ഇന്ത്യയിലെ പല നഗരങ്ങളിലും ഉള്ളത് പോലെ തന്നെ ഇവിടെയും വൈദ്യുതി മുടങ്ങാറുണ്ട്. ആ ഒരു പ്രശ്‍നം ഇല്ലാതിരിക്കാനാണ് ആളുകള്‍ പഠിക്കുന്നതിനായി റെയില്‍വേ സ്റ്റേഷനിലെത്തി തുടങ്ങിയത്.
ഏതെങ്കിലും റെയില്‍വേ സ്റ്റേഷന്‍ (railway station) മത്സരപരീക്ഷകള്‍ക്കുള്ള പരിശീലനകേന്ദ്രമായി മാറുന്നത് കണ്ടിട്ടുണ്ടോ? ബിഹാറിലെ സാസാറാം (Sasaram railway station) അങ്ങനെയൊരു റെയില്‍വേ സ്റ്റേഷനാണ്. നേരത്തെ തന്നെ ഈയൊരു സവിശേഷത കൊണ്ട് വാര്‍ത്തയിലിടം നേടിയതാണ് ഈ റെയില്‍വേ സ്റ്റേഷന്‍. കഴിഞ്ഞ ദിവസം ഐഎഎസ് ഓഫീസറായ അവനീഷ് ശരൺ (IAS Awanish Sharan) ഇതേ കുറിച്ച് ട്വിറ്ററില്‍ വിവരങ്ങള്‍ പങ്കുവച്ചതോടെ ഇത് വീണ്ടും വാര്‍ത്തകളിലിടം നേടുകയായിരുന്നു.
രാവിലെയും വൈകുന്നേരവും രണ്ട് മണിക്കൂര്‍ നേരമാണ് ഇവിടെ പരിശീലനം. 2002-2003 മുതൽ ഒരു ചെറിയ കൂട്ടം വിദ്യാർത്ഥികൾ പഠനത്തിനായി സ്റ്റേഷനിൽ വരാൻ തുടങ്ങിയതിനുശേഷമാണ് പരിശീലനത്തിനും പഠനത്തിനും ഉള്ള കേന്ദ്രമായി ഇവിടം മാറി തുടങ്ങിയത്. ഇതിനുശേഷം, പരീക്ഷയ്ക്ക് പങ്കെടുക്കുന്നവര്‍ ഈ ജംഗ്ഷനെ കുറിച്ച് കൂടുതലറിയുകയും ഇവിടെയെത്താനും തുടങ്ങി.
എന്തുകൊണ്ടാണ് ആളുകള്‍ പഠിക്കാന്‍ ഇവിടെ വരുന്നത് എന്നല്ലേ? ഇന്ത്യയിലെ പല നഗരങ്ങളിലും ഉള്ളത് പോലെ തന്നെ ഇവിടെയും വൈദ്യുതി മുടങ്ങാറുണ്ട്. ആ ഒരു പ്രശ്‍നം ഇല്ലാതിരിക്കാനാണ് ആളുകള്‍ പഠിക്കുന്നതിനായി റെയില്‍വേ സ്റ്റേഷനിലെത്തി തുടങ്ങിയത്.
ഐഎഎസ്സിന് പഠിക്കുന്നവര്‍ മാത്രമല്ല വിവിധ മത്സരപരീക്ഷകള്‍ക്കും ബാങ്ക് പരീക്ഷകള്‍ക്കും ഐഐടി, ഐഐഎം എന്നിവയ്ക്കും ഒക്കെ പ്രവേശനം നേടുന്നതിനായി പരീശീലനത്തിനും ആളുകള്‍ ഇവിടെ എത്തുന്നു. പലപ്പോഴും സീനിയര്‍മാരാണ് ജൂനിയര്‍മാരെ പഠിപ്പിക്കുന്നത്.
മാത്രവുമല്ല, ഇവിടെ എത്തുന്നവരില്‍ 500 യുവാക്കള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകളും നല്‍കിയിട്ടുണ്ട്. വലിയ പണം കൊടുത്ത് പരിശീലനത്തിന് പോകാനാവാത്തവര്‍ക്കും മറ്റുമെല്ലാം വലിയ ആശ്വാസമാണ് ഈ റെയില്‍വേ സ്റ്റേഷന്‍ എന്ന് പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ.
