ഇന്ത്യയിലെയും വിയറ്റ്നാമിലെയും സിഗരറ്റ് വില താരതമ്യം ചെയ്തുകൊണ്ട് രജത് ശർമ്മ പങ്കുവെച്ച കുറിപ്പ് വൈറൽ. പുകവലിക്കാർക്ക് വിയറ്റ്നാമിലേക്ക് പോയി സിഗരറ്റ് വാങ്ങുന്നത് ലാഭകരമാണെന്ന വിചിത്രമായ നിർദ്ദേശം സമൂഹ മാധ്യമങ്ങളിൽ വിമർശനങ്ങൾക്ക് വഴിവെച്ചു.  

വെറും ഒരു പാക്കറ്റ് സിഗരറ്റ് വാങ്ങാനായി വിദേശത്തേക്ക് യാത്ര ചെയ്യേണ്ടി വരുന്ന അവസ്ഥയെക്കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇത്തരത്തിൽ വിചിത്രമായ ഒരു അനുഭവം പങ്കുവെച്ച യുവാവിന്‍റെ സമൂഹ മാധ്യമ പോസ്റ്റാണ് ഇപ്പോൾ ഇന്റർനെറ്റിൽ ചിരിക്കും വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുന്നത്. സന സെക്യൂരിറ്റീസിന്‍റെ (Sana Securities) സ്ഥാപകനും ന്യൂയോർക്കിൽ നിന്നുള്ള അഭിഭാഷകനുമായ രജത് ശർമ്മ ഇന്ത്യയിലെയും വിയറ്റ്നാമിലെയും സിഗരറ്റ് വിലകൾ താരതമ്യം ചെയ്തുകൊണ്ട് എക്സിൽ (X) പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമായത്. ഇന്ത്യയിലെയും വിയറ്റ്നാമിലെയും വില വ്യത്യാസത്തെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്. ദില്ലിയിലെ വില: നിലവിൽ ന്യൂദില്ലിയിൽ ഒരു പാക്കറ്റ് മാർൽബോറോ ലൈറ്റ്‌സിന് (Marlboro Lights) ഏകദേശം 340 രൂപയാണ് വില. നികുതി വർദ്ധനവിന്‍റെ പൂർണ്ണ ഭാരം ഉപഭോക്താക്കളിലേക്ക് എത്തിയാൽ ഇത് 400 രൂപ വരെയാകാൻ സാധ്യതയുണ്ട്.

സിഗരറ്റ് വാങ്ങാൻ വിയറ്റ്നാമിലേക്ക്

എന്നാൽ ഇതേ പാക്കറ്റ് സിഗരറ്റിന് വിയറ്റ്നാമിൽ വെറും 120 മുതൽ 130 രൂപ വരെ മാത്രമേ വിലയുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. "ന്യൂദില്ലിയിൽ നിന്നും ഹോ ചി മിൻ സിറ്റിയിലേക്ക് പോയി വരാനുള്ള വിമാന ടിക്കറ്റ് നിരക്ക് 21,000 രൂപയാണ്. അതുകൊണ്ട് നിങ്ങൾ പതിവായി പുകവലിക്കുന്ന ആളാണെങ്കിൽ വിയറ്റ്നാമിലേക്ക് വിമാനം കയറുക, 20 സിഗരറ്റുകൾ വീതമുള്ള 75 പാക്കറ്റുകൾ വാങ്ങുക, തിരികെ വരിക. ഇതിലൂടെ നിങ്ങളുടെ വിമാന ടിക്കറ്റ് തുക ലാഭിക്കാം. ഇത് പരമാവധി പ്രയോജനപ്പെടുത്തുക. യാത്ര ചെയ്യുക, പുതിയ സ്ഥലങ്ങൾ പര്യവേക്ഷണം ചെയ്യുക, ഒപ്പം നികുതിയും ലാഭിക്കാം." എന്നും അദ്ദേഹം പോസ്റ്റിൽ എഴുതി. ഓസ്‌ട്രേലിയയിലല്ലല്ലോ എന്നോർത്ത് പുകവലിക്കാർക്ക് ആശ്വസിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാരണം, ഓസ്‌ട്രേലിയയിൽ ഇതേ പാക്കറ്റ് സിഗരറ്റിന് 3,000 രൂപയിലധികം വിലവരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Scroll to load tweet…

മണ്ടൻ ആശയമെന്ന് നെറ്റിസെൻസ്

പോസ്റ്റ് വൈറലായതോടെ വലിയ രീതിയിലുള്ള വിമർശനങ്ങളും പരിഹാസങ്ങളുമാണ് ഉയർന്നുന്നത്. "പുകവലി നിർത്തിയാൽ ആശുപത്രി ബില്ലിനത്തിൽ ലക്ഷങ്ങൾ ലാഭിക്കാം, സന്തോഷമായി ജീവിക്കുകയും ചെയ്യാം," എന്നായിരുന്നു ഒരാളുടെ കമന്‍റ്. മറ്റൊരാൾ ഇത് പുകവലിയെന്ന ലഹരിയോടുള്ള അടിമത്തത്തിന്‍റെ ഉദാഹരണമാണെന്ന് അഭിപ്രായപ്പെട്ടു. ഈ നിർദ്ദേശം പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി മറ്റു ചിലർ രംഗത്തെത്തി. നിയമപരമായി വിദേശത്തുനിന്ന് അഞ്ച് പാക്കറ്റിൽ കൂടുതൽ സിഗരറ്റ് കൊണ്ടുവരാൻ കഴിയില്ലെന്നും, അതിൽ കൂടുതൽ കൊണ്ടുവന്നാൽ കസ്റ്റംസ് ഡ്യൂട്ടി നൽകേണ്ടി വരുമെന്നും, അത് വിമാന ടിക്കറ്റ് തുകയേക്കാൾ വലിയ ചെലവാകുമെന്നും പലരും ഓർമ്മിപ്പിച്ചു.