അമേരിക്കയിലെ ഒക്‌ലഹോമ സ്റ്റേറ്റിലുള്ള കൊടുങ്കാട്ടിനു നടുക്കുള്ള വുഡൻ കാബിനിൽ വെച്ച് ഇരുപത്തെട്ടുകാരനായ ഒരു യുവാവിനെ ശസ്ത്രക്രിയ വഴി ഷണ്ഡീകരിച്ചു എന്നാരോപിച്ച്, നരഭോജികൾ എന്ന് സംശയിക്കുന്ന രണ്ടു പേരെ അറസ്റ്റു ചെയ്തിരിക്കുകയാണ് ഒക്ലഹോമ പൊലീസ്. ബോബ് ലീ അലൻ എന്ന 53 കാരനും അയാളുടെ അസിസ്റ്റന്റ് ആയ തോമസ് ഗേറ്റ്സ് എന്ന 42 കാരനുമാണ് പൊലീസ് പിടിയിലായത്. വിർജീനിയ സ്റ്റേറ്റിൽ നിന്ന് വിമാനം പിടിച്ച്, കാസ്‌ട്രേഷൻ നടത്തുക എന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് യുവാവ് എത്തിയത് എങ്കിലും, ഇവർ മനുഷ്യമാംസം ആഹരിക്കുന്നവർ ആണെന്നോ, താൻ വന്നുപെട്ട ഇടം ഒരു ആശുപത്രി അല്ല എന്നോ യുവാവിന് അറിയുമായിരുന്നില്ല. 

രണ്ടുമണിക്കൂർ നീണ്ടുനിന്ന സർജറിക്ക് ശേഷം, "തങ്ങൾ ഇന്ന് അത്താഴത്തിന് തിന്നാൻ പോകുന്നത് യുവാവിന്റെ വൃഷണങ്ങളാണ്" എന്ന് ബോബ് പറഞ്ഞു എന്ന് യുവാവ് പൊലീസിന് മൊഴി നൽകി. ലിംഗമാറ്റ ശസ്ത്രക്രിയകൾ നടത്തി 15 കൊല്ലത്തെ പരിചയമുണ്ട് എന്ന ബോബിന്റെ ഇന്റർനെറ്റിലുള്ള പരസ്യം കണ്ടു വിശ്വസിച്ചാണ് യുവാവ് ഷണ്ഡീകരണത്തിനായി അയാളെ സമീപിക്കുന്നത്. ചെന്നു പെട്ട ശേഷം മാത്രമാണ് യുവാവിന് തനിക്ക് പറ്റിയ അബദ്ധം മനസ്സിലാകുന്നത്. അപ്പോഴേക്കും കാര്യങ്ങൾ അയാളുടെ കൈവിട്ടു പൊയ്ക്കഴിഞ്ഞിട്ടുണ്ടായിരുന്നു. 

കഴിഞ്ഞ ബുധനാഴ്ചയാണ് ഈ യുവാവ് ഒക്ലഹോമയിലെ ഒരു ആശുപത്രിയിൽ  ചോരയിറ്റുവീഴുന്ന ഗുഹ്യഭാഗവുമായി എത്തിച്ചേരുന്നത്. തന്റെ വൃഷണങ്ങൾ അജ്ഞാതരായ രണ്ടു പേർ ചേർന്ന്, മലമുകളിലെ ഒരു വുഡൻ കാബിനിൽ വെച്ച്, സർജറി ചെയ്തു നീക്കം ചെയ്തതാണ് എന്നയാൾ മൊഴിനൽകി. അറുത്തെടുത്ത വൃഷണങ്ങൾ ഇവർ ഫ്രീസറിൽ സൂക്ഷിച്ചു എന്നും, ആ ഫ്രീസറിൽ വേറെയും മനുഷ്യ ശരീരഭാഗങ്ങൾ കണ്ടു എന്നും അയാൾ പറഞ്ഞു. അവരിൽ ഒരാൾ നരഭോജിയാണ് എന്ന സംശയവും അയാൾ ആശുപത്രിയിലെ നഴ്സിനോട് പങ്കിട്ടു. 

ഈ വിവരം കേട്ട് ഭയന്നുവിറച്ച ആശുപത്രി നഴ്സ് പൊലീസിൽ വിളിച്ച് വിവരമറിയിച്ചു. തുടർന്ന് മലമുകളിലെ ആ ക്യാബിനിലേക്ക് പൊലീസ് സംഘം അന്വേഷിച്ചെത്തി. അവിടെ നിന്ന് അവർ സ്‌കാൽപൽ, സിസേർസ്, സൂചി, സർജിക്കൽ നൂൽ അടക്കമുള്ള മെഡിക്കൽ ഉപകരണങ്ങൾ കണ്ടെടുത്തു. ഒപ്പം ചോരയിൽ മുങ്ങിയ കുറെ ടവ്വലുകളും അവർക്ക് അവിടെ നിന്ന് കിട്ടി. ഒരു പ്ലാസ്റ്റിക് കവറിൽ ഇട്ട്, ഫ്രീസറിൽ വെച്ചിരുന്ന, തണുത്തുറഞ്ഞ ഒരു ജോഡി മനുഷ്യ വൃഷണങ്ങളും പൊലീസ് ആ ക്യാബിനിൽ നിന്ന് കണ്ടെടുത്തു. ഇങ്ങനെ ഒരു രംഗം താൻ തന്റെ കരിയറിൽ ഇന്നോളം കണ്ടിട്ടില്ല എന്ന് ആണയിട്ടുപറഞ്ഞ ആ ഓഫീസർ പക്ഷേ, അതൊരു ദുരാചാരമോ നരഭോജനമോ ആകാൻ സാധ്യതയുണ്ടെന്ന് ഉറപ്പിച്ചു പറയാൻ തയ്യാറായില്ല. 

ലോക്കൽ അനസ്‌തേഷ്യ നൽകിയ ശേഷമാണ് ഈ രണ്ടു നാടൻ സർജന്മാരും ചേർന്ന് ഒരു സർജിക്കൽ ബ്ലേഡിന്റെ സഹായത്തോടെ യുവാവിന്റെ ജനനേന്ദ്രിയത്തിൽ ശസ്ത്രക്രിയ നടത്തി വൃഷണങ്ങൾ നീക്കം ചെയ്തത്. ഇതിനു മുമ്പ്, ഇതുപോലൊരു രോഗിയ്ക്ക് ശസ്ത്രക്രിയ നടത്തി അയാളുടെ രക്തസ്രാവം നിലക്കാതിരുന്ന സാഹചര്യത്തിൽ തങ്ങൾ അയാളെ കൊന്നുകളഞ്ഞിരുന്നു എന്നും യുവാവിനോട് അറസ്റ്റിലായ രണ്ടുപേരും പറഞ്ഞതായി മൊഴിയുണ്ട്. ഇവരുടെ ഫ്രീസറിൽ ചിതറിക്കിടക്കുന്ന രീതിയിൽ കണ്ടെടുത്ത മനുഷ്യാവയവങ്ങളുടെ അവശിഷ്ടങ്ങൾ ആരുടേതാണ് എന്ന അന്വേഷണത്തിലാണ് പൊലീസ് ഇപ്പോൾ.