ഒരു മുന്‍ വാഴത്തോട്ട ഉടമയും, ബിസിനസുകാരനുമായിരുന്നു ഹേവനല്‍ മോയ്‌സ്. അദ്ദേഹം 'ബനാന മാന്‍' എന്നാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്. 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചതോടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. 

കഴിഞ്ഞ ദിവസമാണ് ഹെയ്തി പ്രസിഡന്റ് ഹേവനല്‍ മോയ്‌സിനെ സായുധരായ കൊലയാളി സംഘം ഔദ്യോഗിക വസതിയില്‍ കയറി വെടിവെച്ചുകൊന്നത്. അമേരിക്കന്‍ ലഹരി വിരുദ്ധ ഏജന്‍സിയായ ഡി ഇ എയുടെ യൂനിഫോമണിഞ്ഞ് എത്തിയ സായുധ സംഘം, പ്രസിഡന്റിനെയും ഭാര്യയും തുരുതുരാ വെടിവെക്കുകയായിരുന്നു. 12 വെടിയുണ്ടകള്‍ തറച്ചുകേറിയ പ്രസിഡന്റ് തല്‍ക്ഷണം മരിച്ചു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭാര്യ അപകടനില തരണം ചെയ്തു. 


ആരായിരുന്നു ഹേവനല്‍ മോയ്‌സ്?

ഒരു മുന്‍ വാഴത്തോട്ട ഉടമയും, ബിസിനസുകാരനുമായിരുന്നു ഹേവനല്‍ മോയ്‌സ്. അദ്ദേഹം 'ബനാന മാന്‍' എന്നാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്. 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചതോടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. 

1968 ജൂണില്‍ ട്രൊ-ഡു-നോര്‍ഡില്‍ ഒരു മധ്യവര്‍ഗ കുടുംബത്തിലാണ് ജോവനല്‍ ജനിച്ചത്. അദ്ദേഹത്തിന്റെ അച്ഛന്‍ ഒരു വ്യാപാരിയും, അമ്മ ഒരു തയ്യല്‍ക്കാരിയുമായിരുന്നു. അദേഹത്തിന് ആറു വയസ്സുള്ളപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബം തലസ്ഥാനമായ പോര്‍ട്ട് ഓ പ്രിന്‍സിലേയ്ക്ക് കുടിയേറി. 

വിദേശ കൈയേറ്റങ്ങള്‍, സ്വേച്ഛാധിപത്യം, അത്ര വിജയകരമല്ലാത്ത ജനാധിപത്യ പരീക്ഷണങ്ങള്‍ എന്നിവയുടെ നീണ്ട, വേദനാജനകമായ ചരിത്രമുള്ള രാജ്യമാണ് ഹെയ്തി. 

ഹേവനല്‍ മോയ്‌സിന്റെ രാഷ്ട്രീയ പ്രവേശന സമയത്ത്, രാജ്യം കടുത്ത പട്ടിണിയിലും, അരക്ഷിതാവസ്ഥയിലുമായിരുന്നു. 2010 -ല്‍ ഉണ്ടായ ഭൂകമ്പത്തില്‍ രാജ്യം തകര്‍ന്നു. അന്ന് കുറഞ്ഞത് 300,000 ആളുകളെങ്കിലും മരിച്ചു. 

ജനാധിപത്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുമെന്നും അഴിമതി അവസാനിപ്പിക്കുമെന്നും പറഞ്ഞാണ് ഹേവനല്‍ മോയ്‌സ് അധികാരത്തിലേക്ക് വന്നത്. അദ്ദേഹം തിരഞ്ഞെടുപ്പില്‍ വിജയിച്ചു. എന്നാല്‍ പക്ഷേ ഭരണത്തില്‍ കയറിയ അദ്ദേഹത്തിന്റെ കീഴില്‍ ഹെയ്തിയിലെ രാഷ്ട്രീയ, സാമ്പത്തിക സ്ഥിതി കൂടുതല്‍ വഷളാവുകയാണ് ഉണ്ടായത്.

2015 -ല്‍ ഇവിടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരുന്നെങ്കിലും അശാന്തിക്കും മറ്റ് പ്രതിസന്ധികള്‍ക്കും ഇടയില്‍ പലതവണ മാറ്റിവയ്ക്കപ്പെട്ടു. 2016 നവംബറിലാണ് ഹേവനല്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. 2016 ഫെബ്രുവരി 7 -ന് കാലാവധി അവസാനിച്ച പ്രസിഡന്റ് മൈക്കല്‍ മാര്‍ട്ടലി സ്ഥാനമൊഴിഞ്ഞു. എന്നാല്‍ 2017 ഫെബ്രുവരി 7 വരെ മോയ്സിന് അധികാരമേറ്റെടുക്കാനായില്ല. 

