ജീവന്‍പണയംവെച്ച് ഒരിക്കല്‍ ജയിലില്‍നിന്ന് രക്ഷപ്പെടുത്തിയ അതേ ആളാല്‍ ജയിലിലടക്കപ്പെട്ട്, പീഡനങ്ങള്‍ ഏറ്റുവാങ്ങി ഒരു വിപ്ലവനായകന്റെ അന്ത്യം.
രാജ്യദ്രോഹക്കുറ്റത്തിന് തടവില്‍ കഴിയുന്നതിനിടെ ദുരൂഹ സാഹചര്യത്തില്‍ കഴിഞ്ഞദിവസം മരിച്ച നിക്കരാഗ്വോയിലെ പ്രതിപക്ഷ നേതാവ് ഹ്യൂഗോ ടോറസ് (73) ഒരു കാലത്ത് ആ നാടിന്റെ വിപ്ലവനായകനായിരുന്നു. വിചിത്രമെന്നു പറയട്ടെ, ടോറസിനെ ജയിലിലടക്കുകയും പീഡിപ്പിക്കുകയും ചെയ്ത നിലവിലെ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയ്ക്കൊപ്പം സ്വാതന്ത്ര്യ വിപ്ലവത്തില്‍ പങ്കാളിയായിരുന്നു അദ്ദേഹം. ടോറസിന്റെ സഹായമില്ലായിരുന്നുവെങ്കില്‍, 1974-ല്‍ ജയിലില്‍നിന്ന് രക്ഷപ്പെടാന്‍ പോലും ഒര്‍ട്ടേഗയ്ക്ക് കഴിയില്ലായിരുന്നു. എന്നിട്ടും കാലം മാറിയപ്പോള്‍ ഇരുവരും വിരുദ്ധ പക്ഷത്ത് വരികയും ടോറസിനെ ഒര്‍ട്ടേഗ ജയിലിലടക്കുകയും ചെയ്തു.
ഏകാധിപത്യത്തിനെതിരെ നിക്കരാഗ്വോയില്‍നടന്ന ചൂടുള്ള വിപ്ലവത്തിലെ ഉശിരുള്ള സഖാക്കളായിരുന്ന ഇരുവരും കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ് തെറ്റിയത്. ഒരിക്കല്‍ എന്തിനെയാണോ എതിര്‍ത്തത് അതേ ഏകാധിപത്യത്തിലേക്ക് ഒര്‍ട്ടേഗ കൂപ്പുകുത്തിയതോടെയായിരുന്നു ആ വേര്‍പിരിയല്‍. ഒര്‍ട്ടേഗയുടെ ഏകാധിപത്യ രീതികള്‍ക്കെതിരെ ടോറസ് ഒരു പാര്‍ട്ടി രൂപവല്‍കരിച്ചു. പഴയ അനേകം വിപ്ലവസഖാക്കള്‍ അതില്‍ അണിനിരന്നു. വലതുപക്ഷ പാതയിലേക്ക് കൂപ്പുകുത്തിയ ഒര്‍ട്ടേഗയ്ക്ക് എതിരെ ഇടതുപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചുള്ള പ്രക്ഷോഭങ്ങള്‍ നടന്നു. അതില്‍ കലിപ്പു മൂത്ത ഒര്‍ട്ടേഗ കഴിഞ്ഞ വര്‍ഷത്തെ വിവാദ തെരഞ്ഞെടുപ്പിന് മുന്നോടിയായി ടോറസ് അടക്കമുള്ള നിരവധി പ്രതിപക്ഷ നേതാക്കളെ ജയിലിലടച്ചു. തീര്‍ന്നില്ല, പൂര്‍ണ്ണ ആരോഗ്യവാനായ, സമരപാരമ്പര്യം ഏറെയുള്ള യോദ്ധാവായിരുന്ന ടോറസ് എട്ടുമാസങ്ങള്‍ക്കുശേഷം ജയിലില്‍ കഴിയുന്നതിനിടെ ദുരൂഹ സാഹചര്യങ്ങളില്‍ മരിച്ചു. എന്താണ് അദ്ദേഹത്തെ ബാധിച്ച രോഗമെന്ന ഒര്‍ട്ടേഗ സര്‍ക്കാര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ജയിലില്‍വെച്ച് ഗുരുതരാവസ്ഥയിലായ അദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലെത്തിച്ചുവെന്നാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും അക്കാര്യം അംഗീകരിക്കാത്തവര്‍ ഏറെയുണ്ട് രാജ്യത്ത്. രോഗവിവരങ്ങള്‍ സര്‍ക്കാര്‍ വെളിപ്പെടുത്താത്തത് ഇക്കാര്യം കൊണ്ടുകൂടിയാണ്.

