Asianet News MalayalamAsianet News Malayalam

റോഹിങ്ക്യൻ നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു, അന്വേഷിച്ച് നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ പ്രവർത്തകർ

“നിങ്ങൾക്ക് ഒരു സ്വത്വമോ വംശമോ രാജ്യമോ ഇല്ലെന്ന് സങ്കൽപ്പിക്കുക. ആർക്കും നിങ്ങളെ വേണ്ട. നിങ്ങൾക്ക് എന്ത് തോന്നും? അതാണ് റോഹിങ്ക്യകൾ എന്ന നിലയിൽ നമുക്കിപ്പോള്‍ തോന്നിക്കൊണ്ടിരിക്കുന്നത്... "

Rohingya leader shot dead at refugee camp
Author
Bangladesh, First Published Sep 30, 2021, 3:10 PM IST

ബംഗ്ലാദേശിലെ ( Bangladesh) അഭയാർഥി ക്യാമ്പിൽ ഒരു പ്രമുഖ റോഹിങ്ക്യൻ സമുദായ നേതാവ് വെടിയേറ്റ് മരിച്ചു. ഇതേ തുടർന്ന് അടിയന്തര അന്വേഷണത്തിന് മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെട്ടു. മാസങ്ങളായി ഇവിടെ പ്രശ്നങ്ങള്‍ നടക്കുകയാണ്. അരകൻ റോഹിങ്ക്യ സൊസൈറ്റി ഫോർ പീസ് ആന്റ് ഹ്യൂമൻ റൈറ്റ്സ് (Arakan Rohingya Society for Peace and Human Rights -ARPSH) ചെയർമാനായിരുന്ന മൊഹിബ് ഉല്ലാ (Mohib Ullah)യാണ് ബുധനാഴ്ച വൈകുന്നേരം തന്റെ ഓഫീസിനു പുറത്ത് മറ്റ് സമുദായ നേതാക്കളുമായി സംസാരിച്ച് നില്‍ക്കവെ വെടിയേറ്റ് കൊലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. 

മ്യാൻമാറിൽ ദീർഘകാലമായി പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷമായ റോഹിങ്ക്യകളുടെ പ്രമുഖ അഭിഭാഷകനായിരുന്നു അദ്ദേഹം. മ്യാന്മാറിലെ ക്രൂരമായ പീഡനത്തെയും സൈനികാതിക്രമത്തെയും തുടര്‍ന്ന് നൂറുകണക്കിന് റോഹിങ്ക്യരാണ് ബംഗ്ലാദേശ് അതിര്‍ത്തിയില്‍ അഭയം തേടിയത്. മ്യാൻമർ സൈന്യം നടത്തിയ അധിക്ഷേപങ്ങൾ മോഹിബ് ഉല്ല രേഖപ്പെടുത്തുകയും അഭയാർത്ഥികളുടെ കൂടുതൽ സംരക്ഷണത്തിനായി പ്രചാരണം നടത്തുകയും ചെയ്തു. റോഹിങ്ക്യൻ അവകാശങ്ങളെക്കുറിച്ച് അദ്ദേഹം അന്തർദേശീയ തലത്തിൽ തന്നെ സംസാരിച്ചിരുന്നു. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കാണാൻ വൈറ്റ് ഹൗസിലേക്ക് യാത്ര ചെയ്യുകയും 2019 -ൽ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ സംസാരിക്കുകയും ചെയ്തു അദ്ദേഹം.

യുഎൻ‌എച്ച്‌ആർ‌സിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു: “നിങ്ങൾക്ക് ഒരു സ്വത്വമോ വംശമോ രാജ്യമോ ഇല്ലെന്ന് സങ്കൽപ്പിക്കുക. ആർക്കും നിങ്ങളെ വേണ്ട. നിങ്ങൾക്ക് എന്ത് തോന്നും? അതാണ് റോഹിങ്ക്യകൾ എന്ന നിലയിൽ നമുക്കിപ്പോള്‍ തോന്നിക്കൊണ്ടിരിക്കുന്നത്... "

"പതിറ്റാണ്ടുകളായി ഞങ്ങൾ മ്യാൻമറിൽ ആസൂത്രിതമായ വംശഹത്യ നേരിട്ടു. അവർ ഞങ്ങളുടെ പൗരത്വം എടുത്തു. അവർ ഞങ്ങളുടെ ഭൂമി പിടിച്ചെടുത്തു. അവർ ഞങ്ങളുടെ പള്ളികൾ തകർത്തു. യാത്രയില്ല, ഉന്നത വിദ്യാഭ്യാസമില്ല, ആരോഗ്യ പരിപാലനമില്ല, ജോലികളില്ല... ഞങ്ങൾ രാജ്യമില്ലാത്തവരല്ല. ഞങ്ങളെ അങ്ങനെ വിളിക്കുന്നത് നിർത്തുക. ഞങ്ങൾക്ക് ഒരു രാജ്യമുണ്ട്. അത് മ്യാൻമർ ആണ്." 