ഹെയ്തിയന്‍ ഭരണഘടന അനുസരിച്ച്, പ്രസിഡന്റ് പദവിയുടെ കാലാവധി അഞ്ച് വര്‍ഷമാണ്. ഹേവനലിന്റെ അഞ്ചുവര്‍ഷ കാലാവധി സാങ്കേതികമായി 2016 ലാണ് ആരംഭിച്ചത്. അത് 2021 ഫെബ്രുവരി 7 ന് അവസാനിച്ചുവെന്ന് പ്രതിപക്ഷ നേതാക്കള്‍ അവകാശപ്പെടുന്നു. എന്നാല്‍ 2017 ഫെബ്രുവരി 7 ന് മാത്രമാണ് താന്‍ ഔദ്യോഗികമായി ചുമതലയേറ്റതെന്നും, അതുകൊണ്ട് തനിക്ക് ഒരു വര്‍ഷം കൂടി അധികാരമുണ്ടെന്നും ജോവനല്‍ വാദിച്ചു. ഇതായിരുന്നു രാഷ്ട്രീയ പ്രതിസന്ധിയുടെ മൂലകാരണം.

ഫെബ്രുവരി 7 -ന് സ്ഥാനമൊഴിയാന്‍ ഹേവനല്‍ വിസമ്മതിച്ചതിനാല്‍ പ്രതിപക്ഷം രാജ്യവ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. സുപ്രീം കോടതി ജഡ്ജിയായിരുന്ന ജോസഫ് മെക്കീന്‍ ജീന്‍ ലൂയിസിനെ ഒരു ഇടക്കാല പ്രസിഡന്റാക്കി അവര്‍ ഒരു സമാന്തര സര്‍ക്കാറുണ്ടാക്കി. 

ഹേവനല്‍ ഇതിനെ അട്ടിമറി എന്ന് വിളിക്കുകയും രണ്ട് ഡസനോളം പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സായുധ സംഘങ്ങളുടെ അക്രമം രാജ്യത്തുടനീളം വ്യാപിച്ചു. രാജ്യത്ത് നടന്ന ആക്രമ പരമ്പരകളില്‍ ഭയന്ന് ആളുകള്‍ പലായനം ചെയ്യാന്‍ തുടങ്ങി.

ഒരു വര്‍ഷത്തിനുള്ളില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടത്തുമെന്ന് ഹേവനല്‍ വാഗ്ദാനം ചെയ്തുവെങ്കിലും, രാജ്യത്തിന്റെ ഭരണഘടന മാറ്റിയെഴുതാനായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ ശ്രമം. വീണ്ടും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍നിന്ന് പ്രസിഡന്റിനെ വിലക്കുന്ന ഭരണഘടനയിലെ ഒരു വ്യവസ്ഥ നീക്കം ചെയ്യാനും അദ്ദേഹം ശ്രമിച്ചു. സാമ്പത്തിക തകര്‍ച്ചയും, മഹാമാരിയുടെ വ്യാപനവും രാഷ്ട്രീയ പ്രതിസന്ധിയെ കൂടുതല്‍ വഷളാക്കി.

അതിനിടെയാണ്, ബുധനാഴ്ച അദ്ദേഹം വധിക്കപ്പെട്ടത്. രാജ്യത്ത് അദ്ദേഹത്തിന് എതിരായ വികാരം കത്തിനില്‍ക്കുന്ന സമയത്താണ്, കൊലയാളികള്‍ അദ്ദേഹത്തെ തേടിയെത്തിയത്. 

വിദേശത്തുനിന്നുമെത്തിയ കൊലയാളി സംഘമാണ് പ്രസിഡന്റിനെ വകവരുത്തിയത് എന്നാണ് പൊലീസ് പറയുന്നത്. കൊളംബിയയിലെ മുന്‍ സൈനിക ഉദ്യോഗസ്ഥരും ഹെയ്തി വംശജരായ രണ്ട് അമേരിക്കക്കാരും അടക്കം 28 പേരടങ്ങിയതായിരുന്നു കൊലയാളി സംഘം. ഇവരില്‍ അമേരിക്കക്കാരടക്കം 17 പേര്‍ അറസ്റ്റിലാണ്. എട്ടു പേര്‍ ഒളിവിലാണ്. ഇവര്‍ക്കായി തെരച്ചില്‍ നടക്കുകയാണെന്ന് പൊലീസ് മേധാവി അറിയിച്ചു. കൊലയാളി സംഘത്തിലെ മൂന്ന് പേരെ തലസ്ഥാനമായ പോര്‍ട്ട് ഒ പ്രിന്‍സില്‍ നടന്ന ഏറ്റുമുട്ടലില്‍ വധിച്ചതായും അദ്ദേഹം പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona