Asianet News MalayalamAsianet News Malayalam

കണ്‍മുന്നില്‍ അച്ഛനെ വെട്ടിക്കൊന്നു, അക്രമം ഭയന്ന് സഹോദരങ്ങള്‍ കാട്ടിലൂടെ നടന്നത് 241 കിലോമീറ്റര്‍...

ശാന്തസുന്ദരമായിരുന്ന അവരുടെ ഗ്രാമത്തിലേക്ക് മോട്ടോര്‍ബൈക്കുകളില്‍ തീവ്രവാദികള്‍ കടന്നുകയറുകയും ഗ്രനേഡുകളും എകെ 47 -കളും ഉപയോഗിച്ച് സാധാരണക്കാരെ വെടിവെക്കുകയുമായിരുന്നു. 

orphaned children walk 150 miles
Author
Africa, First Published Sep 18, 2019, 12:25 PM IST

അവര്‍ രണ്ട് കുട്ടികളുണ്ടായിരുന്നു... സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിലെ ഒരു ഗ്രാമത്തിലേക്ക് അവര്‍ രണ്ടുപേരും വളരെ വളരെ ദൂരെനിന്നും നടന്നുവന്നത് ഈ വര്‍ഷം ആദ്യമാണ്. ആഭ്യന്തരയുദ്ധം കാരണം അനാഥരാക്കപ്പെട്ട നാട്ടിലെ പല കുട്ടികളില്‍ രണ്ടുപേരായിരുന്നു അവരും. വരണ്ട കാലാവസ്ഥയിലെ ഒരുദിവസമായിരുന്നു അത്. ഹെൻറിയറ്റ് ഇഡ്‍ജാര എന്ന സ്ത്രീ അതുവഴി ഗ്രാമത്തിലെ തന്‍റെ വീട്ടിലേക്ക് പോവുകയായിരുന്നു. അപ്പോഴാണ് രണ്ട് ആണ്‍കുട്ടികള്‍ പുഴക്കരയിലിരിക്കുന്നത് കണ്ടത്. കീറിയ വസ്ത്രങ്ങളായിരുന്നു അവര്‍ക്ക്. ആകെ പൊടിയായിരുന്നു വസ്ത്രങ്ങളിലും ദേഹത്തും. ആരെങ്കിലും സഹായിച്ചേതീരൂവെന്ന അവസ്ഥയിലായിരുന്നു അവര്‍. 

അവരോട് മിണ്ടാതെ ഒന്നും ചോദിക്കാതെ പിന്തിരിഞ്ഞുപോകാനായില്ല ഇഡ്‍ജാരയ്ക്ക്. അഞ്ച് മക്കളെ നഷ്ടപ്പെട്ട ഒരു അമ്മയെന്ന നിലയിൽ, 53-കാരിയായ ആ സ്ത്രീയില്‍ വല്ലാതെ മാതൃബോധം അലയടിച്ചു. 'നിങ്ങളിവിടെ എന്താണ് ചെയ്യുന്നത്?' ഇഡ്‍ജാര ആ കുട്ടികളോട് ചോദിച്ചു. വിമത സൈനികർ തങ്ങളുടെ ഗ്രാമത്തിൽ റെയ്‍ഡ് നടത്തി പിതാവിനെ കൊന്നുകളഞ്ഞുവെന്ന് സഹോദരങ്ങളായ ഗൈയും നെൽസണും അവരോട് പറഞ്ഞു. അവരുടെ അമ്മ പണ്ടേ വീടുവിട്ടുപോയിരുന്നു. അച്ഛന്‍ കൊല്ലപ്പെട്ടതോടെ കൂടുതൽ ആക്രമണങ്ങളെ ഭയന്ന് ജീവിക്കാൻ കഴിയാതെ ആ ആൺകുട്ടികൾ ഒടുവിൽ അവിടം വിട്ടിറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു, ജോലി കണ്ടെത്തണം... അതിനായി അവര്‍ കാൽനടയായി ഇറങ്ങിത്തിരിച്ചു. വീട്ടില്‍ നിന്നിറങ്ങി ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ഇഡ്‍ജാര അവരെ കാണുന്നത്. അപ്പോഴേക്കും അവർ 150 മൈൽ (241 കിലോമീറ്റര്‍) നടന്നിരുന്നു.

