മരണത്തിലേക്ക് ഇറങ്ങിപ്പോകും മുമ്പ് താൻ ഇന്നോളം നടത്തിയ പോരാട്ടങ്ങളുടെയെല്ലാം മുഴുവൻ രേഖകളും ഉള്‍പ്പെടുത്തി റസാഖ് അവസാനമായി ഫേസ്ബുക്കിലൊരു പോസ്റ്റ് പങ്കിട്ടിരുന്നു. ശേഷം രാത്രിയോടെ പഞ്ചായത്ത് ഓഫീസിനകത്ത് കടന്നു. ഇതേ രേഖകളുടെയെല്ലാം കടലാസ് കോപ്പികളും മറ്റുമടങ്ങിയ സഞ്ചി കഴുത്തില്‍ കെട്ടിത്തൂക്കി ഒരു വലിയ ചോദ്യമായി സ്വയം കുരുക്കിട്ടു.
ഇന്ന് രാവിലെ മലപ്പുറം പുളിക്കലില്‍ നിന്നും അസാധാരണമായ ആ മരണവാര്‍ത്തയെത്തി. സഹോദരന്‍റെ മരണത്തിന് കാരണമായി മാറിയ പ്ലാസ്റ്റിക് മാലിന്യ പ്ലാന്‍റിനെതിരെ നിരന്തരം പോരാട്ടം നടത്തിയ സാമൂഹ്യപ്രവര്‍ത്തകൻ റസാഖ് പയമ്പ്രോട്ടിനെ പുളിക്കല്‍ പഞ്ചായത്ത് ഓഫീസിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നു.
മരണത്തിലേക്ക് ഇറങ്ങിപ്പോകും മുമ്പ് താൻ ഇന്നോളം നടത്തിയ പോരാട്ടങ്ങളുടെയെല്ലാം മുഴുവൻ രേഖകളും ഉള്‍പ്പെടുത്തി റസാഖ് അവസാനമായി ഫേസ്ബുക്കിലൊരു പോസ്റ്റ് പങ്കിട്ടിരുന്നു. ശേഷം രാത്രിയോടെ പഞ്ചായത്ത് ഓഫീസിനകത്ത് കടന്നു. ഇതേ രേഖകളുടെയെല്ലാം കടലാസ് കോപ്പികളും മറ്റുമടങ്ങിയ സഞ്ചി കഴുത്തില്‍ കെട്ടിത്തൂക്കി ഒരു വലിയ ചോദ്യമായി സ്വയം കുരുക്കിട്ടു.
പഞ്ചായത്ത് ഓഫീസിനകത്ത് ഒരു മനുഷ്യൻ സ്വയം ജീവിതം അവസാനിപ്പിക്കുക. അതും തന്നെ മരണത്തിലേക്ക് നയിച്ച കാരണങ്ങളുടെ കെട്ട് കഴുത്തില്‍ കെട്ടിത്തൂക്കിയിട്ടുകൊണ്ട്...
റസാഖിന്‍റെ മരണം അസാധാരണമാകുന്നത് ഇങ്ങനെയാണ്. അദ്ദേഹത്തിന്‍റെ ജീവിതവും ഇങ്ങനെ തന്നെയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ ഓര്‍മ്മിപ്പിക്കുന്നു. എന്നും സാമൂഹികമായ വിഷയങ്ങള്‍ക്ക് വേണ്ടി നിലയുറപ്പിച്ച മനുഷ്യൻ.
പുളിക്കലില്‍ പ്രവര്‍ത്തിച്ചുവരുന്ന പ്ലാസ്റ്റിക് മാലിന്യപ്ലാന്‍റിനെതിരെ നാട്ടുകാര്‍ക്കൊപ്പം സമരം നടത്തി വരികയായിരുന്നു റസാഖും. ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ മൂലം ഏതാനും മാസങ്ങള്‍ക്ക് മുമ്പ് റസാഖിന്‍റെ സഹോദരനും പ്ലാസ്റ്റിക് മാലിന്യ പ്ലാന്‍റിനെതിരായി നാട്ടുകാര്‍ രൂപീകരിച്ച കര്‍മ്മസമിതിയുടെ ചെയര്‍മാനുമായിരുന്ന അഹമ്മദ് ബഷീര്‍ മരിച്ചു.
എന്നിട്ടും ഇവരുടെ ആവശ്യങ്ങളെ പ്രതി ഉത്തരവാദിത്തപ്പെട്ടവര്‍ മറുപടി നല്‍കിയിരുന്നില്ല. പല തവണ അധികാരികളുടെ മുമ്പാകെ പരാതി ബോധിപ്പിച്ചുവെങ്കിലും പ്ലാന്‍റിനെതിരെ യാതൊരു നടപടിയും ഉണ്ടാകാതിരുന്നതിനാല്‍ തന്‍റെ മരണം കൊണ്ട് ഉത്തരം ആവശ്യപ്പെട്ടിരിക്കുകയാണ് റസാഖ് ഇപ്പോഴെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
മോയിൻകുട്ടി വൈദ്യര്‍ മാപ്പിളകല അക്കാദമി മുൻ സെക്രട്ടറിയായിരുന്ന റസാഖ് പ്രാദേശികമായി മാധ്യമപ്രവര്‍ത്തനത്തിലും എഴുത്തിലുമെല്ലാം സജീവമായിരുന്നു. അമ്പത്തിയേഴുകാരനായ റസാഖും ഭാര്യയും (ഇരുവര്‍ക്കും കുട്ടികളില്ല) സിപിഎം അനുഭാവികളായിരുന്നതിനാല്‍ തങ്ങളുടെ വീടും സ്ഥലവും പാര്‍ട്ടിക്ക് എഴുതിക്കൊടുത്തിരുന്നു. മരണാനന്തരം സ്വന്തം ശരീരം മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കാനും അദ്ദേഹം എഴുതിവച്ചിരുന്നു.
