തങ്ങളുടെ ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാനും മെച്ചപ്പെട്ട സാധ്യതകൾ കണ്ടെത്താനും വിദ്യാഭ്യാസം തങ്ങളെ സഹായിക്കും എന്ന് കരുതിയാണ് ​ഗ്രാമീണർ പഠനത്തിന് ഇത്രയേറെ പ്രാധാന്യം കൊടുക്കുന്നത്.

'പിഎച്ച്‍ഡി വില്ലേജ്' അഥവാ 'പിഎച്ച്‍ഡി ​ഗ്രാമം', ചൈനയിലെ ഒരു ​ഗ്രാമത്തിന്റെ പുതിയ പേരാണ് അത്. ലോകത്തിലെ മികച്ച സർവകലാശാലകളിൽ നിന്നും പിഎച്ച്‍ഡി നേടിയ 33 പേരാണ് ഈ ​ഗ്രാമത്തിലുള്ളത്. ഫുജിയാൻ പ്രവിശ്യയിലെ നാനാൻ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന പെങ്‌ദാവോ എന്ന ഒരു പിന്നോക്കഗ്രാമമാണ് വിദ്യാഭ്യാസത്തിന്റെ പേരിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. സ്കോളർഷിപ്പ് ചടങ്ങിന്റെ വീഡിയോ ചൈനയിലെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തു.

ഇതുവരെ, ​ഗ്രാമത്തിൽ നിന്നുള്ള 33 പേരാണ് സിങ്‌ഹുവ സർവകലാശാല, ഹോങ്കോംഗ് സർവകലാശാല, ബ്രിട്ടനിലെ കേംബ്രിഡ്ജ് സർവകലാശാല, യുണൈറ്റഡ് സ്റ്റേറ്റ്സിലെ കോർണൽ സർവകലാശാല എന്നിവയുൾപ്പെടെ ഉന്നത സ്ഥാപനങ്ങളിൽ നിന്ന് പിഎച്ച്ഡി നേടിയത്. വെറും 6,000 പേർ മാത്രം താമസിക്കുന്ന ഒരു ​ഗ്രാമമാണിത്. ന​ഗരത്തിൽ നിന്നെല്ലാം അകലത്തായി സ്ഥിതി ചെയ്യുന്ന ​ഗ്രാമം വിദ്യാഭ്യാസത്തിലൂടെ ഇപ്പോൾ പുതിയ പേരുണ്ടാക്കിയിരിക്കുകയാണ്.

കൃഷിഭൂമി കുറവായതിനാൽ തന്നെ കാലങ്ങളായി ഈ ​ഗ്രാമം ദരിദ്രമായി തന്നെയാണ് നിൽക്കുന്നത്. തങ്ങളുടെ ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാനും മെച്ചപ്പെട്ട സാധ്യതകൾ കണ്ടെത്താനും വിദ്യാഭ്യാസം തങ്ങളെ സഹായിക്കും എന്ന് കരുതിയാണ് ​ഗ്രാമീണർ പഠനത്തിന് ഇത്രയേറെ പ്രാധാന്യം കൊടുക്കുന്നത്.

സൗത്ത് ചൈന മോർണിംഗ് പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, 'ഗുവോ ഫാമിലി എജ്യുക്കേഷൻ ഫണ്ടാ'ണ് ഈ സ്കോളർഷിപ്പ് പരിപാടി സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസമാണ് ആളുകളെ വളർച്ചയിലേക്ക് നയിക്കുന്നത് എന്നാണത്രെ ​ഗുവോ കുടുംബം വിശ്വസിക്കുന്നത്.

ഈ വർഷത്തെ പുരസ്കാരം ലഭിച്ചവരിൽ സിൻ‌ഹുവ സർവകലാശാലയിൽ പിഎച്ച്ഡി കാൻഡിഡേറ്റായി പ്രവേശനം നേടിയ ഒരു വിദ്യാർത്ഥി, 15 പുതിയ മാസ്റ്റേഴ്സ് വിദ്യാർത്ഥികൾ, സെപ്റ്റംബറിൽ സർവകലാശാലയിൽ പഠനത്തിന് തയ്യാറെടുക്കുന്ന 46 ബിരുദ വിദ്യാർത്ഥികൾ എന്നിവരും ഉൾപ്പെടുന്നു. വിദ്യാഭ്യാസ ഫണ്ട് 217,000 യുവാന്റെ (26 ലക്ഷം) അവാർഡുകളായിട്ടാണ് വിതരണം ചെയ്തത്. ഏറ്റവും ഉയർന്ന സ്കോളർഷിപ്പ് ഏകദേശം ഒരു ലക്ഷത്തിനടുത്ത് വരും.