“വസ്‌ത്രങ്ങൾക്ക് ലിംഗഭേദം ഇല്ലെന്നും നമുക്കിഷ്ടമുള്ളത് ധരിക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ടെന്നുമുള്ള സന്ദേശം പ്രചരിപ്പിക്കാൻ ഞങ്ങൾ താൽപ്പര്യപ്പെടുന്നു” സ്കൂൾ, രക്ഷിതാക്കൾക്ക് അയച്ച സന്ദേശത്തിൽ പറയുന്നു.
സ്‌കോട്ട്‌ലൻഡി(Scotland)ലെ ഒരു പ്രൈമറി സ്‌കൂൾ(primary school) വളരെ വിചിത്രമായ ഒരു നിർദ്ദേശവുമായി മുന്നോട്ട് വന്നിരിക്കയാണ്. മറ്റൊന്നുമല്ല, സ്കൂളിലെ പെൺകുട്ടികൾക്കൊപ്പം ആൺകുട്ടികളും, അധ്യാപകരും പാവാട ധരിച്ച് സ്കൂളിൽ വരണമെന്നതാണ് അത്. എഡിൻബർഗിലെ കാസിൽവ്യൂ(Castleview) പ്രൈമറി സ്കൂളാണ് നവംബർ നാലിന് ഈ പുതിയ നിർദേശം അവതരിപ്പിച്ചത്. 'വെയർ എ സ്കേർട്ട് ടു സ്കൂൾ ഡേ' എന്നാണ് പരിപാടിയുടെ പേര്. ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനാണ് സ്കൂൾ ഇത്തരമൊരു നിർദേശം കൊണ്ടുവന്നത്.
'ഞങ്ങൾ എല്ലാവരെയും ഉൾക്കൊള്ളാനും സമത്വം പ്രോത്സാഹിപ്പിക്കാനും ആഗ്രഹിക്കുന്നു' സ്കൂൾ മാതാപിതാക്കൾക്ക് അയച്ച ഒരു ഇമെയിലിൽ പറയുന്നു. കുട്ടികൾ സന്തോഷമായിരിക്കാനാണ് സ്‌കൂൾ ആഗ്രഹിക്കുന്നതെന്നും, ലെഗ്ഗിംഗോ മറ്റ് പാന്റുകളോ പാവാടയ്ക്ക് കീഴിൽ ധരിക്കാമെന്നും ഇമെയിൽ കൂട്ടിച്ചേർത്തു. ഇനി വിദ്യാർത്ഥികൾക്ക് പാവാട ഇല്ലെങ്കിൽ, സ്കൂൾ അത് നൽകുന്നതായിരിക്കും. കാസിൽവ്യൂ പ്രൈമറിയിലെ അധ്യാപികയായ മിസ് വൈറ്റ് ഈ സംരംഭത്തിന്റെ ചിത്രങ്ങൾ ട്വീറ്റ് ചെയ്തു. കഴിയുന്നത്ര ജീവനക്കാരെയും വിദ്യാർത്ഥികളെയും പാവാട ധരിപ്പിക്കാനുള്ള ശ്രമത്തിലാണ് സ്കൂളെന്ന് ടീച്ചർ കൂട്ടിച്ചേർത്തു.
“വസ്‌ത്രങ്ങൾക്ക് ലിംഗഭേദം ഇല്ലെന്നും നമുക്കിഷ്ടമുള്ളത് ധരിക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ടെന്നുമുള്ള സന്ദേശം പ്രചരിപ്പിക്കാൻ ഞങ്ങൾ താൽപ്പര്യപ്പെടുന്നു” സ്കൂൾ, രക്ഷിതാക്കൾക്ക് അയച്ച സന്ദേശത്തിൽ പറയുന്നു. എന്നാലും, ഇത് ഒരു നിർബന്ധിത നിയമമല്ലെന്നും, പങ്കെടുക്കാൻ ആഗ്രഹിക്കാത്ത കുട്ടികൾക്ക് വിട്ടുനിൽക്കാമെന്നും വൈറ്റ് പറഞ്ഞു. 'ആരെയും ഞങ്ങൾ നിർബന്ധിക്കില്ല. താല്പര്യമുള്ളവർക്ക് പാവാടയ്ക്ക് താഴെ ട്രൗസറുകൾ ധരിക്കാം' എന്നും വൈറ്റ് പറഞ്ഞു.
