ദിവസങ്ങളോളം അവർ ഡോ. ഉഷയെ ഡിജിറ്റൽ അറസ്റ്റ് ചെയ്യുകയും അവരെ ഭീഷണിപ്പെടുത്തുകയും മാനസികമായി തളർത്തുകയും ചെയ്തു. അങ്ങനെ അവരുടെ സമ്പാദ്യം മുഴുവനും തട്ടിപ്പുകാർക്ക് അയച്ചു കൊടുക്കുകയും ചെയ്തു.
ഡിജിറ്റൽ അറസ്റ്റ് സ്കാം, അടുത്തിടെ വ്യാപകമായി നടക്കുന്ന തട്ടിപ്പുകളിൽ ഒന്നാണ് ഇത്. ആളുകളെ പറ്റിച്ച് പണം തട്ടുന്ന സംഘം വ്യാപകമായി കൊണ്ടിരിക്കുകയാണ്. പ്രായഭേദമന്യേ പലരും ഈ തട്ടിപ്പുകളിൽ വീഴുകയും ലക്ഷങ്ങൾ ഇതുപോലെ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. അതിൽ പ്രധാനമായും തനിയെ താമസിക്കുന്ന പ്രായമായവരാണ് ഏറെയും പറ്റിക്കപ്പെടുന്നത്. അതുപോലെ ഇന്ത്യക്കാരിയായ സിംഗപ്പൂരിൽ താമസിക്കുന്ന ഒരു യുവതി തന്റെ അമ്മയ്ക്കുണ്ടായ അനുഭവം വെളിപ്പെടുത്തുകയുണ്ടായി.
റിച്ച ഗോസ്വാമി എന്ന യുവതിയാണ് ലിങ്ക്ഡ്ഇന്നിൽ പോസ്റ്റ് ഷെയർ ചെയ്തത്. താനിതുവരെ എഴുതിയതിൽ ഏറ്റവും കഠിനമായ ഒരു പോസ്റ്റാണ് ഇത്. എന്നാൽ, ഇത് നിങ്ങളുടെ അമ്മയ്ക്കോ, അച്ഛനോ, പ്രിയപ്പെട്ട ആർക്കെങ്കിലുമോ സംഭവിക്കാം എന്നും പറഞ്ഞാണ് റിച്ച പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.
റിച്ചയുടെ അമ്മ, മുതിർന്ന ശാസ്ത്രജ്ഞയും വിധവയുമാണ്. നിരവധി അന്താരാഷ്ട്ര പേറ്റന്റുകളും ഡോ. ഉഷ ഗോസ്വാമിക്കുണ്ട്. എന്നാൽ, അടുത്തിടെ അവർക്ക് തന്റെ മുഴുവൻ സമ്പാദ്യവും നഷ്ടപ്പെട്ടു. വീഡിയോ കോളിലൂടെയായിരുന്നു തട്ടിപ്പിന്റെ തുടക്കം എന്ന് റിച്ചയുടെ പോസ്റ്റിൽപറയുന്നു.
ലോ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരാണ് എന്ന് പറഞ്ഞാണ് കോൾ വന്നത്. ഡോ. ഉഷയുടെ ആധാർ കാർഡുപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കുകയും മനുഷ്യക്കടത്ത് നടത്തുകയും ചെയ്തു എന്നുമാണ് വിളിച്ചവർ പറഞ്ഞത്. ഒപ്പം വ്യാജമായി ഉണ്ടാക്കിയ രേഖകളും അവർ കാണിച്ചു.
ദിവസങ്ങളോളം അവർ ഡോ. ഉഷയെ ഡിജിറ്റൽ അറസ്റ്റ് ചെയ്യുകയും അവരെ ഭീഷണിപ്പെടുത്തുകയും മാനസികമായി തളർത്തുകയും ചെയ്തു. അങ്ങനെ അവരുടെ സമ്പാദ്യം മുഴുവനും തട്ടിപ്പുകാർക്ക് അയച്ചു കൊടുക്കുകയും ചെയ്തു.
റിച്ചയുടെ പോസ്റ്റിൽ പറയുന്നത്, അമ്മയുടെ ജീവിതകാലം കൊണ്ടുണ്ടാക്കിയ സമ്പാദ്യം മുഴുവനും നഷ്ടപ്പെട്ടു എന്നാണ്. വിദ്യാഭ്യാസമുള്ള എന്നാൽ നിയമങ്ങളെ കുറിച്ച് വലിയ ധാരണയില്ലാത്ത, പ്രായമായ, തനിച്ച് താമസിക്കുന്ന ആളുകളെയാണ് ഈ തട്ടിപ്പുകാർ കൂടുതൽ ലക്ഷ്യം വയ്ക്കുന്നത് എന്നും ഇത്തരക്കാരെ സൂക്ഷിക്കണം, നിങ്ങളുടെ മാതാപിതാക്കളുമായി ഈ കാര്യം സംസാരിക്കണം എന്നുമാണ് റിച്ച പറയുന്നത്.
ഇങ്ങനെ ഒരു അനുഭവം പങ്കുവച്ചതിനും മുന്നറിയിപ്പ് തന്നതിനും നന്ദി എന്ന് ഒരുപാടുപേർ പറഞ്ഞിട്ടുണ്ട്.


