യൂറോപ്യൻ ബാങ്കിംഗ് രാജവംശമായ റോത്‌ചൈൽഡ് കുടുംബത്തിൽ സ്വത്ത് തർക്കം രൂക്ഷമാകുന്നു. ജനീവയിലെ ചാറ്റോ ഡി പ്രെഗ്നി കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന കോടിക്കണക്കിന് വിലമതിക്കുന്ന കലാസൃഷ്ടികളുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലി മരുമകളും അമ്മായിയമ്മയും തമ്മിലാണ് കേസ്.
പതിനാറാം നൂറ്റാണ്ടിൽ പ്രശസ്തിയിലേക്ക് ഉയർന്ന യൂറോപ്യൻ ബാങ്കിംഗ് രാജവംശങ്ങളിൽ ഏറ്റവും പ്രശസ്തരായ റോത്‌ചൈൽഡ് കുടുംബം ഇന്ന് സ്വത്ത് തർക്കത്തിൽപ്പെട്ട് കിടക്കുന്നു. വിലമതിക്കാനാവാത്ത കലാസൃഷ്ടികൾ നിറഞ്ഞ ഒരു സ്വിസ് കൊട്ടാരത്തിന്‍റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയാണ് തർക്കം കോടതിയിലെത്തിയത്. സ്വിറ്റ്സർലൻഡിൽ കൊട്ടാര സ്വത്തിനായി രണ്ട് റോത്ത്‌സ്‌ചൈൽഡ് ബാരോണസുമാർ തമ്മിൽ കേസ് നടക്കുന്നത് അപൂർവമായ ഒന്നാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ബറോണസ് ഏരിയൻ ഡി റോത്‌ചൈൽഡ് തന്‍റെ 93 വയസ്സുള്ള അമ്മായിയമ്മയായ നാദിൻ ഡി റോത്‌ചൈൽഡിനെതിരെയാണ് സ്വത്ത് കേസ് നൽകിയിരിക്കുന്നത്.
സ്വത്ത് കേസ്
റോത്‌ചൈൽഡ് കുടുംബത്തിന്‍റെ ആഗോള ബാങ്കിംഗ് സാമ്രാജ്യമാണ് ലോകത്തിലെ നിലവിലെ ബാങ്കിംഗ് സംവിധാനത്തിന് അടിത്തറ പാകിയത്. നദീൻ ഡി റോത്‌സ്‌ചൈൽഡ്, ഫ്രഞ്ച്-സ്വിസ് കുടുംബത്തിലെ അംഗമാണ്. 1997-ൽ മരിച്ച എഡ്മണ്ട് ഡി റോത്‌സ്‌ചൈൽഡിന്‍റെ വിധവയാണ് അവർ. എഡ്മണ്ടിന്‍റെയും നാദീന്‍റെയും ഏക മകൻ ബെഞ്ചമിൻ, അരിയാനിനെ വിവാഹം കഴിച്ചു. ബെഞ്ചമിൻ 2021 ൽ മരിച്ചു. 2023 മുതൽ, 60 വയസ്സുള്ള ഏരിയൻ എഡ്മണ്ട് ഡി റോത്‌സ്‌ചൈൽഡ് ഗ്രൂപ്പിന്‍റെ സിഇഒ ആയി പ്രവർത്തിക്കുന്നു. ജനീവയിലെ ചാറ്റോ ഡി പ്രെഗ്നി കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന കുടുംബത്തിന്‍റെ കലാസൃഷ്ടികൾ, പെയിന്‍റിംഗുകൾ, ഫർണിച്ചറുകൾ, ചരിത്ര വസ്തുക്കൾ എന്നിവയുടെ വിപുലമായ ശേഖരത്തെ ചൊല്ലിയാണ് ഇപ്പോൾ കേസുകൾ നടക്കുന്നത്. അതേസമയം അവയുടെ കൃത്യം മൂലം ഇതുവരെ വെളിപ്പെടുത്തപ്പെട്ടില്ല.
കോടിക്കണക്കിന് മൂല്യം
ലൂയി പതിനാറാമൻ ഉപയോഗിച്ച ഫർണിച്ചറുകൾ ഉൾപ്പെടെയുള്ള നിധികളും ഗോയ, റെംബ്രാന്‍റ്, ഫ്രാഗണാർഡ്, എൽ ഗ്രെക്കോ, ബൗച്ചർ എന്നിവരുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ലോകപ്രശസ്തമായ ചിത്രങ്ങളും ജനീവ തടാകത്തിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന കൊട്ടാരത്തിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് ഗാർഡിയൻ റിപ്പോര്‍ട്ട് ചെയ്യുന്നു. റോത്ത്‌സ്‌ചൈൽഡ് കാസിൽ സന്ദർശകരെയോ ഫോട്ടോഗ്രാഫർമാരെയോ അനുവദിക്കാറില്ല. ഇവിടെ സൂക്ഷിച്ചിരിക്കുന്ന കലാസൃഷ്ടിയുടെ മൂലം കോടിക്കണക്കിന് ഡോളറുകൾ വരുമെന്ന് കരുതുന്നു. അമൂല്യമായ ചിത്ര ശേഖരത്തിന്‍റെ ഒരു ഭാഗം തന്‍റെ ഭർത്താവ് തനിക്ക് നൽകിയിരുന്നെന്ന് നദീൻ ഡി റോത്‌ചൈൽഡ് അവകാശപ്പെടുന്നു. അവ ജനീവയിലെ പുതിയ മ്യൂസിയത്തിൽ പ്രദർശിപ്പിക്കാനാണ് അവരുടെ ആഗ്രഹം. എന്നാൽ, ഉപദേശകരുടെ സ്വാധീനത്താലാണ് ഇത്തരമൊരു തീരുമാനമെന്നാണ് ഏരിയനയുടെ ആരോപണം. ഇരുവരും ഇതേചൊല്ലി ആരോപണ പ്രത്യാരോപണങ്ങൾ ഉയർത്തുന്നു.


