Asianet News MalayalamAsianet News Malayalam

Tanzania : വിഷാംശമുള്ള ആമയുടെ മാംസം കഴിച്ചു, പെംബ ദ്വീപിൽ മൂന്നുവയസുകാരനുൾപ്പെടെ മരിച്ചത് ഏഴുപേർ

മാർച്ചിൽ മഡഗാസ്കറിൽ ആമയുടെ മാംസം കഴിച്ച് ഒമ്പത് കുട്ടികളടക്കം 19 പേർ മരിച്ചതായി എഎഫ്‍പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. 

poisonous turtle meat consumption seven died in Zanzibar
Author
Zanzibar, First Published Nov 30, 2021, 11:22 AM IST

ടാൻസാനിയയിലെ പെംബ ദ്വീപിൽ( Tanzania's Pemba island) വിഷം കലർന്ന കടലാമ(turtle meat)യുടെ മാംസം കഴിച്ച് മൂന്ന് വയസ്സുകാരനുൾപ്പെടെ ഏഴ് പേർ മരിച്ചു. മൂന്നുപേര്‍ ഇപ്പോഴും ആശുപത്രിയിലാണ് എന്ന് ബിബിസി എഴുതുന്നു. ടാൻസാനിയയിലെ ദ്വീപുകളിലും തീരപ്രദേശങ്ങളിലും താമസിക്കുന്നവർക്കിടയിൽ ഈ ആമയുടെ മാംസം ഒരു സാധാരണ വിഭവമാണ്. എന്നാൽ, അധികൃതർ ഇപ്പോൾ ആമകളുടെ ഉപഭോഗം പ്രദേശത്ത് നിരോധിച്ചിരിക്കുന്നു. 

എന്തുകൊണ്ടാണ് ആമയിറച്ചിയില്‍ വിഷം കാണുന്നത്?

അപൂർവ സന്ദർഭങ്ങളിൽ 'ചെലോനിടോക്സിസം'(chelonitoxism) എന്നറിയപ്പെടുന്ന ഒരുതരം ഭക്ഷ്യവിഷബാധ മൂലം കടലാമയുടെ മാംസം വിഷാംശമുള്ളതാവാം. ഇതിന്റെ കൃത്യമായ കാരണം അറിവായിട്ടില്ല. എന്നാൽ, ആമകൾ കഴിക്കുന്ന വിഷപ്പായലുമായി ഇതിന് ബന്ധമുണ്ടെന്ന് കരുതപ്പെടുന്നു, ടർട്ടിൽ ഫൗണ്ടേഷൻ ചാരിറ്റി പറയുന്നു. 

അർദ്ധ സ്വയംഭരണാധികാരമുള്ള സാൻസിബാർ ദ്വീപുകളുടെ ഭാഗമായ പെമ്പയിലെ കുറഞ്ഞത് അഞ്ച് കുടുംബങ്ങളെങ്കിലും കഴിഞ്ഞ വ്യാഴാഴ്ച ആമയുടെ മാംസം കഴിച്ചതായി ലോക്കൽ പൊലീസ് കമാൻഡർ ജുമാ സെയ്ദ് ഹാമിസ് ബിബിസിയോട് പറഞ്ഞു. പിറ്റേദിവസം മുതലാണ് ആളുകളില്‍ ലക്ഷണം കണ്ടു തുടങ്ങിയത്. ആദ്യം മരിക്കുന്നത് മൂന്നുവയസുകാരനാണ്. അന്നുരാത്രി രണ്ടുപേര്‍ കൂടി മരിച്ചു. പിറ്റേന്ന് നാലുപേരും മരിച്ചു. 38 പേര്‍ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. മിക്കവരും പിന്നീട് ഡിസ്‍ചാര്‍ജ്ജായി. ആശുപത്രിയിലുള്ള മൂന്നുപേരുടെ നിലയും അപകടത്തിലല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ട്വിറ്ററിൽ ഒരു സന്ദേശത്തിൽ, സാൻസിബാർ പ്രസിഡന്റ് ഹുസൈൻ മ്വിനി ദുരിതബാധിതരായ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ചു. കുട്ടികളിലും പ്രായമായവരിലും വിഷബാധ ഏറ്റവും മോശമായ തരത്തില്‍ ബാധിക്കും. എന്നിരുന്നാലും ആരോഗ്യമുള്ള മുതിർന്നവർക്കും അത് വരാമെന്നും, ടർട്ടിൽ ഫൗണ്ടേഷൻ പറയുന്നു. 

മാർച്ചിൽ മഡഗാസ്കറിൽ ആമയുടെ മാംസം കഴിച്ച് ഒമ്പത് കുട്ടികളടക്കം 19 പേർ മരിച്ചതായി എഎഫ്‍പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. ഇന്തോനേഷ്യ, മൈക്രോനേഷ്യ, ഇന്ത്യയുടെ ഇന്ത്യൻ മഹാസമുദ്ര ദ്വീപുകൾ എന്നിവിടങ്ങളിലും കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios