Asianet News MalayalamAsianet News Malayalam

Police Dog : കാണാതായ 10 വയസ്സുകാരിയെ മണിക്കൂറിനുള്ളില്‍ കണ്ടെത്തി പൊലീസ് നായ!

അമേരിക്കന്‍ പൊലീസിലെ ഈ മിടുക്കന്‍ നായയെത്തേടി ഇപ്പോള്‍ അഭിനന്ദന പ്രവാഹമാണ്. കാണാതായ ഒരു 10 വയസ്സുകാരിയെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇസി എന്ന ഈ പൊലീസ് നായ നാട്ടിലെ താരമായത്. കുനേറ്റിക്കുട്ട് പൊലീസിന്റെ പ്രിയപ്പെട്ട ഈ പൊലീസ് നായയുടെ വീരകഥ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും വൈറലാണ്. 

Police dog finds missing 10 Year Old Girl in US
Author
Connecticut, First Published Dec 17, 2021, 6:48 PM IST

അമേരിക്കന്‍ പൊലീസിലെ ഈ മിടുക്കന്‍ നായയെത്തേടി ഇപ്പോള്‍ അഭിനന്ദന പ്രവാഹമാണ്. കാണാതായ ഒരു 10 വയസ്സുകാരിയെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇസി എന്ന ഈ പൊലീസ് നായ നാട്ടിലെ താരമായത്. കുനേറ്റിക്കുട്ട് പൊലീസിന്റെ പ്രിയപ്പെട്ട ഈ പൊലീസ് നായയുടെ വീരകഥ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും വൈറലാണ്. 

കഴിഞ്ഞ ആഴ്ചയാണ് സംഭവം. കുനേറ്റിക്കുട്ട് പൊലീസില്‍ ഒരു കോള്‍ വന്നു. വുഡ് ബറിയിലെ ഒരു പത്തുവയസ്സുകാരിെയ കാണാനില്ല എന്നായിരുന്നു കോള്‍. പൊലീസ്  ഉടന്‍ തന്നെ ഇൗ പൊലീസ് നായയുടെ കെയര്‍ടേക്കറിനെ വിവരമറിയിച്ചു. അധികം വൈകിയില്ല, ഇസിയും ഒപ്പമുള്ള പൊലീസ് ഉദ്യോഗസ്ഥനും കാണാതായ പെണ്‍കുട്ടിയുടെ വീട്ടിലെത്തി. 

അവിടെ ചെന്ന ഇസി പെണ്‍കുട്ടിയുടെ വസ്ത്രങ്ങളും മറ്റു സാധനങ്ങളും പരിശോധിച്ചു. മണം കിട്ടിയതോടെ ഇസി ആ വീട്ടില്‍നിന്നുമിറങ്ങി. പിന്നെയൊരു പോക്കായിരുന്നു. ആ യാത്ര ചെന്നുനിന്നത് പെണ്‍കുട്ടിയുടെ വീട്ടില്‍നിന്നും അധികം ദൂരയെല്ലാത്ത വനപ്രദേശത്താണ്. അധികം വൈകിയില്ല, ഇസി നേരെ ചെന്നുനിന്നു, ആ പെണ്‍കുട്ടിയുടെ മുന്നിലേക്ക്. 

അവിടെയുള്ള ഒരു നേച്ചര്‍ സെന്ററിനു മുന്നില്‍ നില്‍ക്കുകയായിരുന്നു കാണാതായ പെണ്‍കുട്ടി. അവളുടെ മുന്നില്‍ ചെന്ന് ഇസി കുരച്ചതോടെ കൂടെയുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ പൊലീസ് സംഘത്തെ വിവരമറിയിച്ചു. ഉടന്‍ തന്നെ പൊലീസ് വാഹനങ്ങള്‍ സ്ഥലത്തെത്തി. പെണ്‍കുട്ടിയെ അവര്‍ സുരക്ഷിതമായി വീട്ടിലെത്തിച്ചു. ഒരു മണിക്കൂറിനുളളിലാണ് ഇസി കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തിയത്. 

തുടര്‍ന്ന് ഇസിയുടെ വീരകഥ പറഞ്ഞും ആ നായയെ വാഴ്ത്തിയും പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റും വന്നു. 

ജുലൈ മാസം ടാന്‍ഗോ എന്ന പൊലീസ് നായ, കാണാതായ ഒരു 13 വയസ്സുകാരിയെ മൂന്ന് മണിക്കൂറിനുള്ളില്‍ കണ്ടെത്തി വാര്‍ത്തയായിരുന്നു. 

Follow Us:
Download App:
  • android
  • ios