Asianet News MalayalamAsianet News Malayalam

അന്ന് വിശപ്പകറ്റാനായി ഭിക്ഷ യാചിച്ചു; ഇന്ന് തെരുവിലെ കുഞ്ഞുങ്ങള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുന്നു

കയ്യിലുണ്ടായിരുന്ന ജോലി പോയത് അവളെ വിഷാദത്തിലാഴ്ത്തി. താന്‍ ഇത്ര കഷ്ടപ്പെട്ട് നേടിയ വിദ്യാഭ്യാസം കൊണ്ട് തനിക്ക് ഉപകാരമൊന്നും ഉണ്ടാകില്ലേ എന്ന ചിന്ത അവളെ തകര്‍ത്തു. ഒരു വര്‍ഷത്തെ വിഷാദവും വേദനയും കടന്നുപോയി. 
 

once beggar  now teacher for kids in the same slum
Author
Delhi, First Published Jun 16, 2019, 4:02 PM IST

ഗുണ്ടകളില്‍ നിന്ന്, ക്രിമിനലുകളില്‍, പൊലീസുകാരില്‍ നിന്ന് നീണ്ടുനിന്ന ഭീഷണികള്‍... നീതു സിങ്ങിന്‍റെ രണ്ടു വര്‍ഷത്തെ ജീവിതം ഇങ്ങനെയായിരുന്നു. തന്‍റെ ചുറ്റുമുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം കിട്ടാതെ പോകുന്നത് അവളെ കടുത്ത നിരാശയിലാഴ്ത്തി. ആ കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കി എന്നതായിരുന്നു ഇവരുടെ മുന്നില്‍ നീതു ചെയ്ത കുറ്റം. 

ദില്ലിയിലെ തെരുവുകളിലൊന്നിലായിരുന്നു ഇരുപത് വര്‍ഷം മുമ്പ് നീതുവിന്‍റെ ജീവിതം. ജീവിക്കാനായി പലരുടേയും മുന്നില്‍ കൈനീട്ടി. അന്ന് ഭക്ഷണം കഴിക്കാന്‍ കൈനീട്ടി യാചിച്ചവള്‍ ഇന്ന് തന്നേപ്പോലുള്ള കുഞ്ഞുങ്ങളെ പഠിപ്പിക്കുകയാണ്. 

അന്ന് നീതുവിന്‍റെ ജീവിതം ദുസ്സഹമായിരുന്നു. ആ പെണ്‍കുട്ടി ഭക്ഷണം കണ്ടെത്താനായി കൈ നീട്ടുമ്പോള്‍ ചിലരവളുടെ കയ്യില്‍ ചില്ലറത്തുട്ടുകളിട്ടു കൊടുത്തു. എന്നാല്‍, ചിലരാകട്ടെ അവളുടെ ദേഹത്ത് തൊടാനും അവളെ ഉപദ്രവിക്കാനുമാണ് ശ്രമിച്ചത്. വളരെ ചെറുപ്പത്തില്‍ തന്നെ നീതുവിന് ഒരു കാര്യം അറിയാമായിരുന്നു. വിദ്യാഭ്യാസം മാത്രമാണ് ഈ ദുരന്ത ജീവിതത്തില്‍ നിന്ന് തന്നെ രക്ഷിക്കാനുള്ള ഒരേയൊരു വഴി എന്ന്. വീട്ടിലേക്കുള്ള വരുമാനം കൂടിയായിരുന്നു നീതുവിന് യാചിച്ചു കിട്ടുന്ന തുട്ടുകള്‍. അതിനാല്‍ തന്നെ, വിദ്യാഭ്യാസമെന്നത് തന്നെ സംബന്ധിച്ച് എത്ര പ്രയാസം നിറഞ്ഞതാണെന്ന് അവള്‍ക്ക് അറിയാമായിരുന്നു. 

എന്നിട്ടും നീതു സ്കൂളില്‍ പോയി. ക്ലാസിലെ മിടുക്കികളില്‍ ഒരാളൊന്നുമായിരുന്നില്ല നീതു. പക്ഷെ, അതൊന്നും അവളുടെ സ്വപ്നങ്ങളെ തകര്‍ത്തില്ല. വെല്ലുവിളിയായില്ല. സര്‍ക്കാര്‍ സ്കൂളുകളില്‍ അവള്‍ പഠിച്ചു. അതിനുശേഷം ഹരിയാനയില്‍ നിന്ന് ബിഎഡ്ഡ് എടുത്തു. വീട്ടുകാരും അധ്യാപകരും അവളെ പഠിക്കാനായി പ്രോത്സാഹിപ്പിച്ചു. അങ്ങനെ അവള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 

സാധാരണ വിദ്യാര്‍ത്ഥികളെ പോലെ അത്ര എളുപ്പമായിരുന്നില്ല അവളുടെ യാത്രകള്‍. ഓരോ സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നായിട്ടാണ് അവള്‍ പഠിച്ചു കയറിയത്. ബി എഡ്ഡിന് ശേഷം കാഴ്ചക്കുറവുള്ള ആണ്‍കുട്ടികള്‍ക്കായുള്ള ദില്ലിയിലെ ഒരു സ്കൂളില്‍ ഗസ്റ്റ് അധ്യാപികയായി നിയമനം നേടി നീതു. വളരെ മികച്ച അധ്യാപികയായിരുന്നു നീതു. പക്ഷെ, പെര്‍മനന്‍റായി അധ്യാപകരെ നിയമിച്ചതോടെ അവള്‍ക്ക് അവിടെ നിന്നും ഇറങ്ങേണ്ടി വന്നു. 

കയ്യിലുണ്ടായിരുന്ന ജോലി പോയത് അവളെ വിഷാദത്തിലാഴ്ത്തി. താന്‍ ഇത്ര കഷ്ടപ്പെട്ട് നേടിയ വിദ്യാഭ്യാസം കൊണ്ട് തനിക്ക് ഉപകാരമൊന്നും ഉണ്ടാകില്ലേ എന്ന ചിന്ത അവളെ തകര്‍ത്തു. ഒരു വര്‍ഷത്തെ വിഷാദവും വേദനയും കടന്നുപോയി. 

2015 -ലാണത് സംഭവിക്കുന്നത്. നീതു വഴിയിലൂടെ പോകുമ്പോഴാണ്. അയല്‍പക്കത്തെ ഒരു കുട്ടി റോഡരികിലിരുന്ന് യാചിക്കുന്നത് അവള്‍ കാണുന്നത്. നീതുവിന് ആ കുട്ടിയെ പരിചയമുണ്ടായിരുന്നു. പക്ഷെ, ആ കുട്ടി പണത്തിനായി യാചിക്കുകയാണെന്ന് അന്നാണവള്‍ അറിഞ്ഞത്. ആ കുഞ്ഞിന്‍റെ പഴകിക്കീറിയ വസ്ത്രവും പൊടി പിടിച്ച മുടിയും കയ്യിലുള്ള പാത്രവുമെല്ലാം നീതുവില്‍ വലിയ വേദനയുണ്ടാക്കി. 

തന്‍റെ അധ്യാപകര്‍ തന്നെ ചേര്‍ത്തു പിടിച്ചില്ലായിരുന്നുവെങ്കില്‍ താനുമിതുപോലെ എന്നേക്കും തെരുവുകളില്‍ അലയേണ്ടി വന്നേനെ, വിദ്യാഭ്യാസമില്ലായിരുന്നെങ്കില്‍ ഒരു ഭിക്ഷക്കാരി എന്നതിനമപ്പുറം താന്‍ ഒന്നുമാകുമായിരുന്നില്ല എന്നും അവള്‍ക്ക് തോന്നി. വലിയ ശമ്പളം ലഭിക്കുന്ന ജോലി തനിക്ക് വേണ്ട. പകരം ഈ കുഞ്ഞുങ്ങളെ പഠിപ്പിച്ചാല്‍ മതി എന്ന് അന്ന് നീതു തീരുമാനിച്ചു. തന്‍റെ തെരുവിനേയും ഈ കുഞ്ഞുങ്ങളേയും ദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിക്കണം. പുസ്തകം മാത്രമാണ് അതിന് സഹായിക്കുക എന്നും നീതു തീരുമാനിച്ചു. 

2018 ആഗസ്തിലാണ് ദില്ലി സര്‍ക്കാര്‍ പന്ത്രണ്ടാം ക്ലാസ് വരെ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കാനുള്ള തീരുമാനമെടുക്കുന്നത്. ഒമ്പതാം ക്ലാസ് മുതല്‍ 12 -ാം ക്ലാസ് വരെയുള്ളവര്‍ക്ക് മാസത്തില്‍ 20 രൂപ അടച്ചാല്‍ മതിയായിരുന്നു. എന്നിട്ടും പലരും വിദ്യാഭ്യാസം നേടാതിരിക്കാനുള്ള കാരണം, വീട്ടിലെ സാഹചര്യങ്ങളും സ്കൂളിലേക്കുള്ള ദൂരവുമൊക്കെയായിരുന്നു. അതായത്, എല്ലാ അര്‍ത്ഥത്തിലും വിദ്യാഭ്യാസം എന്നത് ആ കുഞ്ഞുങ്ങള്‍ക്ക് അകലെ ആയിരുന്നു. 

വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് അറിയാത്തതുകൊണ്ടും വീട്ടിലേക്ക് പണം കൊണ്ടുവരുന്നതിനായും പല മാതാപിതാക്കളും കുഞ്ഞുങ്ങളെ വിദ്യാലയങ്ങളിലയച്ചില്ല. അവര്‍ യാചിക്കുകയോ, ചെറിയ വിലയുള്ള സാധനങ്ങള്‍ തെരുവില്‍ നടന്ന് വില്‍ക്കുകയോ ചെയ്തു. പലപ്പോഴും മാതാപിതാക്കളായിരുന്നു പട്ടിണിയകറ്റാന്‍ ഈ കുഞ്ഞുങ്ങളെ ഇതിന് പ്രേരിപ്പിച്ചത്. എന്നിട്ട് പോലും ഒരുനേരത്തെ ഭക്ഷണം മാത്രം കഴിച്ചായിരുന്നു ഇവരുടെ ജീവിതം. 

ഇതിന് ഒരവസാനമുണ്ടാക്കണമെന്ന് തോന്നിയ നീതു തന്‍റെ അയല്‍പ്പക്കത്തുള്ള ഒരു മരത്തണലില്‍ ഒരു സ്കൂള്‍ തുടങ്ങി. വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് നീതു തന്നെ അയല്‍വക്കത്തുള്ളവരെ പറഞ്ഞ് ബോധ്യപ്പെടുത്തി. അങ്ങനെ ബോധ്യപ്പെട്ട 12 കുട്ടികള്‍ നീതു തുടക്കമിട്ട 'സബ് കി പാഠശാല'യിലേക്ക് എത്തിത്തുടങ്ങി. മരത്തിന്‍റെ തണലിലായിരുന്നു ക്ലാസ്. പയ്യപ്പയ്യെ കൂടുതല്‍ കുട്ടികള്‍ ക്ലാസിനെത്തി. 

പക്ഷെ, ലോക്കല്‍ ഗുണ്ടകള്‍ക്ക് നീതുവിന്‍റെ പ്രവര്‍ത്തനങ്ങള്‍ രസിച്ചില്ല. കാരണം, കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസം നേടുന്നതോടെ ബാലവേലക്ക് എത്തുന്ന കുഞ്ഞുങ്ങളുടെ എണ്ണം കുറയും എന്ന തിരിച്ചറിവ് തന്നെ. ഗുണ്ടകള്‍ നിരന്തരം നീതുവിനെ ബലാത്സംഗം ചെയ്യുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പൊലീസില്‍ പരാതിപ്പെട്ടിട്ടും അവിടെനിന്നും അനക്കമൊന്നുമുണ്ടായില്ല. 

മാത്രവുമല്ല, നീതുവും തെരുവില്‍ നിന്ന് തന്നെയുള്ളതായത് കൊണ്ട് അവളുടെ സ്കൂളിന് ഒരു മാറ്റവുമുണ്ടാക്കാനാകില്ലെന്നും പൊലീസ് കരുതി. മാത്രവുമല്ല, നീയാരാണ് ഈ കുട്ടികളെ പഠിപ്പിക്കാന്‍ എന്ന സമീപനവും അവര്‍ സ്വീകരിച്ചു. അങ്ങനെ ഒരുപാട് ഭീഷണികളിലൂടെയും പരിഹാസത്തിലൂടെയും നീതു കടന്നുപോയി. അവസാനം, ഡെല്‍ഹി കമ്മീഷന്‍ ഫോര്‍ വിമനാണ് അവള്‍ക്ക് സഹായമായത്. 

ആദ്യത്തെ കുറേ വര്‍ഷങ്ങള്‍ നീതുവിനെ സംബന്ധിച്ച് കഠിനമായിരുന്നു. എണ്‍പതിലധികം കുട്ടികള്‍ നീതുവിന്‍റെ സ്കൂളില്‍ പഠിച്ചു. ഇംഗ്ലീഷ്, ഗണിതം, സയന്‍സ് എന്നിവയ്ക്കൊക്കെ പുറമെ ഡാന്‍സ്, ആര്‍ട്ട് എന്നിവയെല്ലാം അവിടെ പഠിപ്പിക്കുന്നു. തന്‍റെ തെരുവിനെ വെളിച്ചത്തിലേക്ക് നയിക്കാന്‍ വിദ്യാഭ്യാസം സഹായിക്കുമെന്ന് നീതു വിശ്വസിക്കുന്നു. 


 

Follow Us:
Download App:
  • android
  • ios