കഴിഞ്ഞ 50 വര്‍ഷങ്ങളിലായി 77 ശതമാനത്തോളം ചിത്രശലഭങ്ങളുടെ ആവാസവ്യവസ്ഥകള്‍ നശിച്ചു. പരിസ്ഥിതിയിലെ വളരെ പ്രധാന കണ്ണിയാണ് ഷഡ്‍പദങ്ങള്‍. പരാഗണകാരികളും പുനചംക്രമണപ്രക്രിയയക്ക് സഹായിക്കുന്നവയും അഴുകാന്‍ സഹായിക്കുന്നവയുമായ നിരവധി പ്രാണിവര്‍ഗങ്ങളെയാണ് കീടനാശിനികളുടെ ഉപയോഗം കൊന്നൊടുക്കുന്നത്.

'ഏതാണ്ട് മുക്കാല്‍ ഭാഗത്തോളം ധാന്യവിളകളിലും ചെടികളിലും പരാഗണം നടക്കുന്നത് ഷഡ്പദങ്ങള്‍ വഴിയാണ്. വിളകള്‍ നശിക്കാനുള്ള പ്രധാന കാരണമാണ് ഷഡ്പദങ്ങളുടെ വംശനാശം. സ്‌ട്രോബെറി പോലെയുള്ള പഴങ്ങള്‍ നാമാവശേഷമാകും. 7.5 ബില്യണ്‍ ജനങ്ങള്‍ക്ക് വിശപ്പടക്കാന്‍ ഭക്ഷണം നല്‍കാന്‍ നമുക്ക് കഴിയാതെ വരും.' മനുഷ്യര്‍ സമീപഭാവിയില്‍ നേരിടാന്‍ പോകുന്ന വന്‍ഭീഷണിയിലേക്ക് വിരല്‍ചൂണ്ടുകയാണ് യു.കെയിലെ സസെക്‌സ് യൂണിവേഴ്‌സിറ്റിയിലെ ബയോളജി വിഭാഗം പ്രൊ. ഡേവ് ഗൗള്‍സണ്‍.

കഴിഞ്ഞ 50 വര്‍ഷമായി വന്യജീവികളുടെ ആവാസ വ്യവസ്ഥ തകിടം മറിയുകയാണ്. മൃഗങ്ങള്‍ക്ക് അവരുടെ ആവാസസ്ഥലം നഷ്ടമാകുകയും വംശനാശം സംഭവിക്കുകയും ചെയ്തുവെന്ന് പരിസ്ഥിതി സംബന്ധമായ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആവാസ വ്യവസ്ഥയുടെ നാശവും കീടനാശിനികളുടെ അമിതോപയോഗവും മൂലം ചിത്രശലഭങ്ങള്‍ ഉള്‍പ്പെടെയുള്ള ഷഡ്‍പദങ്ങളുടെ സമ്പൂര്‍ണ നാശത്തിന് കാരണമാകുന്നു. സൗത്ത് വെസ്റ്റ് വൈല്‍ഡ് ലൈഫിന്റെ പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഏതാണ്ട് 1970 മുതല്‍ ലോകത്തിലെ പകുതിയോളം ഷഡ്‍പദങ്ങള്‍ നശിച്ചതായാണ്. ഇന്ന് കാണപ്പെടുന്ന ഒരു മില്യന്‍ ഷഡ്‍പദങ്ങളില്‍ ഏതാണ്ട് 41 ശതമാനത്തോളം വംശനാശ ഭീഷണി നേരിടുന്നു.

ബംബിള്‍ബീസ് എന്നറിയപ്പെടുന്ന ഒരുതരം പരാഗണകാരിയായ ഷഡ്‍പദം ഇന്ന് ലോകത്ത് അതിജീവനം നടത്താന്‍ പ്രയാസപ്പെടുന്നതായി പ്രൊ.ഡേവ് ഗൗള്‍സന്റെ പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നു. അവയുടെ ആവാസ വ്യവസ്ഥകളിലുള്ള പൂക്കള്‍ നശിച്ചുകൊണ്ടിരിക്കുന്നതു കാരണം ആവശ്യമായ ഭക്ഷണം ലഭിക്കാതെ വരുന്നു. കീടനാശിനികളുടെ ഉപയോഗം നിലനില്‍പ് തന്നെ ഭീഷണിയിലാക്കുന്നു.

കഴിഞ്ഞ 50 വര്‍ഷങ്ങളിലായി 77 ശതമാനത്തോളം ചിത്രശലഭങ്ങളുടെ ആവാസവ്യവസ്ഥകള്‍ നശിച്ചു. പരിസ്ഥിതിയിലെ വളരെ പ്രധാന കണ്ണിയാണ് ഷഡ്‍പദങ്ങള്‍. പരാഗണകാരികളും പുനചംക്രമണപ്രക്രിയയക്ക് സഹായിക്കുന്നവയും അഴുകാന്‍ സഹായിക്കുന്നവയുമായ നിരവധി പ്രാണിവര്‍ഗങ്ങളെയാണ് കീടനാശിനികളുടെ ഉപയോഗം കൊന്നൊടുക്കുന്നത്.

പ്രാണികളും ചിത്രശലഭങ്ങളും നമ്മുടെ പാര്‍ക്കുകളില്‍ ജീവിക്കുന്നവയാണ്. ഉദ്യാനം പരിപാലിക്കുന്നവര്‍ക്ക് ഇവയുടെ നിലനില്‍പ്പിന്റെ കാര്യത്തില്‍ വളരെ പോസിറ്റീവായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് പ്രൊ. ഗൗള്‍സണ്‍ തന്റെ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. വന്യമൃഗങ്ങളെയും ആവാസ വ്യവസ്ഥയെയും പരിഗണിച്ചുള്ള കൃഷി രീതി സ്വീകരിക്കുകയെന്നതാണ് നമ്മുടെ മുമ്പിലുള്ള വെല്ലുവിളിയെന്ന് ഇദ്ദേഹം ഓര്‍മപ്പിക്കുന്നു. രാസ കീടനാശിനികള്‍ ഉപയോഗിക്കാതെയുള്ള കൃഷിരീതി അവലംബിക്കണം.

കീടനാശിനികളുടെ പ്രയോഗം പ്രവചനാതീതമായ രീതിയില്‍ ഷഡ്‍പദങ്ങളെ വേരോടെ കൊന്നൊടുക്കുന്നതിന് കാരണമാകുന്നു. യഥാര്‍ഥത്തില്‍ വിളകളെ നശിപ്പിക്കുന്ന കീടങ്ങളെ നശിപ്പിക്കാനാണ് കീടനാശിനികള്‍ ഉപയോഗിക്കുന്നത്. എന്നാല്‍, ഇവ പ്രയോഗിക്കപ്പെടുന്ന പാടങ്ങളില്‍ നിന്നും കൃഷിസ്ഥലങ്ങളില്‍നിന്നും സമീപത്തുള്ള ജലാശയങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും കൂടി വ്യാപിക്കുന്നതു കാരണം ഷഡ്‍പദങ്ങളുടെയും ഉപകാരികളായ പ്രാണിവര്‍ഗങ്ങളുടെയും നാശത്തിന് കാരണമാകുന്നുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

വന്‍തോതില്‍ കൃഷി ചെയ്യുന്ന സ്ഥലങ്ങളിലാണ് കീടനാശിനികള്‍ കണക്കില്ലാതെ ഉപയോഗിക്കുന്നത്. ശുദ്ധജലം നിറഞ്ഞ ജലാശയങ്ങളും ഇത്തരത്തിലുള്ള രാസവളങ്ങളും കീടനാശിനികളും ലയിച്ചുചേരുന്നതിനാല്‍ മലിനമാക്കപ്പെടുന്നു. ജലജീവികളുടെ നാശത്തിനും ഇത് വഴിതെളിക്കുന്നു.

കീടനാശിനികള്‍ മാത്രമല്ല, മനുഷ്യന്‍ വ്യാവസായികാവശ്യങ്ങള്‍ക്കാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന മെര്‍ക്കുറി പോലുള്ള രാസവസ്തുക്കളും ജീവികളുടെ വംശനാശത്തിന് വഴിയൊരുക്കുന്നുണ്ട്. വലിയ തോതില്‍ പോളിക്ലോറിനേറ്റഡ് ബൈഫിനൈലിന്റെയും പോളിബ്രോമിനേറ്റഡ് ഡൈഫിനൈലിന്റെയും അംശങ്ങള്‍ മരിയാന ട്രഞ്ചിലെ ഞണ്ട്, ചെമ്മീന്‍ പോലുള്ള ജീവികളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.

യുണൈറ്റഡ് നാഷന്‍സിലെ ചെറുപ്രാണികളിലും സൂക്ഷ്മജീവികളിലും നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് വംശനാശത്തിനുള്ള കാരണങ്ങള്‍ തന്നെയാണ്. കഴിഞ്ഞ 25 വര്‍ഷക്കാലമായി കീടനാശിനികളുടെ ഉപയോഗം വലിയ അളവില്‍ വര്‍ധിച്ചതായി കണ്ടെത്തിയിരിക്കുന്നു. 23 തേനീച്ച വര്‍ഗങ്ങളും അത്ര തന്നെ പല്ലികളുടെ വര്‍ഗങ്ങളും വംശനാശത്തിന് വിധേയമായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

നമുക്ക് ഓരോരുത്തര്‍ക്കും ഷഡ്‍പദങ്ങളെ രക്ഷിക്കാനുള്ള കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കാറ്റ്മിന്റ്, ലാവെന്‍ഡര്‍ തുടങ്ങിയ സസ്യങ്ങളാല്‍ നിറഞ്ഞ പൂന്തോട്ടങ്ങള്‍ വെച്ചുപിടിപ്പിക്കുകയെന്ന ആശയം ഇദ്ദേഹം പ്രതിവിധിയായി മുന്നോട്ട് വെക്കുന്നുണ്ട്. ഡ്രാഗണ്‍ഫ്‌ളൈസും വണ്ടുകളും വളരുന്ന തരത്തിലുള്ള ചെറിയ കുളങ്ങള്‍ നിര്‍മിച്ച് പരിപാലിക്കുന്നതും നല്ലതാണ്. ബട്ടര്‍ഫ്‌ളൈ ബുഷ് എന്നറിയപ്പെടുന്ന ഒരുതരം മനോഹരമായ കുറ്റിച്ചെടിയും ഷഡ്‍പദങ്ങളുടെ വളര്‍ച്ചയെ സഹായിക്കുന്നു. പലനിറങ്ങളിലുള്ള പൂക്കളുണ്ടാകുന്ന ചെടിയാണ് ഇത്. ചിത്രശലഭങ്ങള്‍ ലാവെന്‍ഡര്‍-പിങ്ക് നിറങ്ങളിലുള്ള പൂക്കളാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നത്. ഡാന്‍ഡെലിയണ്‍ എന്ന പൂച്ചെടി നട്ടുവളര്‍ത്തുന്നത് തേനീച്ചകളെ ആകര്‍ഷിക്കാനുള്ള വഴിയാണ്.