ഹെർക്കുലീസ് അതിന് മുമ്പ് ഒരിക്കലും ഇങ്ങനെ അക്രമണാത്മക സ്വഭാവം കാണിച്ചിട്ടില്ല എന്നും അക്രമിക്കപ്പെടുന്നതിന് തലേദിവസം വരെ അവൻ തന്റെ കൂടെയാണ് ഉറങ്ങിയിരുന്നത് എന്നും ടിയ പറഞ്ഞു.
പിറ്റ്‍ബുൾ, ഉടമകളെയും വീട്ടുകാരെയും ആക്രമിക്കുന്ന വാർത്ത പുതിയതല്ല. അതുപോലെ ഒരു സംഭവം ടെക്സാസിലും നടന്നിരിക്കുകയാണ്. എന്നും കൂടെ കിടന്നുറങ്ങാറുള്ള പെറ്റ് ആയ പിറ്റ്ബുൾ ആണ് ഒരു ദിവസം സ്ത്രീയെ അക്രമിച്ചത്. മരണത്തിൽ നിന്നും കഷ്ടിയാണ് സ്ത്രീ രക്ഷപ്പെട്ടത്.
ടിയ ലൂക്കാസ് എന്ന 41 -കാരിയെ ആണ് പിറ്റ്‍ബുൾ ആക്രമിച്ചത്. തന്റെ കൂട്ടുകാരനായ പീറ്ററിനെ അവളുടെ പുതിയ പപ്പിയായ റൂവിയെ പരിചയപ്പെടുത്തുകയായിരുന്നു ടിയ. അതിനിടെയാണ് അവളുടെ നൂറ് പൗണ്ട് ഭാരമുള്ള പിറ്റ്ബുൾ ആയ ഹെർക്കുലീസ് അവളെ ആക്രമിച്ചത്. "നായ്ക്കുട്ടി സോഫയിലേക്ക് ചാടാൻ പോയി, ഞാൻ നായ്ക്കുട്ടിയെ എടുക്കാൻ പോയി" ടിയ പറഞ്ഞു. അപ്പോഴാണ് ഹെർക്കുലീസ് പീറ്ററിനുനേരെ കുതിച്ച് ചെന്നതും അയാളുടെ കഴുത്തിൽ പല്ലുകൾ ആഴ്ത്തിയതും. ആ സമയത്ത് അയാളുടെ കഴുത്തിൽ നിന്നും ചോര വരാൻ തുടങ്ങി. ടിയ ഉടനെ പീറ്ററിനോട് ബാത്ത്‍റൂമിൽ കയറി സുരക്ഷിതമായി ഇരിക്കാൻ പറഞ്ഞു.
ആ സമയത്താണ് ഹെർക്കുലീസ് ടിയയെ അക്രമിക്കാൻ തുടങ്ങിയത്. 'പീറ്ററിന്റെ രക്തത്തിന്റെ മണം എന്റെ ദേഹത്തുണ്ടായിരുന്നിരിക്കാം. അതാവാം ഹെർക്കുലീസ് എന്നെയും ആക്രമിച്ചത്. എനിക്ക് കൂടുതൽ ഒന്നും ഓർമ്മയില്ല. എന്റെ കയ്യിൽ നിന്നും മാംസം വേർപെട്ട് പോകുന്നതായി അറിഞ്ഞത് എനിക്കോർമ്മയുണ്ട്' എന്ന് ടിയ പറയുന്നു.
'ആ വികാരം എനിക്കോർമ്മയില്ല, ഹെർക്കുലീസ് ഇത് ഞാനാണ് എന്ന് അലറി വിളിച്ചത് എനിക്കോർമ്മയുണ്ട്' ടിയ പറയുന്നു. ടിയയുടെ വലതു കയ്യുടെ മൂന്നിലൊന്ന് ഭാഗവും ഹെർക്കുലീസ് കടിച്ചെടുത്തു. കാലുകളിലും അത് ആക്രമിച്ചു. 'ആരെങ്കിലും എന്നെ സഹായിക്കൂ, ഞാനിപ്പോൾ മരിക്കും' എന്ന് ടിയ അലറിക്കരഞ്ഞു. ആ സമയത്ത് അവളുടെ മകൾ ഇരുപതുകാരി ടനയും ഭർത്താവ് ഹാർലിയും അങ്ങോട്ടെത്തി. അപ്പോഴേക്കും ഹെർക്കുലീസ് അവളെ കടിച്ച് വലിക്കുകയായിരുന്നു.
ഹാർലി ഒരുവിധത്തിൽ ഹെർക്കുലീസിനെ അടിക്കുകയും ടിയയെ മോചിപ്പിക്കുകയും ചെയ്തു. പിന്നീട് അവളെ പുറത്ത് കൊണ്ടുവരികയും ചെയ്തു. ടന 911 -ലേക്ക് വിളിച്ചതനുസരിച്ച് എമർജൻസി സർവീസിൽ നിന്നും ആളുകളെത്തുകയും ടിയയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു. രണ്ട് ദിവസം വെന്റിലേറ്ററിലും 19 ദിവസം ആശുപത്രിയിലും കഴിഞ്ഞു. നൂറുകണക്കിന് തുന്നലുകളാണ് ദേഹത്ത് വേണ്ടി വന്നത്. അഞ്ച് ഓപ്പറേഷനുകളും.
ഹെർക്കുലീസ് അതിന് മുമ്പ് ഒരിക്കലും ഇങ്ങനെ അക്രമണാത്മക സ്വഭാവം കാണിച്ചിട്ടില്ല എന്നും അക്രമിക്കപ്പെടുന്നതിന് തലേദിവസം വരെ അവൻ തന്റെ കൂടെയാണ് ഉറങ്ങിയിരുന്നത് എന്നും ടിയ പറഞ്ഞു. ഇപ്പോഴും അവളുടെ കൈകളും കാലുകളും പഴയപോലെ പ്രവർത്തിക്കുന്നില്ല. 'ഗോഫണ്ട് മീ' ക്യാമ്പയിനിലൂടെയാണ് അവൾ ചികിത്സയ്ക്കുള്ള പണം കണ്ടെത്തിയത്. ഏതായാലും ടിയ ഇപ്പോഴും അന്ന് സംഭവിച്ചതിന്റെ മാനസികാഘാതത്തിൽ നിന്നും കര കയറിയിട്ടില്ല. നായ എന്ന് കേൾക്കുന്നതേ അവൾക്കിപ്പോൾ പേടിയാണ്.
പിറ്റ്‍ബുള്ളുകൾ വീട്ടിൽ വളർത്താൻ പറ്റിയ നായകളാണോ എന്ന കാര്യത്തിൽ ചൂടുള്ള ചർച്ചകൾ ഇപ്പോഴും ലോകമെമ്പാടും നടക്കുകയാണ്. വളർത്തു നായകളുടെ ആക്രമണം ശ്രദ്ധിച്ചാൽ അതിൽ ഏറിയ പങ്കും പിറ്റ്‍ബുള്ളുകളുടെ ഭാഗത്തുനിന്നും ആണുണ്ടായതെന്ന് കാണാം.