"അവർ ഒരു സ്വർണ്ണ ഖനിയിലേക്ക് പോകാൻ ശ്രമിക്കുകയായിരുന്നു..." ഇ‍ഡ്‍ജാര പറയുന്നു. "ഞാൻ അവരോട് പറഞ്ഞു, 'ശ്രദ്ധിക്കൂ, ആ സ്ഥലം അപകടകരമാണ്. ധാരാളം അക്രമങ്ങള്‍ നടക്കുന്ന ഇടമാണത്...' " അവിടെക്ക് പോകാന്‍ അവരെ അനുവദിക്കുന്നതിനു പകരം അവൾ അവരെ അവളുടെ വീട്ടിലേക്ക് കൊണ്ടുപോയി.

ഇഡ്‍ജാര- ജീൻ ഫിലിപ്പ് ദമ്പതികള്‍ക്ക് ഒരു മകനും മൂന്ന് പെൺമക്കളുമുണ്ട്. മറ്റ് അഞ്ച് കുട്ടികൾ മലേറിയ, മെനിഞ്ചൈറ്റിസ്, മറ്റ് രോഗങ്ങൾ എന്നിവ വന്ന് മരിച്ചുപോയിരുന്നു. ഈ ദാരുണമായ മരണങ്ങളുടെ പശ്ചാത്തലത്തിൽ, കഴിഞ്ഞ വർഷം അവര്‍ വളർത്തു മാതാപിതാക്കളായി രജിസ്റ്റർ ചെയ്യുകയും കുട്ടികളെ കിട്ടുവാന്‍ കാത്തിരിക്കുകയും ചെയ്യുകയുമായിരുന്നു. “ഇതാണ് ഞങ്ങളുടെ വിളി...” ശെമ്മാശ്ശനായ ജീൻ-ഫിലിപ്പ് പറയുന്നു. "എല്ലാ കുട്ടികളും പരിപാലിക്കപ്പെടേണ്ടവരാണ്. എങ്കിലേ അവർക്ക് ഇപ്പോൾ വളരുന്നതിനേക്കാളും മെച്ചപ്പെട്ട ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനു കഴിയൂ എന്നും ജീന്‍ പറയുന്നു."

2013 -ലാണ് സെലേക്ക സഖ്യത്തിലെ മുസ്ലീം വിമതർ ആ ഗ്രാമത്തില്‍ അധികാരം പിടിച്ചെടുക്കുന്നത്. അതോടെ, മധ്യ ആഫ്രിക്കൻ റിപ്പബ്ലിക് പ്രശ്നത്തിലായി. തുടർന്നുണ്ടായ അക്രമത്തിൽ ലക്ഷക്കണക്കിന് ആളുകൾ നാടുവിട്ടുപോയി, മാതാപിതാക്കളിൽ നിന്ന് വേർപിരിഞ്ഞ, അല്ലെങ്കില്‍ മാതാപിതാക്കള്‍ കൊല്ലപ്പെട്ട നിരവധി കുഞ്ഞുങ്ങള്‍ അനാഥരായി. അന്നുമുതൽ രാജ്യത്തുടനീളം ആക്രമണങ്ങൾ തുടരുകയാണ്. ഫെബ്രുവരിയിൽ അംഗീകരിച്ച ഒരു സമാധാന ഉടമ്പടി സംഘർഷത്തിന് ശാശ്വതമായ പരിഹാരമാകുമെന്ന പ്രതീക്ഷ ഉയർത്തിയിട്ടുണ്ടായിരുന്നു. എന്നാൽ, അക്രമം അവസാനിക്കുകയോ സമാധാനം പുനസ്ഥാപിക്കപ്പെടുകയോ ചെയ്തിരുന്നില്ല. ഉടമ്പടി ഒപ്പിട്ട് ആഴ്ചകൾക്കുശേഷമാണ് ഗൈയും നെൽസണും യാത്ര ആരംഭിച്ചത്.

