ഇന്നലെ ഹൂസ്റ്റണിൽ  ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ  മെഗാ ഇവന്റായ 'ഹൗഡി മോദി' നടന്നു. മോദിയും ട്രംപും ഏറെ നേരം ആ പൊതുപരിപാടിയിൽ ഒന്നിച്ച് സമയം ചെലവിടുകയും പ്രസംഗിക്കുകയും ഒക്കെ ചെയ്തു. മാധ്യമങ്ങളുടെ മൊത്തം ശ്രദ്ധ അവർ രണ്ടു പേരിലും തന്നെയായിരുന്നു ഏതാണ്ട് മുഴുവൻ സമയവും. എന്നാൽ, അതിനോടനുബന്ധിച്ചു നടന്ന മറ്റൊരു പ്രസംഗം കുറച്ചു സമയത്തേക്ക് അത് വഴിതിരിച്ചു വിട്ടു. അമേരിക്കയുടെ ഹൗസ്‌ ഓഫ് റെപ്രസെന്റേറ്റീവ്സിന്റെ നേതാവായ സ്റ്റോണി ഹോയറിന്റേതായിരുന്നു ആ പ്രസംഗം. 

അത്രയും നേരം നടന്ന സംഭാഷണങ്ങൾക്ക് വിരുദ്ധമായ ഒരു പരിപ്രേക്ഷ്യമാണ് ഹോയറിന്റെ പ്രസംഗം മുന്നോട്ടു വെച്ചത്. തന്റെ പ്രസംഗത്തിൽ അദ്ദേഹം ഉദ്ധരിച്ചത് മഹാത്മാ ഗാന്ധിയുടേയും ജവഹർലാൽ നെഹ്‌റുവിന്റെയും വീക്ഷണങ്ങളാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമായിരുന്നു, " ഗാന്ധിജിയുടെ പാഠങ്ങൾക്കും  നെഹ്‌റുവിന്റെ ദർശനങ്ങൾക്കുമനുസരിച്ചുള്ള ഒരു ഭാവി സാക്ഷാത്കരിക്കാനായതിലും വ്യക്തിസ്വാതന്ത്ര്യത്തെ ഉയർത്തിപ്പിടിക്കാനായതിലും ഇന്ത്യയ്ക്ക് അഭിമാനമുണ്ടാകും. അമേരിക്കക്ക് മഹത്തായ സ്വന്തം പാരമ്പര്യത്തിൽ ഉള്ള അതേ അഭിമാനം. രാഷ്ട്രങ്ങൾ എന്ന നിലക്ക് ഇന്ത്യയും അമേരിക്കയും തങ്ങളുടെ പൗരന്മാർക്ക് നൽകിയിട്ടുള്ള വാഗ്ദാനങ്ങൾ പാലിക്കാൻ ശ്രമിക്കണം"  

നെഹ്രുവിന്റെ സ്വാതന്ത്ര്യലബ്ധി നാളിലെ  'ട്രിസ്റ്റ് വിത്ത് ഡെസ്ടിനി' എന്ന പ്രസിദ്ധമായ പാതിരാപ്രസംഗവും സെനറ്റർ അനുസ്മരിച്ചു. " ഇന്ത്യയിലെ ഓരോ പൗരന്മാരുടെയും കണ്ണിലെ കണ്ണുനീർ ഒപ്പണം എന്ന ഗാന്ധിജിയുടെ സ്വപ്നത്തെപ്പറ്റിയും അദ്ദേഹം പറഞ്ഞു. ഒരു ഇന്ത്യൻ പൗരന്റെ കണ്ണിലെങ്കിലും കണ്ണുനീർ ഉരുണ്ടുകൂടിയിട്ടുണ്ടെങ്കിൽ അത് തുടച്ചു കലയും വരെ ഇന്ത്യക്ക് വിശ്രമം പാടില്ല " എന്ന ഗാന്ധിജിയുടെ വാക്കുകൾ പ്രസ്തുതപ്രസംഗത്തിൽ നെഹ്‌റു ഉദ്ധരിച്ചിരുന്നതായും സെനറ്റർ ഓർത്തെടുത്തു. 

ഹൗഡി മോദി പരിപാടി നടക്കുന്നതിന് മണിക്കൂറുകൾ മുമ്പായിരുന്നു കശ്മീരിലെ നെഹ്രുവിന്റെ നയങ്ങളെ വിമര്ശിച്ചുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി  അമിത് ഷായുടെ പ്രസംഗമെന്നത്, സെനറ്ററുടെ ഈ പരാമർശത്തിന്റെ രാഷ്ട്രീയ പ്രാധാന്യം വർധിപ്പിക്കുന്ന ഒന്നാണ്. " ദുർബലന് ശക്തനെപ്പോലെ ശേഷി പകരുന്ന ഒന്നാവണം ജനാധിപത്യം" എന്ന മഹാത്മാഗാന്ധിയുടെ സങ്കല്പത്തെ സെനറ്റർ പുകഴ്ത്തിയിരുന്നു. തങ്ങളുടെ പൗരന്മാരെ തുല്യമായ വ്യക്തിസ്വാതന്ത്ര്യങ്ങളോടെ വിവേചന രഹിതമായി പരിചരിക്കുന്ന രണ്ടു രാജ്യങ്ങൾ എന്ന നിലയിൽ ഇന്ത്യക്കും അമേരിക്കയ്ക്കും അഭിമാനിക്കാം എന്നും അദ്ദേഹം പറഞ്ഞിരുന്നു.