ദിവസം അഞ്ചു കിലോമീറ്ററാണ് അവൾ നടക്കുന്നത്. ഒരു കാരണവശാലും ഒരു ദിവസം പോലും അവൾ നടത്തം മുടക്കാറില്ല. എന്നാൽ, ഇപ്പോൾ പലയിടത്തും റോഡുകൾ പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. റോഡിൽ കുറെ കല്ലും ആണിയും ഒക്കെ അവിടവിടെയായി ചിതറി കിടക്കുന്നു. ഈ സാഹചര്യത്തിൽ, റോഡിലൂടെ നടക്കുമ്പോൾ കാലിൽ ഒന്നും തറക്കാതിരിക്കാനാണ് ഭക്തർ അവൾക്ക് ഈ ചെരുപ്പുകൾ സമ്മാനിച്ചിരിക്കുന്നത്.

തമിഴ്നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണ് നെല്ലായപ്പാർ-ഗാന്ധിമതി അമ്മൻ ക്ഷേത്രം. തിരുനെൽവേലിയിലെ 1500 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ ഒരു അമ്പലമാണ് അത്. വർഷം മുഴുവനും ഇവിടെ ഉത്സവങ്ങൾ നടക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മാത്രമല്ല, തമിഴ്‌നാടിന് പുറത്തു നിന്ന് വരെ ആളുകൾ ക്ഷേത്രത്തിൽ എത്താറുണ്ട്. അമ്പലത്തിൽ എത്തുന്ന ഭക്തരെ വരവേൽക്കാൻ അവിടെ ഒരാളുമുണ്ടാകും. അമ്പലത്തിന്റെ പ്രിയപ്പെട്ട ആന, ഗാന്ധിമതി. ആളുകളെ കണ്ട് തലയാട്ടി ക്ഷേത്രത്തിനകത്ത് അവൾ ഗമയിൽ അങ്ങനെ നടക്കും. എന്നാൽ ഈയിടെയായി അവൾക്ക് പത്രാസല്പം കൂടുതലാണ്. കാരണം കാലിലിടാൻ ഭക്തർ അവൾക്ക് 12,000 രൂപയുടെ തുകൽ ചെരുപ്പാണ് സമ്മാനിച്ചത്. ഈ മെതിയടിയും അണിഞ്ഞാണ് അവളുടെ ഇപ്പോഴത്തെ നടപ്പ്.

പതിമൂന്നാം വയസ്സിലാണ് അവൾ ആദ്യമായി ക്ഷേത്രത്തിൽ എത്തുന്നത്. ഇപ്പോൾ ഗാന്ധിമതിക്ക് 52 വയസ്സായി. ഇക്കാലമത്രയും അവൾ ആളുകളോട് വളരെ സൗമ്യമായാണ് പെരുമാറിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ആളുകൾക്ക് അവളെ വലിയ കാര്യമാണ്. അവൾക്ക് വേണ്ടുന്ന എല്ലാ സൗകര്യവും ക്ഷേത്ര ഭരണസമിതി ഒരുക്കിയിട്ടുണ്ട്. പ്രായം കൂടി വരികയല്ലേ? അതുകൊണ്ട് അവളെ ഇടക്കിടെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കുന്നു. ഇടയ്ക്കിടെ സുഖചികിത്സക്കും കൊണ്ട് പോകും. ഡോക്ടർമാർ അവളുടെ ശരീരഭാരവും മറ്റ് ആരോഗ്യ പ്രശ്നങ്ങളും വിലയിരുത്തും. അങ്ങനെ മൂന്ന് വർഷം മുമ്പ് നോക്കിയപ്പോഴാണ് അവൾക്ക് ആവശ്യമായ 300 കിലോയിൽ കവിഞ്ഞ് ഭാരമുണ്ട് അവൾക്ക് എന്ന് മനസിലായത്. 

ഭാരം കുറയ്ക്കണമെന്ന് ഡോക്ടർ നിർബന്ധിച്ചപ്പോൾ, ഗാന്ധിമതിയെ ദിവസവും മൂന്ന് മണിക്കൂർ നടത്താൻ കൊണ്ട് പോയി തുടങ്ങി. നടത്തം മാത്രമല്ല, ഭാരം കുറക്കാൻ ഡയറ്റും ഉണ്ടായിരുന്നു. പ്രായാധിക്യം കാരണം ശരിയായ ചികിത്സയും പരിചരണവും അവൾക്ക് ആവശ്യമാണ്. മുൻപ് ഭക്തർ നൽകുന്ന ചോറ്, പഴം, ശർക്കര, നാളികേരം തുടങ്ങി എല്ലാം അവൾ അകത്താക്കുമായിരുന്നു. എന്നാൽ ഡയറ്റായതോടെ, അതെല്ലാം പൂർണമായും ഒഴിവാക്കി. ഇപ്പോൾ ഡോക്ടറുടെ നിർദേശപ്രകാരം ഗാന്ധിമതി നാരുകളുള്ള ഭക്ഷണങ്ങൾ മാത്രമാണ് കഴിക്കുന്നത്. ഒരു വർഷം കൊണ്ട് 300 കിലോ വരെ ഗാന്ധിമതി കുറച്ചു. ഇതിനെല്ലാം അവളുടെ സഹകരണം വളരെ വലുതായിരുന്നു.

ദിവസം അഞ്ചു കിലോമീറ്ററാണ് അവൾ നടക്കുന്നത്. ഒരു കാരണവശാലും ഒരു ദിവസം പോലും അവൾ നടത്തം മുടക്കാറില്ല. എന്നാൽ, ഇപ്പോൾ പലയിടത്തും റോഡുകൾ പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. റോഡിൽ കുറെ കല്ലും ആണിയും ഒക്കെ അവിടവിടെയായി ചിതറി കിടക്കുന്നു. ഈ സാഹചര്യത്തിൽ, റോഡിലൂടെ നടക്കുമ്പോൾ കാലിൽ ഒന്നും തറക്കാതിരിക്കാനാണ് ഭക്തർ അവൾക്ക് ഈ ചെരുപ്പുകൾ സമ്മാനിച്ചിരിക്കുന്നത്. ഗാന്ധിമതിക്കാണേ ഷുഗറുമുണ്ട്. ഈ ചെരുപ്പുകൾ അവളുടെ മുട്ട് വേദനയും കാലു വേദനയും കുറയ്ക്കുമെന്ന് ഭക്തർ കരുതുന്നു. ഇപ്പോൾ അമ്പലത്തിന്റെ പ്രധാന ആകർഷണം അവളാണ്. ചെരിപ്പും ഇട്ട് നടക്കുന്ന ഗാന്ധിമതിയെ കാണാൻ ഭക്തർ അമ്പലത്തിൽ എത്തുന്നു.