orphaned children walk 150 miles

ഞങ്ങളവരോട് കഴിഞ്ഞതിനെക്കുറിച്ചൊന്നും ആലോചിക്കേണ്ടതില്ലെന്ന് പറഞ്ഞിരുന്നുവെന്ന് ജീന്‍-ഇഡ്‍ജാര ദമ്പതികള്‍ പറയുന്നു. നദീതീരത്ത് അവരെ കണ്ടെത്തിയതിനു ശേഷമുള്ള ദിവസങ്ങളിൽ അവര്‍ അനുഭവിച്ച ഭീകരതകളെക്കുറിച്ച് ഇഡ്‍ജാരയും ജീൻ-ഫിലിപ്പും കൂടുതൽ മനസ്സിലാക്കി. ആൺകുട്ടികൾ പറയുന്നതനുസരിച്ച്, ശാന്തസുന്ദരമായിരുന്ന അവരുടെ ഗ്രാമത്തിലേക്ക് മോട്ടോര്‍ബൈക്കുകളില്‍ തീവ്രവാദികള്‍ കടന്നുകയറുകയും ഗ്രനേഡുകളും എകെ 47 -കളും ഉപയോഗിച്ച് സാധാരണക്കാരെ വെടിവെക്കുകയുമായിരുന്നു. തുടര്‍ന്ന്, വീടുകൾക്ക് തീയിട്ടു. ഗ്രാമവാസികളിൽ ചിലർ ഓടിപ്പോയി. പക്ഷേ, സ്വന്തം വീട് സംരക്ഷിക്കപ്പെടണമെന്ന് കരുതി ഗൈയുടേയും നെല്‍സണിന്‍റേയും അച്ഛന്‍ വീട്ടില്‍ത്തന്നെ തുടര്‍ന്നു. അക്രമികള്‍ വീട്ടിനുള്ളിലേക്ക് കയറിയപ്പോള്‍ തന്‍റെ നായാട്ടിനുള്ള തോക്കുപയോഗിച്ച് അവരില്‍ മൂന്നുപേരെ വെടിവച്ചിട്ടു. പക്ഷേ, ഒടുവിൽ അവരദ്ദേഹത്തെ പിടികൂടി വെട്ടിക്കൊന്നു.

ഗൈയും നെൽസണും ഒരു മുൾപടർപ്പിൽ ഒളിച്ചിരുന്ന് ഈ ഭയപ്പെടുത്തുന്ന രംഗം കണ്ടിരുന്നു. 'ഞങ്ങളെല്ലാം കണ്ടു' വേദനയോടെ ഇളയവനായ ഗൈ പറയുന്നു. ആ അക്രമത്തിനുശേഷം തീവ്രവാദികൾ ഗ്രാമത്തില്‍നിന്നും പിരിഞ്ഞുപോയി, ഗ്രാമത്തില്‍ ഭീതിയുടേയും ഭീകരതയുടേയും പൊള്ളുന്ന അവശിഷ്ടങ്ങളുമുപേക്ഷിച്ച്... കുട്ടികള്‍ ഒളിച്ചിരുന്നിടത്തുനിന്നും പുറത്തുവന്ന് പിതാവിന്‍റെ മൃതദേഹം അടക്കം ചെയ്തു.

ഇഡ്‍ജാരയും ജീനും ആ കുട്ടികളെ സ്വന്തം മക്കളെപ്പോലെ തന്നെ സ്നേഹിച്ചു. കഴിഞ്ഞതെല്ലാം മറക്കാന്‍ അവരെ പരിശീലിപ്പിച്ചു. സ്നേഹിച്ചു, പുതിയ ജീവിതത്തിലേക്ക് കൈപിടിച്ചു. "സംഭവിച്ച കാര്യങ്ങളെക്കുറിച്ച് അധികം ചിന്തിക്കരുതെന്നും ഒരുപാടാളുകള്‍ ഇതുപോലെ ദുരന്തങ്ങൾ അനുഭവിച്ചിട്ടുണ്ടെന്നും ജീവിതം ബുദ്ധിമുട്ടുകൾ നിറഞ്ഞതാണെന്നും ഞങ്ങൾ അവരോട് പറയുന്നു. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവരെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു. വൈകി പുറത്തു പോകരുത്, സുഹൃത്തുക്കളോട് മോശമായി പെരുമാറരുത് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുന്നു." -ഇഡ്‍ജാര പറയുന്നു. 

ഈ വർഷം ഇതുവരെ യുഎൻ കുട്ടികളുടെ ഏജൻസിയായ യൂണിസെഫിന്റെ നേതൃത്വത്തിൽ ഒരുപിടി മാനുഷിക സംഘടനകൾ അനാഥരായതോ മാതാപിതാക്കളില്‍നിന്നും വേർപിരിഞ്ഞതോ ആയ 1,500 കുട്ടികളെ പിന്തുണയ്ക്കുന്നുണ്ട്. ഡിസംബർ അവസാനത്തോടെ ഇങ്ങനെയുള്ള 4,000 -ത്തിൽ കൂടുതൽ കുട്ടികളില്‍ എത്തിച്ചേരുക എന്നതാണ് അവരുടെ ലക്ഷ്യം.

ഒപ്പംതന്നെ ഇങ്ങനെയുള്ള കുട്ടികളെ സുരക്ഷിതമായ വളര്‍ത്തുവീടുകളിലെത്തിക്കാനുള്ള ശ്രമങ്ങളും വിവിധ സംഘടനകളുടേയും മറ്റും നേതൃത്വത്തില്‍ നടക്കുന്നുണ്ട്. അതിനായുള്ള പഠനങ്ങളും യോഗങ്ങളും നടക്കുകയാണ്. അക്രമങ്ങളും കൊലപാതകങ്ങളും നേരില്‍ക്കണ്ടുനില്‍ക്കേണ്ടി വന്ന കഞ്ഞുങ്ങളില്‍ ഉണ്ടാവാനിടയുള്ള മാനസികമായ ആഘാതങ്ങളെ കുറിച്ചും, ഒരുപക്ഷേ രൂപപ്പെട്ടേക്കാവുന്ന അക്രമവാസനകളെ കുറിച്ചും ബോധ്യപ്പെട്ട് കുഞ്ഞുങ്ങള്‍ക്ക് കൗണ്‍സിലും പിന്തുണയും നല്‍കാനുമുള്ള ശ്രമങ്ങളും നടക്കുന്നു. ശിശുസൗഹാര്‍ദ്ദ ഇടങ്ങള്‍ രൂപീകരിക്കുകയും അവിടെ ചിത്രരചന, മറ്റ് പഠനങ്ങള്‍, കളി ഒക്കെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. 

എങ്കിലും ഗൈയുടേയും നെല്‍സണിന്‍റേയും മുഖത്ത് ഇപ്പോഴും വേദന അവശേഷിക്കുന്നു. ഇളയവനായ ഗൈ പലപ്പോഴും ദുഖിതനായിട്ടാണ് കാണപ്പെടുന്നത്. അതേസമയം നെൽ‌സണിന്‍റെ മുഖത്ത് ഇടയ്ക്ക് കോപവും ഇടയ്ക്ക് അതുമറന്ന് പുഞ്ചിരിക്കുന്നതും കാണാം. ആ കാഴ്ചയില്‍ നിന്ന് അവര്‍ മുക്തരായിട്ടില്ല. ഇപ്പോഴും അവര്‍ക്ക് പേടിസ്വപ്നങ്ങളുണ്ട്. "ഞങ്ങൾ ഒരിക്കലും തിരിച്ചുപോകാൻ ആഗ്രഹിക്കുന്നില്ല..." ഗൈ പറയുന്നതിങ്ങനെയാണ്.

ഇഡ്‍ജാരയുടേയും ജീൻ-ഫിലിപ്പിന്റെയും സംരക്ഷണത്തിൽ അവർ ഭാവിയിലേക്ക് പ്രതീക്ഷയോടെ നോക്കാൻ തുടങ്ങിയിട്ടുണ്ട്. ഗൈ ഒരു മെക്കാനിക്ക് ആകാനാണ് ആഗ്രഹിക്കുന്നത്. സ്കൂളിൽ തിരിച്ചെത്തി പഠനം പൂർത്തിയാക്കാൻ നെൽസണും ആഗ്രഹിക്കുന്നു. അവരുടെ കാണാതായ അമ്മയെ ഒരു ദിവസം കണ്ടെത്തുമെന്നും വീണ്ടുമവര്‍ ഒന്നിക്കുമെന്ന പ്രതീക്ഷയിൽ 'എസ്‌ഒ‌എസ് ചിൽഡ്രൻസ് വില്ലേജു'കളിൽ നിന്നുള്ള ജീവനക്കാർ തിരച്ചിൽ തുടരുകയാണ്.

"ഞാൻ പലപ്പോഴും എന്‍റെ സ്വപ്നങ്ങളിൽ അച്ഛനെ കാണുന്നു..." നെൽസൺ പറയുന്നു. "ഞങ്ങളുടെ ഗ്രാമത്തിലേക്ക് മടങ്ങരുതെന്നാണ് അദ്ദേഹം എന്നോട് പറയുന്നത്. ഇതാണ് ഇപ്പോൾ എന്റെ വീട്. ഇവിടെ ഞങ്ങൾക്ക് ഒരു പുതിയ ജീവിതം ആരംഭിക്കണം.'' എന്നും ആ കുഞ്ഞ് പറയുന്നു. 

യുദ്ധത്തിന്‍റേയും അക്രമങ്ങളുടേയും ഏറ്റവും വലിയ ഇരകള്‍ എല്ലായിടത്തും കുഞ്ഞുങ്ങളാണ്... ഒരു സമൂഹത്തെ തന്നെ നാളെ പ്രതിനിധാനം ചെയ്യാനുള്ള അവരിലേക്കാണ് വെടിയൊച്ചകളായും തീനാമ്പുകളായും അക്രമികള്‍ ഭയം കോരിയിടുന്നത്.

(ആദ്യചിത്രം പ്രതീകാത്മകമാണ്) 
 

Follow Us:
Download App:
  • android
  • ios