ന ആ തീ നാളത്തിലേക്ക് എണ്ണയും കാറ്റും പകരുന്നതാണ് ഇപ്പോൾ 'ദി എക്കണോമിസ്റ്റി'ൽ വന്നിരിക്കുന്ന ഈ മുഖപ്രസംഗം.