1999 ല്‍ മരിച്ചെന്ന് കരുതപ്പെട്ട മൈക്കൽ മാത്യൂസിന്‍റെതെന്ന് തോന്നുന്ന ഒരു ഫോട്ടോ 2017 ല്‍ അദ്ദേഹത്തിന്‍റെ കുടുംബത്തിന് ലഭിച്ചു. ആ ചിത്രത്തില്‍ നിന്നാണ് മൈക്കിളിനെ കണ്ടെത്താനുള്ള യാത്രയുടെ ആരംഭവും.
1999 ലാണ് ബ്രിട്ടീഷ് പര്‍വ്വതാരോഹകനായ മൈക്കൽ മാത്യൂസ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വതമായ ഏവറസ്റ്റ് കീഴടക്കിയത്. ഇതോടെ ഏവറസ്റ്റ് കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ബ്രിട്ടീഷ് പർവതാരോഹകനായി മൈക്കൽ മാത്യൂസ് മാറി. എന്നാല്‍ വിജയത്തിന്‍റെ ഉന്നതിയില്‍ വച്ച് വെറും മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷം അദ്ദേഹത്തെ കാണാതായി. അതിശക്തമായി വീശിയ കാറ്റില്‍ അകപ്പെട്ട മൈക്കൽ മാത്യൂസിന് ഏവറസ്റ്റില്‍ നിന്ന് ഇറങ്ങാന്‍ കഴിഞ്ഞില്ല. അദ്ദേഹം പിന്നീടൊരിക്കലും തിരിച്ച് വന്നില്ല. എന്നാല്‍ അദ്ദേഹത്തിന്‍റെ തിരോധാനം അന്വേഷിച്ചിറങ്ങാന്‍ 'മെയ്ഡ് ഇൻ ചെൽസി' എന്ന ടിവി സീരീസിലൂടെ പ്രശസ്തനായ അദ്ദേഹത്തിന്‍റെ സഹോദരന്‍ സ്പെൻസർ മാത്യൂസ് തീരുമാനിച്ചു. ഒടുവില്‍ ആ അന്വേഷണ യാത്ര ഇപ്പോള്‍ ഡോക്യുമെന്‍ററിയായി ഇറങ്ങുകയാണ്.
സ്പെൻസർ മാത്യൂസിനെ സംബന്ധിച്ച് അത് വൈകാരികമായ ഒരു അന്വേഷണമാണ്. കാരണം 22 മത്തെ വയസില്‍ ഏവറസ്റ്റ് കൊടുമുടിയില്‍ മരിച്ച് വീണത് അദ്ദേഹത്തിന്‍റെ സഹോദരനായിരുന്നു. അനേകം പര്‍വ്വതാരോഹകരുടെ മരണത്തിന് ഇടയാക്കിയ ഏവറസ്റ്റില്‍ സഹോദരനെ അന്വേഷിച്ചിറങ്ങാന്‍ സ്പെന്‍സര്‍ മാത്യൂസിന് ഒരു കാരണമുണ്ടായിരുന്നു. 1999 ല്‍ മരിച്ചെന്ന് കരുതപ്പെട്ട സഹോദരന്‍റെതെന്ന് തോന്നുന്ന ഒരു ഫോട്ടോ 2017 ല്‍ അദ്ദേഹത്തിന്‍റെ കുടുംബത്തിന് ലഭിച്ചു. ആ ഫോട്ടോ സ്പെന്‍സറില്‍ ഏറെ വേദന ഉണര്‍ത്തി. തന്‍റെ കുടുംബത്തിന് നഷ്ടപ്പെട്ട സഹോദരനെ വീണ്ടും വീട്ടിലേക്ക് തിരിച്ചെത്തിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഈ ആഗ്രഹത്തില്‍ നിന്നാണ് ഇപ്പോള്‍ ഇറങ്ങുന്ന “ഫൈൻഡിംഗ് മൈക്കിൾ” എന്ന ഡോക്യുമെന്‍ററിയുടെ ആരംഭം.
കൂടുതല്‍ വായനയ്ക്ക്: ഇംഗ്ലണ്ടിലും വെല്‍സിലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇനി വിവാഹ പ്രായം 18; നിയമം പ്രാബല്യത്തില്‍
ഞാന്‍ ആ ഫോട്ടോയെ വെറുക്കുന്നു. കാരണം ആ ചിത്രത്തില്‍ ജീവിതം നഷ്ടപ്പെടുന്ന ഒരു ചെറുപ്പക്കാരനെയാണ് ഞാന്‍ കാണുന്നതെന്ന് സ്പെന്‍സര്‍ മാത്യുസ് പറയുന്നു. മൂത്ത സഹോദരന്‍റെ തിരോധാനത്തിന് 18 വര്‍ഷങ്ങള്‍ക്ക് ശേഷം വീട്ടിലേക്ക് എത്തിയ ആ ഫോട്ടോഗ്രാഫില്‍ നിന്നാണ് ഡോക്യുമെന്‍റിയിലേക്കുള്ള തുടക്കം. അത് മൈക്കിന്‍റെ ചിത്രമാണോയെന്ന് പോലും വ്യക്തമായിരുന്നില്ല. പക്ഷേ അദ്ദേഹത്തിന്‍റെത് പോലുള്ള വസ്ത്രങ്ങള്‍ ധരിച്ച ഒരാളുടെ ചിത്രമായിരുന്നു. സഹോദരനെ കണ്ടെത്തണമെന്നും പറ്റിയാല്‍ അവനെ വീണ്ടും വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരണമെന്നുമുള്ള സ്പെന്‍സറിന്‍റെ ആഗ്രഹത്തില്‍ നിന്നാണ് ഡോക്യുമെന്‍ററിയുടെ ഉദയം. അങ്ങനെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശത്തെ തിരച്ചില്‍ ദൌത്യങ്ങളില്‍ ഒന്നായി അത് മാറി. വര്‍ഷത്തില്‍ ശരാശരി ഏഴ് പര്‍വ്വതാരോഹകര്‍ക്കെങ്കിലും ഏവറസ്റ്റില്‍ ജീവന്‍ നഷ്ടമാകുന്നതായി കണക്കാക്കുന്നു. അത്രയും ദുര്‍ഘടമായ പാതയിലൂടെയാണ് സ്പെന്‍സര്‍ തന്‍റെ സഹോദരനെ അന്വേഷിച്ച് യാത്ര ആരംഭിക്കുന്നത്. മൈക്കിളിന്‍റെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കുന്ന ഡോക്യുമെന്‍ററിയുടെ ആദ്യ ക്ലിപ്പ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡിസ്നി പുറത്ത് വിട്ടത്. മാര്‍ച്ച് 3 ന് ചിത്രം ഡിസ്നി പുറത്തിറക്കും. ഏവറസ്റ്റില്‍ മൈക്കൽ മാത്യൂസിനെ അന്വേഷിച്ചിറങ്ങാന്‍ സ്പെന്‍സര്‍ മാത്യുസിനെ സഹായിച്ചത് നേപ്പാള്‍ സ്വദേശിയായ നിംസ് പുർജയാണ്.
കൂടുതല്‍ വായനയ്ക്ക്: കുഴിച്ചെടുത്ത് 2 കോടിയോളം മൂല്യമുള്ള 865 വര്‍ഷം പഴക്കമുള്ള നാണയങ്ങള്‍!
