Asianet News MalayalamAsianet News Malayalam

ഉത്തരകൊറിയ ബാലവേല ചെയ്യിക്കുന്നുവെന്ന് മനുഷ്യാവകാശ പ്രവർത്തകർ, ഇല്ല സന്നദ്ധസേവനമെന്ന് വിശദീകരണം

പാർട്ടി കാണിച്ച സ്നേഹത്തിന്റെ പ്രത്യുപകാരമായിട്ടാണ് ആ അനാഥ കുട്ടികൾ കൽക്കരി ഖനന സമുച്ചയത്തിലേക്ക് പണിയെടുക്കാൻ എത്തിയത് എന്ന് റിപ്പോർട്ടിൽ പറയുന്നു.  

North Korea children volunteering to work
Author
North Korea, First Published May 31, 2021, 2:45 PM IST

ഉത്തര കൊറിയയിൽ കൽക്കരി ഖനികളിലും, കൃഷിയിടങ്ങളിലും, വലിയ നിർമാണ പദ്ധതികളിലും അനാഥരെയും വിദ്യാർത്ഥികളെയും നിർബന്ധിതമായി ജോലി ചെയ്യിക്കുന്നു എന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ബിബിസിയടക്കമുള്ള ദേശീയ മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്‍തിരിക്കുന്നു. ഇതിലെ സങ്കടകരമായ കാര്യം അതിൽ ചിലർ തീരെ ചെറിയ കുട്ടികളാണ് എന്നതാണ്. അതേസമയം അവർ സ്വമേധയാ ജോലി ചെയ്യുകയാണെന്നാണ് അവിടത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അനാഥ വിദ്യാലയങ്ങളിലെ നൂറുകണക്കിന് ബിരുദധാരികൾ പ്രയാസകരമായ മേഖലകളിൽ ജോലി ചെയ്യാൻ സന്നദ്ധരായി എന്നാണ് സംസ്ഥാന വാർത്താ ഏജൻസി കെസി‌എൻ‌എയുടെ റിപ്പോർട്ടിൽ പറയുന്നത്.  

സംസ്ഥാന വാർത്താ ഏജൻസിയുടെ റിപ്പോർട്ടുകളിൽ അനാഥരുടെ പ്രായം വ്യക്തമാക്കിയിട്ടില്ല. എന്നാൽ, അവർ കൗമാരക്കാരാണെന്ന് സംസ്ഥാന പത്രങ്ങളിൽ പ്രസിദ്ധീകരിച്ച ഫോട്ടോകൾ വ്യക്തമാക്കുന്നു. ആ റിപ്പോർട്ട് പ്രകാരം 700 -ലധികം അനാഥർ സഹകരണ ഫാമുകളിലും, ഇരുമ്പ്, ഉരുക്ക് സമുച്ചയം, വനവൽക്കരണം എന്നീ മേഖലകളിലും പ്രവർത്തിക്കാൻ സന്നദ്ധത അറിയിച്ചതായി പറയുന്നു. മൂന്ന് അനാഥ വിദ്യാലയങ്ങളിൽ നിന്നുള്ള 150 -ഓളം കുട്ടികൾ കൽക്കരി ഖനികളിലും ഫാമുകളിലും ജോലി ചെയ്യാൻ സന്നദ്ധരായിട്ടുണ്ടെന്ന് വ്യാഴാഴ്ച ഏജൻസി റിപ്പോർട്ട് ചെയ്തു. അതേസമയം ഉത്തര കൊറിയ കുട്ടികളെക്കൊണ്ട് നിർബന്ധിത ബാലവേല ചെയ്യിപ്പിക്കുന്നുവെന്നത് മനുഷ്യാവകാശ സംഘടനകൾ പണ്ടേ ആരോപിക്കുന്ന ഒന്നാണ്.    

രാജ്യത്തിന്റെ അഭിവൃദ്ധിക്കായുള്ള പോരാട്ടത്തിൽ കുട്ടികൾ പങ്കുചേരാൻ സന്നദ്ധരായി എന്നാണ് ഉത്തര കൊറിയ ഇതിനെ കുറിച്ച് പറയുന്നത്. സന്നദ്ധപ്രവർത്തകർ എന്ന് വിളിയ്ക്കുന്ന അവർ രാജ്യത്തുടനീളം സ്വമേധയാ ജോലി ചെയ്യുന്നുണ്ടെന്ന് കഴിഞ്ഞ ആഴ്ച സംസ്ഥാന മാധ്യമങ്ങളിൽ വന്ന നിരവധി റിപ്പോർട്ടുകൾ പറയുന്നു. പാർട്ടി കാണിച്ച സ്നേഹത്തിന്റെ പ്രത്യുപകാരമായിട്ടാണ് ആ അനാഥ കുട്ടികൾ കൽക്കരി ഖനന സമുച്ചയത്തിലേക്ക് പണിയെടുക്കാൻ എത്തിയത് എന്ന് റിപ്പോർട്ടിൽ പറയുന്നു.    

മനുഷ്യാവകാശ നടപടികളെക്കുറിച്ചുള്ള 2020 -ലെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് റിപ്പോർട്ടിൽ ഉത്തരകൊറിയിലെ ക്രൂരമായ ബാലവേലയെ കുറിച്ച് പരാമർശവും ഉയർന്നിരുന്നു. പ്രധാന റോഡുകളിൽ മഞ്ഞ് നീക്കംചെയ്യൽ പോലുള്ള പ്രത്യേക പ്രോജക്ടുകൾ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർ ചിലപ്പോൾ സ്കൂൾ കുട്ടികളെ ജോലിക്ക് അയയ്ക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. 16 അല്ലെങ്കിൽ 17 വയസ്സിന് താഴെയുള്ള കുട്ടികളെ സൈനിക മേഖലയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നും, നിർബന്ധിത തൊഴിലിന്റെ ഫലമായി ശാരീരികവും മാനസികവുമായ പരിക്കുകൾ, പോഷകാഹാരക്കുറവ്, ക്ഷീണം, വളർച്ചാ അപാകതകൾ എന്നിവ കുട്ടികളിൽ ഉണ്ടാകുന്നുവെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

ദക്ഷിണ കൊറിയൻ യുദ്ധത്തടവുകാരെ ഉത്തരകൊറിയൻ കൽക്കരി ഖനികളിൽ അടിമപ്പണി ചെയ്യിപ്പിച്ച് ഭരണകൂടം ആയുധ പദ്ധതികൾക്കായി പണമുണ്ടാക്കുന്നു എന്നത് ഫെബ്രുവരിയിൽ ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഉത്തര കൊറിയ ഈ ആരോപണങ്ങൾ എല്ലാം ആവർത്തിച്ച് നിഷേധിച്ചു.  

Follow Us:
Download App:
  • android
  • ios