ഡാനിയല്‍ ഒര്‍ട്ടേഗ
1945-ല്‍ സാധാരണ കുടുംബത്തില്‍ പിറന്ന ഒര്‍ട്ടേഗ എഴുപതുകളില്‍, അനസ്താസിയോ സൊമോസയുടെ ക്രൂരമായ ഏകാധിപത്യ ഭരണത്തിന് എതിരെ നിക്കരാഗ്വോയില്‍ നടന്ന സാന്‍ഡിനിസ്ത വിപ്ലവത്തിന്റെ ഐതിഹാസിക നായകരില്‍ ഒരാളായിരുന്നു. ഗറില്ലാ പോരാട്ടത്തിലൂടെ സൊമോസ ഭരണകൂടത്തെ വിറപ്പിച്ച വിപ്ലവകാരികളുടെ മുന്‍നിര പോരാളി ധീരയോദ്ധാവെന്ന് അന്നേ പേരെടുത്ത ടോറസ് ആയിരുന്നു. എന്നാല്‍, അപാരമായ നേതൃശേഷിയും പ്രസംഗപാടവവും സംഘടനകശേഷിയുമുണ്ടായിരുന്ന ഒര്‍ട്ടേഗ വൈകാതെ നേതൃത്വത്തിലേക്ക് ഉയര്‍ന്നു. വിപ്ലവ പ്രവര്‍ത്തനങ്ങള്‍ക്കിടെ സൊമോസയുടെ പട്ടാളം ഒര്‍ട്ടേഗയെ പിടികൂടി ജയിലടച്ചു. അതിക്രൂരമായ പീഡനങ്ങള്‍ക്ക് ജയിലില്‍ അദ്ദേഹം വിധേയനായി. അതിനിടെ, അതിസാഹസികമായി ടോറസിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം വിപ്ലവകാരികള്‍ അദ്ദേഹത്തെ രക്ഷപ്പെടുത്തുകയായിരുന്നു. അതിനു ശേഷം ക്യൂബയിലേക്ക് കടന്ന ഒര്‍ട്ടേഗയ്ക്ക് ഫിദല്‍ കാസ്‌േട്രായുടെ നേതൃത്വത്തില്‍ ഗറില്ലാ പരിശീലനം ലഭിച്ചു. പിന്നീട് രാജ്യത്തേക്ക് തിരിച്ചുവന്ന ഒര്‍ട്ടേഗ 1978-79 കാലത്തുനടന്ന ഐതിഹാസിക വിപ്ലവത്തിന്റെ മുന്‍നിരയിലെത്തി.

വിപ്ലവകാലത്ത് ടോറസും ഒര്‍ട്ടേഗയും. (മധ്യത്തില്‍)
വിപ്ലവാനന്തരം സൊമോസ ഭരണകൂടം തകര്‍ന്നു വീണു. രാഷ്ട്രീയ തന്ത്രജ്ഞതയും കൂര്‍മ്മബുദ്ധിയുമുള്ള ഒര്‍ട്ടേഗ 1979-ല്‍ വിപ്ലവ ഭരണകൂടത്തിന്റെ കോഡിനേറ്റര്‍ ആയി മാറി. പൂര്‍ണ്ണമായും ഇടതുപക്ഷ രീതിയിലുള്ള ഭരണമായിരുന്നു അത്. ദേശസാല്‍ക്കരണം, ഭൂപരിഷ്‌കരണം, സമ്പത്തിന്റെ സമത്വപൂര്‍ണ്ണമായ വിതരണം തുടങ്ങിയ നയങ്ങള്‍ക്ക് ഒര്‍ട്ടേഗ ചുക്കാന്‍പിടിച്ചു. 85-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഒര്‍ട്ടേഗ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചു. ഇടതുപക്ഷ നയങ്ങള്‍ തന്നെയായിരുന്നു അന്നേരവും അദ്ദേഹം മുന്നോട്ടുവെച്ചത്. രാജ്യത്തെ മാറ്റിമറിച്ച സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ അടക്കം അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ഇക്കാലങ്ങളിലൊക്കെ ടോറസും ഭരണകൂടത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനത്തുണ്ടായിരുന്നു. അതിനു ശേഷം വീണ്ടും ഒര്‍ട്ടേഗ തന്നെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍, അടിമുറി മാറിയ ഒര്‍ട്ടേഗയായിരുന്നു പിന്നീട് ഭരണക്കസേരയിലിരുന്നത്.
