ബെംഗളൂരുവിലെ ഒരു 3BHK ഫ്ലാറ്റിന് 1.1 ലക്ഷം രൂപ വാടക. വൈറലായി സോഷ്യല്‍ മീഡിയ പോസ്റ്റ്. നഗരത്തിലെ അമിത ജീവിതച്ചെലവിനെക്കുറിച്ചുള്ള ചർച്ചകൾക്കാണ് ഇത് വഴിവെച്ചിരിക്കുന്നത്. ബാച്ചിലർമാർ വാടക പങ്കിട്ടെടുക്കുന്നത് മുതലെടുത്താണ് ഉടമകൾ വാടക കൂട്ടുന്നതെന്ന വിമർശനങ്ങളും ഉയരുന്നുണ്ട്.
മെട്രോ നഗരങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കും ഐടി ജീവനക്കാർക്കും വീട്ടുവാടക ഒരു വലിയ പ്രതിസന്ധിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഓരോ വർഷവും കുതിച്ചുയരുന്ന വാടക നിരക്കുകൾ കാരണം ബജറ്റിൽ ഒതുങ്ങുന്നതും സൗകര്യപ്രദവുമായ ഒരു ഫ്ലാറ്റ് കണ്ടെത്തുക എന്നത് നിലവിൽ കഠിനമായ കാര്യമാണ്. ഇതിനിടയിലാണ് ഐടി നഗരമായ ബംഗളൂരുവിലെ ഒരു 3BHK ഫ്ലാറ്റിന്റെ പ്രതിമാസ വാടകയെക്കുറിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റ് നഗരത്തിലെ അമിത ജീവിതച്ചെലവിനെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും വഴിതുറന്നിരിക്കുന്നത്.

എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെക്കപ്പെട്ട ഒരു പോസ്റ്റിൽ ഉപയോക്താവ് കുറിച്ചത് ഇങ്ങനെയായിരുന്നു: 'ബെംഗളൂരുവിൽ ഒരു 3BHK ഫ്ലാറ്റിന് 1.1 ലക്ഷം രൂപ വാടകയോ? ഇത് സാധാരണക്കാരനായ ഒരാളുടെ ഒരു മാസത്തെ മുഴുവൻ ശമ്പളമാണ്'. ഈ പോസ്റ്റ് പെട്ടെന്നുതന്നെ ജനശ്രദ്ധ ആകർഷിക്കുകയും, ഇത്രയും ഉയർന്ന തുക വാടകയായി ഈടാക്കുന്നതിനെതിരെ വലിയ രീതിയിലുള്ള പ്രതികരണങ്ങൾ ഉയരുകയും ചെയ്തു. വൈറലായ സ്‌ക്രീൻഷോട്ട് വിവരങ്ങൾ പ്രകാരം, ബെംഗളൂരുവിലെ പ്രമുഖ ഐടി ഹബ്ബായ എംബസി ഗോൾഫ് ലിങ്ക്സ് ബിസിനസ് പാർക്ക്, ദൊംലൂർ, ഇന്ദിരാനഗർ എന്നിവയ്ക്ക് സമീപമുള്ള ഒരു സെമി-ഫർണിഷ്ഡ് കോർണർ ഫ്ലാറ്റിന്റെ പരസ്യമാണിത്.
സ്വിമ്മിംഗ് പൂൾ, ജിംനേഷ്യം, ടെന്നീസ്-സ്ക്വാഷ് കോർട്ടുകൾ, സ്കേറ്റിംഗ് റിങ്ക്, ലാൻഡ്സ്കേപ്പ്ഡ് ഗാർഡൻ, കമ്മ്യൂണിറ്റി ഹാൾ തുടങ്ങിയ ആധുനിക സൗകര്യങ്ങൾ ഈ അപ്പാർട്ട്മെന്റ് കോംപ്ലക്സിൽ ലഭ്യമാണെങ്കിലും, ഈ നിരക്ക് സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണെന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം.
പോസ്റ്റ് വൈറലായതോടെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് കമന്റ് ബോക്സുകളിൽ ഉയർന്നുവരുന്നത്. ബെംഗളൂരുവിൽ വാടക നിരക്കുകൾ ഇത്രയധികം വർദ്ധിക്കാൻ കാരണം ബാച്ചിലർമാരായ ജീവനക്കാരുടെ ഷെയറിംഗ് രീതിയാണെന്ന് ചിലർ ചൂണ്ടിക്കാണിക്കുന്നു. മൂന്നോ നാലോ ഉദ്യോഗസ്ഥർ ഒന്നിച്ച് താമസിച്ച് വാടക പങ്കിട്ടെടുക്കുമ്പോൾ ഒരാൾക്ക് വരുന്ന ചിലവ് കുറയുമെന്നും, ഇത് ചൂഷണം ചെയ്താണ് ഉടമസ്ഥർ വാടക കുത്തനെ കൂട്ടുന്നതെന്നും സോഷ്യൽ മീഡിയയിൽ വിമർശനമുയരുന്നുണ്ട്. വർദ്ധിച്ചുവരുന്ന ഈ വാടകക്കയറ്റം വരും ദിവസങ്ങളിൽ ബെംഗളൂരുവിലെ താമസച്ചെലവ് വീണ്ടും വർദ്ധിപ്പിക്കുമെന്ന ആശങ്കയിലാണ് ഐടി മേഖലയിൽ ഉൾപ്പടെയുള്ള സാധാരണക്കാരായ ജീവനക്കാർ.
