എന്നാൽ, ഈ ഡ്രാമാ സ്‍കൂളിനെതിരെ ഇത് ആദ്യത്തെ ആരോപണമല്ല. നേരത്തെ വംശീയമായ മാറ്റിനിർത്തലുകളുണ്ട് എന്ന പരാതിയും സ്ഥാപനത്തിന് നേരെ ഉയർന്നിരുന്നു. 

സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ പലപ്പോഴും ലോകമറിയാതെ പോകാറുണ്ട്. എന്നാല്‍, അടുത്തിടെ ഉടലെടുത്ത 'മീ ടൂ മൂവ്മെന്‍റ്' അവര്‍ക്ക് അനുഭവിക്കേണ്ടി വന്ന ചൂഷണങ്ങളെ കുറിച്ച് ലോകത്തെ അറിയിച്ചു. ലോകത്തെല്ലായിടത്തും ഇത്തരം അതിക്രമങ്ങള്‍ നടക്കുന്നുവെന്ന വെളിപ്പെടുത്തലായി മാറി ഈ മൂവ്മെന്‍റ്. തമിഴ്കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ഒഎന്‍വി പുരസ്കാരം നല്‍കുന്നതിനെ ചൊല്ലി വലിയ വിവാദമാണ് നടന്നത്. ഒടുവില്‍ പുരസ്കാരം നല്‍കുന്നത് പുനപരിശോധിക്കാന്‍ വരെ തയ്യാറാവേണ്ടി വന്നു ബന്ധപ്പെട്ടവർക്ക്. കാരണം വേറൊന്നുമല്ല, പതിനേഴ് സ്ത്രീകളാണ് നേരത്തെ വൈരമുത്തുവിനെതിരെ മീ ടൂ ആരോപണവുമായി രംഗത്തു വന്നത്. 

മീ ടൂ ആരോപണം, അല്ലെങ്കില്‍ ലൈംഗികാതിക്രമ ആരോപണങ്ങള്‍ ലോകത്ത് എല്ലായിടത്തും ഉണ്ടാകുന്നുണ്ട്. എല്ലായിടത്തും സ്ത്രീകൾക്ക് നേരെ ചൂഷണവും അതിക്രമവും നടക്കുന്നുണ്ട്. ഇപ്പോഴിതാ അറിയപ്പെടുന്ന ഒരു ഡ്രാമാ സ്കൂളില്‍ നിന്നും ഇത്തരം അതിക്രമങ്ങളുടെ വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണ്. ലണ്ടനിലെ അക്കാദമി ഓഫ് ലൈവ് ആന്‍ഡ് റെക്കോര്‍ഡഡ് ആര്‍ട്സ് -ലെ മുൻജീവനക്കാർക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. സ്ത്രീകള്‍ തുറന്നു പറച്ചില്‍ നടത്തിയതോടെ സ്ഥാപനം ഒരു ആഭ്യന്തര അന്വേഷണവും ആരംഭിച്ചു കഴിഞ്ഞു. 'മുന്‍ ജീവനക്കാര്‍ക്കെതിരെയുള്ള ലൈം​ഗികാതിക്രമ ആരോപണങ്ങൾ ഹൃദയം തകര്‍ക്കുന്നതാണ്' എന്നാണ് അക്കാദമി ഓഫ് ലൈവ് ആന്‍ഡ് റെക്കോര്‍ഡഡ് ആര്‍ട്സ് പ്രതികരിച്ചത്. 

'മെയ് 20 -ന് ടെലഗ്രാമിൽ വന്ന റിപ്പോർട്ട് ആണ് ലൈംഗികാതിക്രമങ്ങള്‍ നടന്നുവെന്ന കാര്യം ശ്രദ്ധയില്‍ പെടുത്തിയത്. സ്കൂളിലെ എല്ലാവരുടേയും ക്ഷേമം പ്രാധാന്യം അര്‍ഹിക്കുന്നതാണ്' എന്ന് സ്ഥാപനം പ്രസ്താവനയില്‍ പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍, ഒറ്റപ്പെടുത്തല്‍ എന്നിവയോട് സ്ഥാപനം ഒട്ടും സഹിഷ്ണുത കാണിക്കില്ല. സമത്വത്തെ ഹനിക്കുന്ന ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ പരാജയത്തിനുള്ള ഉത്തരവാദിത്വം സ്ഥാപനം ഏറ്റെടുക്കുന്നുവെന്നും സ്കൂള്‍ പറഞ്ഞു. നടി മിറാന്‍ഡ ഹാര്‍ട്ട് അടക്കമുള്ള പ്രശസ്തര്‍ പഠിച്ച സ്ഥാപനമാണ് ഇത്. ലണ്ടന്‍, ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ വിഗാന്‍ എന്നിവിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. 

'ആഭ്യന്തര അന്വേഷണം നടക്കുകയാണ്. ലൈംഗികാതിക്രമങ്ങളെ കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ ആര്‍ക്കെങ്കിലും നല്‍കാന്‍ കഴിയുമെങ്കില്‍ മുന്നോട്ട് വരണം' എന്നും സ്ഥാപനം പറഞ്ഞു. ആളുകള്‍ക്ക് അതിക്രമങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നതിനായി ഒരു പ്രത്യേകം ഇമെയിലും സ്ഥാപനം നല്‍കിയിട്ടുണ്ട്. മുതിര്‍ന്ന ജീവനക്കാര്‍ക്കും സ്ഥാപനത്തിന്‍റെ ബോര്‍ഡിനും മാത്രമേ ഇമെയില്‍ സന്ദേശങ്ങള്‍ കാണാനാവൂ. അതുപോലെ തന്നെ ഓണ്‍ലൈനായി പരാതി നല്‍കുന്നതിനായി ഒരു അജ്ഞാത ഓണ്‍ലൈന്‍ പോര്‍ട്ടലും തുടങ്ങിയിട്ടുണ്ട്. 