തൊണ്ണൂറുകളില്‍ ലോകത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിയപ്പോള്‍ ഒര്‍ട്ടേഗയും മാറി. അദ്ദേഹം കൂടുതല്‍ വലതുപക്ഷത്തേക്ക് ചായുന്നതായി വിമര്‍ശനമുയര്‍ന്നു. മാര്‍ക്കറ്റ് ഇക്കോണാമി, ഉദാരവല്‍ക്കരണം എന്നിവയുടെ വഴിയിലേക്ക് ഒര്‍ട്ടേഗ രാജ്യത്തെ മുന്നോട്ടുനയിച്ചു. ഒപ്പം, അതുവരെ അകറ്റിനിര്‍ത്തിയിരുന്ന ക്രിസ്തീയ സഭയുമായുള്ള അടുപ്പവും വര്‍ദ്ധിച്ചു. ജനവിരുദ്ധമായ അനേകം പദ്ധതികള്‍ ഒര്‍ട്ടേഗ കൊണ്ടുവന്നു. വിദേശ കമ്പനികള്‍ക്ക് രാജ്യത്തിന്റെ സ്വത്തുക്കള്‍ പതിച്ചു നല്‍കുകയും ദേശസാല്‍ക്കരണം ഉപേക്ഷിച്ച് ഉദാരവല്‍ക്കരണത്തിലേക്ക് നീങ്ങുകയും ചെയ്തു. അതോടൊപ്പം ക്രിസ്ത്യന്‍ വലതുപക്ഷ സംഘടനകള്‍ക്കൊപ്പം നിലയുറപ്പിക്കുകയും ചെയ്തു. ഈ കാലയളവിലാണ്, നേരത്തെ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന വിപ്ലവകാരികളായ സഹപ്രവര്‍ത്തകരെല്ലാം എതിര്‍പക്ഷത്തേക്ക് മാറിയത്. അവരുടെ മുന്‍നിരയിലുണ്ടായിരുന്നത് ടോറസായിരുന്നു. ഇതിനിടെ കടുത്ത ഏകാധിപത്യ രീതികളിലേക്ക് ഒര്‍ട്ടേഗ മാറിയിരുന്നു. അയാള്‍ സൈന്യത്തെ ഉപയോഗിച്ച് വിമര്‍ശകരെ മുഴുവന്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചു. സോഷ്യല്‍ മീഡിയയെയും മറ്റും നിയന്ത്രണത്തിലാക്കി.

ഹ്യൂഗോ ടോറസ്
പിന്നീട് കഴിഞ്ഞ വര്‍ഷം നടന്ന വിവാദ തെരഞ്ഞെടുപ്പു കാലത്ത്, പ്രചാരണം കൊടുമ്പിരി കൊള്ളുന്നതിനിടെ ടോറസ് അടക്കം 46 പ്രതിപക്ഷ നേതാക്കളെ ഒര്‍ട്ടേഗ ജയിലിലടച്ചു. 1995-ല്‍ ഒര്‍ട്ടേഗയുമായി തെറ്റിപ്പിരിഞ്ഞ് രൂപവല്‍കരിച്ച ഉനാമോസ് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റായിരുന്ന ടോറസിനെതിരെ ദേശീയ അഖണ്ഡത തകര്‍ക്കാന്‍ ഗൂഢാലോചന നടത്തി എന്നതടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. തെരഞ്ഞെടുപ്പ് ഒര്‍ട്ടേഗ അട്ടിമറിച്ചതായി വ്യാപകമായ ആരോപണമുണ്ടായിരുന്നു. വിവാദങ്ങള്‍ക്കിടെ വീണ്ടും അധികാരത്തിലേറിയ ഒര്‍ട്ടേഗ പൂര്‍ണ്ണ ഏകാധിപത്യത്തിലേക്കാണ് നീങ്ങിയത്.
ജയിലില്‍വെച്ച് ടോറസ് മാനസികമായും ശാരീരികമായും കൊടും പീഡനത്തിനിരയായതായി അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ഉനാമോസ് പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ മാസം അദ്ദേഹത്തിന്റെ ആരോഗ്യ നില മോശമാവുന്നതിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍ സര്‍ക്കാര്‍ പ്രതികരിച്ചില്ലെന്നും പാര്‍ട്ടി കുറ്റപ്പെടുത്തുന്നു.
ടോറസിന്റെ സ്വാതന്ത്ര്യം മനുഷ്യത്വവിരുദ്ധമായ രീതിയില്‍ ഇല്ലാതാക്കുകയായിരുന്നുവെന്നാണ് യു എന്‍ മനുഷ്യാവകാശ സമിതി ഹൈകമീഷണര്‍ മൈക്കിള്‍ ബാഷ്ലറ്റ് പ്രസ്താവനയില്‍ പറഞ്ഞത്.
