Asianet News Malayalam

കൊവിഡ് വന്നു രാജ്യം ഗതിമുട്ടി നിൽക്കുന്നതിനിടെ ചന്ദ്രനിൽ ഖനനത്തിനുള്ള കരാർ ഒപ്പിട്ട് പ്രസിഡന്റ് ട്രംപ്

ബഹിരാകാശത്തെ ട്രംപ് ഇങ്ങനെ  കോളനിവൽക്കരിക്കുന്നത് സ്വീകാര്യമല്ല എന്ന് റഷ്യൻ സ്‌പേസ് ഏജൻസി ആയ റോസ്കോസ്മോസിന്റെ ഡയറക്ടർ പറഞ്ഞു

president trump signs executive order for space mining in moon amid covid 19 blues
Author
America, First Published Apr 13, 2020, 9:44 AM IST
  • Facebook
  • Twitter
  • Whatsapp

ലോകം മുഴുവൻ കൊവിഡ് ഭീതിയിൽ ആണ്ടുനിൽക്കുന്നതിനിടെ ചന്ദ്രോപരിതലത്തിലെ വിഭവങ്ങളുടെ പര്യവേക്ഷണവും  വിനിയോഗവും സംബന്ധിച്ച അമേരിക്കൻ നയങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന  ഒരു 'എക്സിക്യൂട്ടീവ് ഓർഡർ' ഒപ്പിടാൻ സമയം കണ്ടെത്തിയ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ നടപടി വലിയ വിമർശനങ്ങൾക്ക് കാരണമായിരിക്കുകയാണ്. ചന്ദ്രോപരിതലത്തിലെ ജലം, ധാതുക്കൾ എന്നിവയിൽ അമേരിക്കയ്ക്കുള്ള അവകാശം സംബന്ധിച്ച ഒന്നാണ് ഈ ഓർഡർ.  അസമയത്തുള്ള  ഈ കരാർ ഒപ്പിടൽ, ആഗോളതലത്തിൽ ഏറിയ കൂറും വിമർശനങ്ങൾക്കാണ് കാരണമായത് എങ്കിലും, അപൂർവം ചില രാജ്യങ്ങൾ പ്രസ്തുത ഉദ്യമത്തിൽ അമേരിക്കയോട് സഹകരിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ടും രംഗത്തെത്തിയിട്ടുണ്ട്.  

"നിലവിലെ നിയമത്തിന് വിധേയമായിക്കൊണ്ട് അമേരിക്കയ്ക്കും ബഹിരാകാശത്തെ വിശിഷ്യാ ചന്ദ്രോപരിതലത്തിലെ ധാതുക്കളുടെയും ജലത്തിന്റെയും പര്യവേക്ഷണത്തിനും വിനിയോഗത്തിനുമുള്ള അവകാശമുണ്ടായിരിക്കും. ബഹിരാകാശമെന്നത് മനുഷ്യന്റെ പ്രവൃത്തികളെ സംബന്ധിച്ചിടത്തോളം നിയമപരമായും ഭൗതികമായും അനതിസാധാരണമായ ഒരിടമാണ്. അത് ഒരു ആഗോള പൊതുവിടമാണ് എന്ന് അമേരിക്ക കരുതുന്നില്ല " എന്ന് ഓർഡർ പറയുന്നു. 

 

അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കാതെ തന്നെ അവിടെ വ്യവസായികാടിസ്ഥാനത്തിലുള്ള ഖനനം നടത്താനും, അവിടെ ലഭ്യമായ വിഭവങ്ങൾ വിനിയോഗിക്കാനും അമേരിക്കയ്ക്ക് അവകാശമുണ്ട് എന്നും ഓർഡർ പറയുന്നുണ്ട്. എന്നാൽ അമേരിക്കയുടെ ഈ അവകാശവാദം അന്താരാഷ്ട്രതലത്തിൽ നിയമപരമായ നിലനിൽപ്പുള്ള ഒന്നാണോ എന്ന് ഇനിയും ഉറപ്പിക്കാറായിട്ടില്ല. അമേരിക്കൻ മണ്ണിലെ ഖനനങ്ങളെപ്പറ്റി പറയുന്ന അതേ ലാഘവത്തോടെ അമേരിക്കയ്ക്ക് ബഹിരാകാശത്തെ ഖനനങ്ങളെപ്പറ്റി പറയാൻ സാധിക്കുമോ എന്ന് ഉറപ്പിച്ചു പറയാറായിട്ടില്ല. 

ബഹിരാകാശ ക്ലബ്ബിൽ അംഗത്വം നേടിയിട്ടുള്ള ചുരുക്കം ചില രാജ്യങ്ങൾ ഇനിയും ബഹിരാകാശത്തെ ഒരു 'ഗ്ലോബൽ കോമൺസ്' അഥവാ ആഗോള പൊതു ഇടം ആയി അംഗീകരിക്കാൻ സന്മനസ്സു കാണിച്ചിട്ടില്ല. അത് അവിടെ ഉണ്ടാകാൻ സാധ്യതയുള്ള വിഭവങ്ങളെ തങ്ങളുടെ ശാസ്ത്രസാങ്കേതിക വളർച്ച മുതലെടുത്തുകൊണ്ട് ഏകപക്ഷീയമായി ചൂഷണം ചെയ്യാം എന്നുള്ള സ്വകാര്യമോഹത്തിന്റെ പുറത്താണ്. സ്‌പേസിലേക്ക് പോകാൻ കോപ്പുകൂട്ടുന്ന അല്ലെങ്കിൽ പോയിക്കഴിഞ്ഞ  റഷ്യ, ചൈന, ജപ്പാൻ, മറ്റുള്ള യൂറോപ്യൻ രാജ്യങ്ങൾ എന്നിവർ ഇതേ കാരണത്താലാണ് മൂൺ ട്രീറ്റിയിൽ ഇന്നുവരെ ഒപ്പുവെക്കാതെ മാറി നിൽക്കുന്നത്. 

ചന്ദ്രനിലേക്കുള്ള യാത്രകൾക്കും, ചൊവ്വ പര്യവേക്ഷണത്തിനും ഒക്കെ അമേരിക്ക പദ്ധതിയിടുന്നുണ്ട് എന്നും, ഈ എക്സിക്യൂട്ടീവ് ഓർഡർ ബഹിരാകാശത്ത് വ്യവസായികാടിസ്ഥാനത്തിലുള്ള റിയൽ എസ്റ്റേറ്റ്, മൈനിങ് സൈറ്റുകളുടെ ഡെവലപ്പ്മെന്റ് ലക്ഷ്യമിട്ടുള്ളതാണ് എന്നും  പ്രസിഡന്റിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റും നാഷണൽ സ്‌പേസ് കൗൺസിലിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറിയുമായ ഡോ. സ്‌കോട്ട് പേസ് പറഞ്ഞു. 

 

 

ചന്ദ്രോപരിതലത്തിലെ വിഭവങ്ങളുടെ പര്യവേക്ഷണത്തിന് ബഹുരാഷ്ട്ര ധാരണകൾ അടുത്ത 180 ദിവസത്തിനകം ഉണ്ടാക്കാൻ സാധിക്കുമെന്ന് കരുതുന്നതായി അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു. ട്രംപിന്റെ ഈ എക്സിക്യൂട്ടീവ് ഓർഡർ കൊളോണിയൽ ചിന്താഗതിയാണ് എന്ന് റഷ്യൻ സ്‌പേസ് ഏജൻസി ആയ റോസ്കോസ്മോസിന്റെ ഡയറക്ടർ പറഞ്ഞു. ബഹിരാകാശത്തെ ട്രംപ് ഇങ്ങനെ  കോളനിവൽക്കരിക്കുന്നത് സ്വീകാര്യമല്ല എന്നും അദ്ദേഹം പറഞ്ഞു. 

അമേരിക്ക മാത്രമല്ല സ്‌പേസിൽ പര്യവേക്ഷണം നടത്തുന്നതിന്റെ സ്വപ്‌നങ്ങൾ കാണുന്ന ലോകരാഷ്ട്രം. ചൈനയ്ക്കും ഇത് സംബന്ധിച്ച പദ്ധതികളും സ്വപ്നങ്ങളുമുണ്ട്. ചൈനയുടെ ആദ്യത്തെ ആസ്റ്ററോയിഡ്‌ പര്യവേക്ഷണ ബഹിരാകാശ പേടകം  2020 -ൽ ലോഞ്ച് ചെയ്യപ്പെടും എന്ന് ഏതാനും വർഷങ്ങൾക്കു മുമ്പ് ചൈനീസ് സ്‌പേസ് ഏജൻസി തലവൻ യെ പെയ്ജിയാൻ അറിയിച്ചിരുന്നു. അമേരിക്കയെ വിമർശിക്കാൻ മുന്നിൽ തന്നെയുണ്ടെങ്കിലും റഷ്യയ്ക്കും ബഹിരാകാശത്തെ സംബന്ധിച്ച വ്യാവസായിക സ്വപ്നങ്ങൾക്ക് കുറവൊന്നുമില്ല. 2025 -ൽ ചന്ദ്രനിൽ സ്ഥിരമായ സ്‌പേസ് ആസ്ഥാനം സ്ഥാപിച്ച്, സാധിക്കുമെങ്കിൽ അവിടെ നിന്ന് ഹീലിയം ഉത്പാദിപ്പിച്ചെടുക്കണമെന്നുണ്ട് റഷ്യയ്ക്ക്. ബഹിരാകാശ പര്യവേക്ഷണങ്ങളിൽ ചൈനയുമായി സഹകരണത്തിനും റഷ്യ തയ്യാറെടുക്കുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios