ഈ പുസ്തകത്തിന്റെ പ്രിന്റ്, ഇ ബുക്ക്, ഓഡിയോബുക്ക് വില്പനാവകാശങ്ങൾ എന്നിവയെല്ലാം ചേർന്നാണ് രണ്ടു കോടിയിലധികം രൂപയ്ക്ക് കരാറായിട്ടുള്ളത്. OTT സിനിമയുടെ അവകാശങ്ങളും രചയിതാവിനാണ്.

പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ (Ratan Tata)യുടെ ജീവിതം പുസ്തകമാവുന്നു. ഒരു മലയാളി മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ് ടാറ്റയുടെ ഐതിഹാസിക ജീവിതം പുസ്തകമാക്കുന്നത്. രത്തന്‍ ടാറ്റയുടെ ഔദ്യോഗിക ജീവചരിത്രത്തിന്റെ പ്രസിദ്ധീകരണവകാശം ഹാര്‍പ്പിന്‍ കോളിന്‍സിനാണ്. രണ്ടുകോടി രൂപയ്ക്കാണ് ഹാര്‍പ്പര്‍ കോളിന്‍സ് പ്രസാധനാവകാശം സമ്പാദിച്ചത്.

ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ നിന്നും വിരമിച്ച മലയാളി കൂടിയായ തോമസ് മാത്യു (Thomas Mathew) വാണ് ടാറ്റയുടെ ജീവചരിത്രം എഴുതുന്നത്. മൂന്നു പതിറ്റാണ്ടായി രത്തന്‍ ടാറ്റയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇദ്ദേഹം, ഇന്ത്യയിലെ പ്രമുഖ കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ ഡയരക്ടര്‍ ബോര്‍ഡ് അംഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. എഴുത്തുകാരന്‍, ഫോട്ടോഗ്രാഫര്‍, കോര്‍പറേറ്റ് സ്ട്രാറ്റജിസറ്റ്, ഡിഫന്‍സ് അനലിസ്റ്റ് എന്നീ മേലഖകളിലും ശ്രദ്ധേയനാണ് മുന്‍ ഐ എ എസുകാരനായ തോമസ് മാത്യു. നാലു പുസ്തകങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. 

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രത്തന്‍ ടാറ്റയുടെ സ്വകാര്യ പേപ്പറുകളും കത്തിടപാടുകളും ഫോട്ടോഗ്രാഫുകളുമെല്ലാം മാത്യുവിന് ലഭ്യമായിരുന്നു. ടാറ്റയുടെ ബാല്യം, കോളേജ് കാലം, ആദ്യകാലത്ത് ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ ആളുകള്‍, സംഭവങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം വിശദീകരിക്കുന്ന ഒരു ആധികാരിക ജീവചരിത്രമാണ് അദ്ദേഹം തയ്യാറാക്കുന്നത്. ടാറ്റയുടെ നാനോ പ്രോജക്റ്റ്, ടാറ്റ സ്റ്റീല്‍ ലിമിറ്റഡ് ഏറ്റെടുക്കല്‍ തുടങ്ങിയ സമീപകാല സംഭവങ്ങളെ കുറിച്ച് മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത വിശദാംശങ്ങളും ഇതിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയെ നീക്കിയതടക്കമുള്ള വിവാദങ്ങളുടെ അണിയറക്കഥകളും പുസ്തകത്തിലുണ്ടാവും. 

പുസ്തകത്തിന്റെ പ്രിന്റ്, ഇ ബുക്ക്, ഓഡിയോബുക്ക് വില്പനാവകാശങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്നാണ് രണ്ടു കോടിയിലധികം രൂപയ്ക്ക് കരാറായിട്ടുള്ളത്. പുസ്തകത്തെ അടിസ്ഥാനമാക്കിയിട്ടുള്ള OTT സിനിമയുടെ അവകാശങ്ങള്‍ രചയിതാവില്‍ നിക്ഷിപ്തമായിരിക്കും. ലാബിരിന്ത് ലിറ്റററി ഏജന്‍സിയിലെ അനീഷ് ചാണ്ടിയാണ് രചയിതാവിനെ പ്രതിനിധീകരിക്കുന്നത്. എന്നാല്‍, പ്രസിദ്ധീകരണസ്ഥാപനമായ ഹാര്‍പ്പര്‍കോളിന്‍സ് ഇക്കാര്യത്തില്‍ പത്രക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. തോമസ് മാത്യുവിന്റെ വെബ്‌സൈറ്റിലും ഇക്കാര്യം സ്ഥിരീകരിച്ചു. 

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായിരുന്ന ഡോ. തോമസ് മാത്യു വിവിധ മന്ത്രാലയങ്ങളില്‍ സേവനമനുഷ്ഠിച്ച ശേഷം മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ അഡീഷണല്‍ സെക്രട്ടറിയായാണ് വിരമിച്ചത്.നാല് പുസ്തകങ്ങള്‍ കൂടി അദ്ദേഹം എഴുതിയിട്ടുണ്ട് - ദി വിംഗ്ഡ് വണ്ടേഴ്‌സ് ഓഫ് രാഷ്ട്രപതി ഭവന്‍, എബോഡ് അണ്ടര്‍ ദി ഡോം, ഒബാമഭരണകാലത്തെ ഇന്ത്യാ-യു എസ് ബന്ധത്തെക്കുറിച്ചുള്ള പുസ്തകം, കണ്‍സേവിംഗ് ആന്റ് അപ്‌ഗ്രേഡിംഗ് പ്രസിഡന്റ്‌സ് എസ്‌റ്റേറ്റ് എന്നിവയാണ് ആ പുസ്തകങ്ങള്‍.