എല്ലാ ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇത്തരം സാഹചര്യങ്ങളില്‍ പിന്തുണ ഉറപ്പാക്കുന്നുവെന്ന് കാണിച്ച് ഇമെയില്‍ അയച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സലിംഗ് സംവിധാനത്തിനായി കൂടുതല്‍ പണം നിക്ഷേപിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ടതില്ലെന്നും ധൈര്യത്തോടെ അതിക്രമങ്ങളെ കുറിച്ച് സംസാരിക്കാമെന്നും സ്ഥാപനം പറയുന്നു. 'ഈ അന്വേഷണത്തിനുള്ളിൽ പുറത്തുവരുന്ന ഏത് വിവരവും ബന്ധപ്പെട്ട അധികാരികളുമായി പങ്കിടും, ഉചിതമായ ആളുകളുമായി ബന്ധപ്പെടാൻ തങ്ങൾ ഇപ്പോള്‍ തന്നെ പ്രവർത്തിക്കുന്നു' എന്നും സ്ഥാപനം വ്യക്തമാക്കി.

എന്നാൽ, ഈ ഡ്രാമാ സ്‍കൂളിനെതിരെ ഇത് ആദ്യത്തെ ആരോപണമല്ല. നേരത്തെ വംശീയമായ മാറ്റിനിർത്തലുകളുണ്ട് എന്ന പരാതിയും സ്ഥാപനത്തിന് നേരെ ഉയർന്നിരുന്നു. വംശീയമായ വേർതിരിവ് കാണിക്കുന്നുവെന്ന് ആരോപിക്കപ്പെട്ട് സ്ഥാപനത്തിന്‍റെ പ്രിന്‍സിപ്പല്‍ അഡ്രിയാന്‍ ഹാളിന് തന്‍റെ സ്ഥാനം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. 2020 സെപ്റ്റംബറിൽ 13 ബിരുദധാരികൾ ഒരു തുറന്ന കത്തെഴുതിയിരുന്നു. 'ഡ്രാമാ സ്‍കൂളിന്റെ നേതൃത്വം പുനപരിശോധിക്കണം. സ്ഥാപനത്തിനുള്ളിലെ വ്യവസ്ഥാപരമായ വംശീയതയെ അഭിസംബോധന ചെയ്യുന്നതിൽ സ്കൂൾ പരാജയപ്പെട്ടു' എന്നും ആരോപിച്ചു കൊണ്ടായിരുന്നു കത്ത്. ഇത്തരം ആരോപണങ്ങള്‍ നിലനില്‍ക്കെ തന്നെയാണ് ലൈംഗികാതിക്രമങ്ങളെ കുറിച്ചുള്ള പുതിയ ആരോപണങ്ങളും ഉയര്‍ന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

നോയല്‍ ക്ലാര്‍ക്ക്

അഭിനയരം​ഗത്തുനിന്നും തന്നെ നിരവധി മീ ടൂ ആരോപണങ്ങളും ഇതോടകം തന്നെ ചർച്ചയായിട്ടുണ്ട്. അടുത്തിടെ നടന്‍ നോയല്‍ ക്ലാര്‍ക്കിനെതിരെ, സ്ത്രീകളോട് ലൈംഗികാതിക്രമം കാണിച്ചുവെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇരുപതോളം സ്ത്രീകളുടെ ആരോപണങ്ങളാണ് ക്ലാർക്കിനെതിരെ ഉയർന്നത്. ആരോപണങ്ങൾ പരസ്യപ്പെടുത്തിയതിന് ശേഷം ക്ലാർക്കിന് പ്രഖ്യാപിച്ചിരുന്ന സിനിമയ്ക്ക് നൽകിയ മികച്ച സംഭാവനയ്ക്കുള്ള ബാഫ്റ്റ അവാർഡ് താൽക്കാലികമായി നിർത്തിവച്ചിരുന്നു. അതോടെ, ക്ലാർക്ക് തന്റെ മുൻകാല പെരുമാറ്റം ആരെയെങ്കിലും അസ്വസ്ഥരാക്കിയിരുന്നെങ്കിൽ ഖേദിക്കുന്നുവെന്ന് പറയുകയുണ്ടായി. എന്നാല്‍, അപ്പോഴും ലൈംഗികാതിക്രമം കാണിച്ചിട്ടില്ലെന്നും തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ആവര്‍ത്തിച്ച് പറയുകയായിരുന്നു ക്ലാര്‍ക്ക്. തനിക്ക് നേരെ നടക്കുന്നത് വംശീയമായ ആക്രമണമാണ് എന്നും ക്ലാർക്ക് പറഞ്ഞിരുന്നു.

ഏതായാലും ഈ സംഭവങ്ങളൊക്കെ തന്നെ അഭിനയരംഗത്ത് നിലവിലിരിക്കെ സ്ഥാപനത്തിനെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ ​ഗൗരവമേറിയതാണ്. വലിയ ചർച്ചകൾക്ക് ഇത് വഴിവച്ചിട്ടുണ്ട്.