അദ്ദേഹത്തിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ, 'മ്യാൻമർ സുരക്ഷാ പോസ്റ്റുകൾക്ക് നേരെയുള്ള നിരവധി ആക്രമണങ്ങൾക്ക് പിന്നിൽ പ്രവര്‍ത്തിക്കുന്ന സംഘടനയായ അരകൻ റോഹിങ്ക്യ സാൽവേഷൻ ആർമിയാണ് ഉല്ലയെ കൊലപ്പെടുത്തിയതെ'ന്ന് ഒരു റോഹിങ്ക്യൻ നേതാവ് അവകാശപ്പെട്ടു. ക്യാമ്പുകളിലെ അതിക്രമങ്ങളെ ഉല്ല പലപ്പോഴായി വിമര്‍ശിച്ചിരുന്നു. അതിനാല്‍ത്തന്നെ അദ്ദേഹത്തിന് നേരെ ഭീഷണിയും ഉണ്ടായിരുന്നു. 

മോഹിബ് ഉല്ല സുരക്ഷിതനല്ലെന്ന് ഏജൻസികൾ പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് റോഹിങ്ക്യൻ അവകാശ പ്രവർത്തക യാസ്മിൻ ഉല്ല പറഞ്ഞു. 'അന്താരാഷ്ട്ര സമൂഹവും ബംഗ്ലാദേശ് അധികാരികളും ഇതിനെതിരെ നടപടിയെടുത്തില്ലെങ്കിൽ തെളിയിക്കപ്പെടുന്ന കാര്യം ഞങ്ങളുടെ ജീവിതം ആര്‍ക്കും ഒരു പ്രശ്നമല്ല എന്നതാണ്' എന്ന് അവര്‍ പറഞ്ഞു. 

ആംനസ്റ്റി ഇന്റർനാഷണലിന്റെ ദക്ഷിണേഷ്യൻ പ്രചാരകൻ സാദ് ഹമ്മാദി ''മൊഹിബ് ഉല്ലായുടെ കൊലപാതകം മുഴുവൻ സമൂഹത്തിലും മരവിപ്പ് നല്‍കുന്ന ഒന്നാണ്. അദ്ദേഹത്തിന്റെ കൊലപാതകത്തിൽ അന്വേഷണം വേഗത്തിലാക്കുകയും അതിൽ ഉത്തരവാദിത്തമുണ്ടെന്ന് സംശയിക്കുന്ന എല്ലാവരെയും ന്യായമായ വിചാരണയിൽ നിയമത്തിന് മുന്നിൽ കൊണ്ടുവരികയും ചെയ്യേണ്ട ഉത്തരവാദിത്തം ബംഗ്ലാദേശ് അധികാരികൾക്കാണ്” എന്ന് പറഞ്ഞു.

ഏകദേശം 900,000 റോഹിങ്ക്യകൾ കഴിയുന്ന ലോകത്തിലെ ഏറ്റവും വലിയ അഭയാർത്ഥി ക്യാമ്പുകളിലൊന്നായ സെറ്റിൽമെന്റിന്റെ നിയന്ത്രണം കയ്യിലെടുക്കാനായി സായുധ സംഘങ്ങൾ കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലുകളും നടത്തുന്നതോടെ കോക്സ് ബസാറിലെ അക്രമങ്ങൾ വർദ്ധിച്ചുവരുന്ന ഒരു പ്രശ്നമായി മാറിയിരിക്കുകയാണ്. അതിന്‍റെ ഏറ്റവും ഒടുവിലത്തെ കാഴ്ചയാണ് ഉല്ലയുടെ കൊലപാതകം. 

മോഹിബ് ഉല്ലയുടെ മരണം 'മ്യാൻമറിനും റോഹിങ്ക്യൻ ജനതയ്ക്കും മനുഷ്യാവകാശ പ്രസ്ഥാനത്തിനും കൂടുതൽ വിശാലമായ നഷ്ടമാണെ'ന്ന് ഫോർട്ടിഫൈ റൈറ്റ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മാത്യു സ്മിത്ത് പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios