കാറ്റ് ഫുഡ്ഡ് മാത്രം കഴിക്കേണ്ടി വന്നതും അടുക്കളയിൽ നിന്നും പുറത്തേക്കിറക്കാത്തതുമെല്ലാം ആമയ്ക്ക് നിരവധി ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കി.

സൂര്യപ്രകാശം കാണാതെ ജീവിക്കുക, തടങ്കലിൽ കഴിയുക അതിനി മനുഷ്യനായാലും ഏതൊരു ജീവിയായാലും അല്പം പ്രയാസമുള്ള കാര്യം തന്നെയാണ്. എന്നാൽ, ഏകദേശം 50 വർഷത്തിന് ശേഷം ആദ്യമായി സൂര്യപ്രകാശം കാണുന്ന ഒരു ആമയെ കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളെ സ്പർശിക്കുന്നത്. വളരെ വൈകാരികമായിട്ടാണ് സോഷ്യൽ മീഡിയയിൽ ആളുകൾ ഇതിനോട് പ്രതികരിക്കുന്നത്. അതിന് കടന്നുപോകേണ്ടി വന്ന ദുരവസ്ഥയിൽ നിരവധിപ്പേരാണ് സങ്കടവും സഹതാപവും പങ്കുവച്ചത്. 

പതിറ്റാണ്ടുകളായി ന്യൂജേഴ്‌സിയിലെ ഒരു വീട്ടിൽ വളർത്തിയിരുന്ന ഒരു വൈൽഡ് ഈസ്റ്റേൺ ബോക്സ് ആമയാണ് റോക്കലിന. 1977 -ലാണ് കാട്ടിൽ നിന്നും റോക്കലിന എന്ന ആമയെ ഈ വീട്ടിലേക്ക് പിടിച്ചുകൊണ്ടു വരുന്നത്. കാട്ടിൽ കഴിയേണ്ടുന്ന ഈ ആമയെ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി ഇവിടെ അടുക്കളയിലെ തറയിലാണ് താമസിപ്പിച്ചത്. മാത്രമല്ല, റോക്കലിനയ്ക്ക് ഭക്ഷണമായി നൽകിയത് പൂച്ചയ്ക്ക് നൽകുന്ന ക്യാറ്റ് ഫുഡ്ഡാണ്. 

ഒടുവിൽ ഏകദേശം അഞ്ച് പതിറ്റാണ്ടിന് ശേഷം റോക്കലിനയുടെ ആരോ​ഗ്യം മെച്ചപ്പെടുകയും അവൾ ആ അടുക്കളയിൽ നിന്നും മോചിപ്പിക്കപ്പെടുകയും സൂര്യപ്രകാശത്തിലേക്ക് ഇറങ്ങുകയുമായിരുന്നു. ​ഗാർഡൻ സ്റ്റേറ്റ് ടോർട്ടോയ്സ് എന്ന സംഘടനയാണ് റോക്കലിനയെ രക്ഷിക്കുന്നതിലും പരിചരിക്കുന്നതിലും പ്രധാന പങ്ക് വഹിച്ചത്. ഈ സംഘടന തന്നെയാണ് സോഷ്യൽ മീഡിയയിൽ റോക്കലിനയുടെ കഥ ഷെയർ ചെയ്തിരിക്കുന്നത്.

ഒപ്പം തന്നെ റോക്കലിനയുടെ ഒരു വീഡിയോയും സംഘടന യൂട്യൂബിൽ ഷെയർ ചെയ്തിട്ടുണ്ട്. "1977 മെയ് മാസത്തിലാണ്, ന്യൂജേഴ്‌സിയിൽ ഒരു യുവാവ് ഈ ആമയെ പിടികൂടിയത്. ഏകദേശം 50 വർഷത്തോളം, ഈ ആമ അയാളുടെ കുടുംബത്തിന്റെ അടുക്കളയിലെ തറയിൽ തന്നെ കഴിഞ്ഞു. ക്യാറ്റ് ഫുഡ്ഡാണ് അതിന് നൽകിയിരുന്നത്" എന്നും സംഘടന പറയുന്നു. 

YouTube video player

ക്യാറ്റ് ഫുഡ്ഡ് മാത്രം കഴിക്കേണ്ടി വന്നതും അടുക്കളയിൽ നിന്നും പുറത്തേക്കിറക്കാത്തതുമെല്ലാം ആമയ്ക്ക് നിരവധി ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കി. നിർജ്ജലീകരണം, കാലുകൾ വളയുക തുടങ്ങിയവയെല്ലാം അതിൽ പെടുന്നു. ഒടുവിൽ സംഘടന ഇടപെട്ട് ആമയ്ക്ക് മോചനം ലഭിക്കുകയും പരിചരണത്തിലൂടെ ആരോ​ഗ്യാവസ്ഥ മെച്ചപ്പെടുകയുമായിരുന്നു. 

റോക്കലിനയുടെ വീഡിയോയ്ക്ക് അനേകങ്ങളാണ് കമൻ‌റുകളുമായി എത്തിയത്. പാവം ആ ആമയുടെ അവസ്ഥ സങ്കല്പിക്കാൻ പോലും കഴിയുന്നില്ല എന്ന് അനേകങ്ങളാണ് കമന്റുകൾ നൽകിയിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം