ലൈബ്രറി ഇൻസ്റ്റഗ്രാമിൽ ആ പുസ്തകത്തിന്റെയും ബെൻ എഴുതിയ കത്തിന്റെയും ചിത്രം പങ്ക് വച്ചിട്ടുണ്ട്. ഒപ്പം ഇങ്ങനെ ഒരു നല്ല പ്രവൃത്തി ചെയ്യാൻ തോന്നിയതിന് ബെന്നിനോടുള്ള നന്ദിയും അവർ ആ പോസ്റ്റിൽ പറയുന്നുണ്ട്.
ഈ ലോകത്ത് രണ്ടുതരം മനുഷ്യരുണ്ട്. പറ്റുമെങ്കിലും ഒരാൾക്കും ഒരു സഹായവും ചെയ്യാത്ത കൂട്ടരാണ് ഒന്ന്. മറ്റൊരു കൂട്ടർ തങ്ങൾക്ക് കഴിയുന്ന സഹായങ്ങളെല്ലാം ചെയ്യുന്നവരും. ഏതായാലും, ഇപ്പോൾ ഒരു പൈലറ്റിന്റെ അത്തരത്തിലുള്ള ഒരു പ്രവൃത്തിയാണ് അഭിനന്ദിക്കപ്പെടുന്നത്. ഉപേക്ഷിക്കപ്പെട്ടത് പോലെ കിടന്ന ഒരു പുസ്തകം ലൈബ്രറിയെ ഏൽപ്പിക്കുകയാണ് പൈലറ്റ് ചെയ്തത്. എയർപോർട്ടിൽ നിന്നാണ് പൈലറ്റിന് ആ പുസ്തകം കിട്ടിയത്.
കഴിഞ്ഞയാഴ്ചയാണ് കൻസാസിലെ ജോൺസൺ കൗണ്ടി ലൈബ്രറി തങ്ങൾക്ക് ഒരു പാക്കേജ് കിട്ടി എന്ന വിവരം സോഷ്യൽ മീഡിയയിൽ പങ്ക് വച്ചത്. അതിലുണ്ടായിരുന്നത് ഒരു പുസ്തകമാണ്. ഒപ്പം ഒരു എഴുത്തും ഉണ്ടായിരുന്നു. അത് എഴുതിയത് ഡെൽറ്റ എയർലൈൻസിലെ ബെൻ എന്ന് പേരുള്ള ഒരു പൈലറ്റായിരുന്നു. കൻസാസിൽ നിന്നും ആയിരം മൈൽ അകലെയുള്ള അറ്റ്ലാന്റ എയർപോർട്ടിൽ നിന്നുമാണ് തനിക്ക് ആ പുസ്തകം കിട്ടിയിരിക്കുന്നത് എന്ന് ബെൻ എഴുതിയ എഴുത്തിൽ പറയുന്നു.
താൻ വായിക്കാൻ ഏറെ ആർത്തിയുള്ള ഒരാളാണ് എന്നും ആ പുസ്തകം വൈകിയതിന് എന്തെങ്കിലും പിഴയുണ്ടെങ്കിൽ അതടയ്ക്കാനും താൻ തയ്യാറാണ് എന്നും ബെൻ എഴുതിയിട്ടുണ്ട്. എന്നാൽ, ഈ വർഷം മുതൽ പുസ്തകം വൈകി നൽകുന്നതിനുള്ള പിഴ ജോൺസൺ കൗണ്ടി ലൈബ്രറി ഒഴിവാക്കിയിരുന്നു.
ലൈബ്രറി ഇൻസ്റ്റഗ്രാമിൽ ആ പുസ്തകത്തിന്റെയും ബെൻ എഴുതിയ കത്തിന്റെയും ചിത്രം പങ്ക് വച്ചിട്ടുണ്ട്. ഒപ്പം ഇങ്ങനെ ഒരു നല്ല പ്രവൃത്തി ചെയ്യാൻ തോന്നിയതിന് ബെന്നിനോടുള്ള നന്ദിയും അവർ ആ പോസ്റ്റിൽ പറയുന്നുണ്ട്. ബെൻ കുറിച്ചിരിക്കുന്ന എഴുത്തിൽ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട പുസ്തകത്തെ കുറിച്ചും ഒക്കെ പറയുന്നുണ്ട്.
ഏതായാലും, ലൈബ്രറി പങ്കുവച്ച പോസ്റ്റ് പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. അതിൽ മിക്കവരും പറഞ്ഞത് വായിക്കാനിഷ്ടപ്പെടുന്ന ആളുകളാണ് ലോകത്തിലെ ഏറ്റവും മനോഹരമായ ആളുകൾ എന്നാണ്. ഒപ്പം മിക്കവരും ബെന്നിന്റെ പ്രവൃത്തിയെ അഭിനന്ദിക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
