Asianet News MalayalamAsianet News Malayalam

വയസ് വെറും 16, കണ്ടാൽ വൃദ്ധയെ പോലെ അപൂർവാവസ്ഥയുമായി പെൺകുട്ടി...

"എന്റെ മകൾ എന്നെക്കാൾ പ്രായമുള്ളവളാണെന്ന് കാണുമ്പോൾ എനിക്ക് താങ്ങാനാവുന്നില്ല” റെയ്‌സലിന്റെ 36 -കാരിയായ അമ്മ ജോയല പറഞ്ഞു. 

Raizel Calago 16 year old look like a grandmother
Author
Philippines, First Published Oct 7, 2021, 2:15 PM IST
  • Facebook
  • Twitter
  • Whatsapp

എത്ര പ്രായമായി എന്ന് പറഞ്ഞാലും, നമ്മളൊക്കെ ചെറുപ്പമായിരിക്കാനാണ് ആഗ്രഹിക്കുക. പ്രായമാകൽ മനുഷ്യനെ സംബന്ധിച്ചിടത്തോളം, ക്രമേണ സംഭവിക്കുന്ന ഒരു മാറ്റമാണ്. എന്നാൽ, കുട്ടിക്കാലത്ത് തന്നെ അകാല വാർദ്ധക്യം ബാധിക്കുന്നവരുമുണ്ട്. പ്രൊജേറിയ (progeria) എന്ന അപൂർവ രോഗം ബാധിച്ച കുട്ടികളുടെ ശരീരം ചുക്കിച്ചുളിഞ്ഞും, മുടി നരച്ചും കാണപ്പെടുന്നു. തീർത്തും വേദനാജനകമാണ് ആ അവസ്‌ഥ. റെയ്‌സൽ കാലാഗോ (Raizel Calago) എന്ന പെൺകുട്ടി അതിനൊരു ഉദാഹരണമാണ്. അവൾക്ക് 16 വയസ്സേയുള്ളൂ. പക്ഷേ, അവളുടെ പ്രായത്തിന്റെ നാലിരട്ടി തോന്നിക്കും അവളെ കണ്ടാൽ.  

രണ്ട് വർഷത്തിനുള്ളിലാണ് കലാഗോ ഒരു സുന്ദരിയായ പെൺകുട്ടിയിൽ നിന്ന് ഒരു വൃദ്ധയായ സ്ത്രീയിലേക്ക് മാറിയത്. പലരും അവളൊരു മുത്തശ്ശിയാണെന്ന് തെറ്റിദ്ധരിക്കുന്നു. സൗന്ദര്യമത്സരങ്ങളിൽ പങ്കെടുത്തിരുന്ന അവളുടെ മൃദുലമായ ശരീരത്തിലുടനീളം ഇപ്പോൾ ചുളിവുകളാണ്. പെട്ടെന്നായിരുന്നു അത് സംഭവിച്ചത്. ഒരു ദിവസം പ്രതീക്ഷിക്കാതെ അവളുടെ ശരീരം മുഴുവൻ ചുവന്ന് തടിച്ച് വന്നു. അതിന് ശേഷം ചുളിവുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. വേദനയും, ചൊറിച്ചിലും അവളെ വിഷമിപ്പിച്ചു. ഇതുകണ്ട് ഭയന്ന് അവൾ ഡോക്ടറുടെ അടുക്കലേക്ക് ഓടി. എന്തോ പ്രാണി കടിച്ചതാകാമെന്ന് പറഞ്ഞ് ഡോക്ടർ അവൾക്ക് കഴിക്കാൻ മരുന്ന് നൽകി. പക്ഷേ, അവളുടെ ബുദ്ധിമുട്ട് കൂടുകയാണ് ചെയ്തത്. താമസിയാതെ അവൾ തനിക്ക് സംഭവിച്ച രൂപമാറ്റങ്ങൾ വേദനയോടെ തിരിച്ചറിഞ്ഞു.      

"എന്റെ മകൾ എന്നെക്കാൾ പ്രായമുള്ളവളാണെന്ന് കാണുമ്പോൾ എനിക്ക് താങ്ങാനാവുന്നില്ല” റെയ്‌സലിന്റെ 36 -കാരിയായ അമ്മ ജോയല പറഞ്ഞു. കുട്ടിക്കാലം മുതൽ മകൾ സുന്ദരിയായിരുന്നുവെന്നും, പക്ഷേ ഇപ്പോൾ, അവളുടെ മുഖം ഒരുപാട് മാറിയെന്നും അവർ വേദനയോടെ പറഞ്ഞു. കലാഗോ അടുത്തിടെ പ്രശസ്തമായ "കപുസോ മോ, ജെസീക്ക സോഹോ" ടിവി ഷോയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പ്രൊഡക്ഷൻ ടീം അവളെ എൻഡോക്രൈനോളജിസ്റ്റ് ഡോ. ജെയിംസ് യങ്ങിന്റെ അടുത്തേക്ക് കൊണ്ടുപോയി. അവൾക്ക് പ്രൊജീറിയ എന്ന രോഗാവസ്ഥയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക നിഗമനം. ഈ രോഗം തൊലിപ്പുറത്ത് മാത്രമല്ല മാറ്റങ്ങൾ ഉണ്ടാക്കുക. ഹൃദയാഘാതം, സന്ധി ക്ഷയം, പക്ഷാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‍നങ്ങളും ഉണ്ടാക്കുന്നു.  

ഇതിൽ ഏറ്റവും സങ്കടകരമായ കാര്യം, ഈ ശാരീരിക മാറ്റങ്ങൾ ഒരിക്കലും സുഖപ്പെടുത്താൻ സാധിക്കില്ല എന്നതാണ്. ഡോക്ടർമാർക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനും, എല്ലുതേയ്മാനം തുടങ്ങിയ അവസ്ഥകൾ നിയന്ത്രിക്കാനും മാത്രമാണ് സാധിക്കുക. ഇന്ന് ജീവിതത്തതിന്റെ പാതിവഴിയിൽ വച്ച് തന്നെ യാത്ര അവസാനിപ്പിക്കേണ്ടി വരുമോ എന്നവൾ ഭയക്കുന്നു. അവളെ സംബന്ധിച്ചിടത്തോളം, ഓരോ ദിവസവും ഒരു ബോണസ്സാണ്. 

സാധാരണ നിലയിലേക്ക് മടങ്ങുക മാത്രമാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് അവൾ പറയുന്നു. "എനിക്ക് സുഖം പ്രാപിക്കാനും എന്റെ പഴയ മുഖവും, ശരീരവും തിരിച്ചുകിട്ടാനും ഞാൻ എപ്പോഴും പ്രാർത്ഥിക്കാറുണ്ട്. അങ്ങനെയാണെങ്കിൽ, എനിക്ക് എന്റെ സുഹൃത്തുക്കളെ വീണ്ടും കാണാം. ഇപ്പോൾ പക്ഷേ അവരുടെ മുന്നിൽ ചെല്ലാൻ എനിക്ക് നാണക്കേട് തോന്നുന്നു" കാലാഗോ പറഞ്ഞു.  

Follow Us:
Download App:
  • android
  • ios