പ്രമുഖ തിരക്കഥാകൃത്ത് ടിഎ റസാഖിന്‍റെ ഭാര്യാസഹോദരൻ കൂടിയായ റസാഖ് കലാ-സാംസ്കാരിക മേഖലകളില്‍ നിന്നും മറ്റുമായി ധാരാളം സുഹൃത്തുക്കളെ സമ്പാദിച്ചിരുന്നു. ഇപ്പോള്‍ റസാഖിന്‍റെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടലിലാണ് ഇവരെല്ലാം.
'റസാഖ് ഒരിക്കലും വൈകാരികമായി ചിന്തിക്കുന്ന ഒരാളേ അല്ല. തികഞ്ഞ നാസ്തികൻ. ലോജിക്കലായാണ് ഏത് കാര്യത്തെയും സമീപിക്കുക. സുഹൃത്തുക്കളോട് വിയോജിപ്പുകളുണ്ടാകുന്നതും അങ്ങനെയുള്ള വിഷയങ്ങളില്‍ മാത്രം. ഒരു കലഹക്കാരനേ അല്ലായിരുന്നു. ആളുടേതായ രീതിയില്‍ യുക്തിപരമായി സംസാരിക്കും. വിയോജിപ്പ് അങ്ങനെ തന്നെ സ്ഥാപിക്കും. ഈ മരണം പോലും റസാഖ് വൈകാരികമായി എടുത്ത തീരുമാനമാണെന്ന് എനിക്ക് തോന്നുന്നില്ല. വളരെ ബൗദ്ധികമായൊരു തീരുമാമായേ അതിന് കാണാൻ കഴിയൂ...
... മരണം പോലും ആശയപരമായി മാറുന്നൊരു അസാധാരണമായ അവസ്ഥ. അയാളുടെ മരണം ഉയര്‍ത്തുന്ന ഒരുപാട് ചോദ്യങ്ങളുണ്ട്. അതിനെല്ലാമുള്ള ഉത്തരങ്ങള്‍ വരേണ്ടിയിരിക്കുന്നു. റസാഖിനെ സ്നേഹിക്കുന്ന ഒരുപാട് ആളുകളുണ്ട്. അവര്‍ നിശബ്ദമായിരിക്കുമെന്ന് കരുതുന്നില്ല. റസാഖ് അവസാനമായി ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റ് തന്നെ ഉദാഹരണമായി എടുക്കാം. ഇതേ വിഷയത്തിലുള്ള പോസ്റ്റില്‍ തന്നെ ഇൻസള്‍ട്ട് ചെയ്യുന്ന കമന്‍റിന് പേലും വൈകാരികമല്ലാതെ യുക്തിയുക്തമായാണ് റസാഖ് മറുപടി നല്‍കുന്നത്...' - റസാഖിന്‍റെ സുഹൃത്തും എഴുത്തുകാരനുമായ ശിഹാബുദ്ധീൻ പൊയ്ത്തുംകടവ് പറയുന്നു.
റസാഖിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്...
ശിഹാബുദ്ധീൻ പൊയ്ത്തും കടവ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച, റസാഖിനെ കുറിച്ചുള്ള ഹൃദ്യമായ എഴുത്തിന് താഴെയും സുഹൃത്തുക്കളുടെ നിരാശ കാണാം. റസാഖ് അത്രയും ഒറ്റപ്പെട്ടുപോയോ എന്നും എന്തുകൊണ്ട് റസാഖ് ഈ കടുത്ത തീരുമാനം എടുത്തു എന്നുമെല്ലാം ചോദിക്കുന്ന സുഹൃത്തുക്കള്‍. ഇന്ന് റസാഖിന്‍റെ പിറന്നാളാണ്, ഇന്നേ ദിനം തന്നെ അതിനായി റസാഖ് തെരഞ്ഞെടുത്തിരിക്കുന്നു എന്ന വേദനയോടെയുള്ള ആത്മഗതം പങ്കുവയ്ക്കുന്ന സുഹൃത്തുക്കള്‍...
സുഹൃത്തുക്കളാരും റസാഖിനെ മരണത്തിലേക്ക് നയിച്ച രാഷ്ട്രീയപരമായ പശ്ചാത്തലത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനാഗ്രഹിക്കുന്നില്ല. റസാഖിനെ പോലെയുള്ള മനുഷ്യര്‍ നഷ്ടപ്പെട്ടുപോകുന്നതിലെ വേദനയാണ് ഇവര്‍ക്ക് പറയാനുള്ളത്. ലോകം ഈ വിധം നിലനിന്നുപോകുന്നത് റസാഖിനെ പോലെയുള്ള മനുഷ്യര്‍ കൊള്ളുന്ന വെയിലിന്‍റെ ബാക്കിയാണെന്നാണ് ഇവര്‍ വേദനയോടെ പറയുന്നത്. റസാഖിനെ പോലെയുള്ള മനുഷ്യരെ അപൂര്‍വമായേ കാണാൻ സാധിക്കൂ എന്നും ജീവിതം കൊണ്ടും മരണം കൊണ്ടും അദ്ദേഹം തന്‍റെ ആശയങ്ങള്‍ക്ക് വേണ്ടി അടിയുറച്ച് നിന്നുവെന്നും ഇവര്‍ പറയുന്നു. അതേസമയം അദ്ദേഹത്തിന്‍റെ മരണം ആവശ്യപ്പെടുന്ന ഉത്തരങ്ങള്‍ വരുംദിവസങ്ങള്‍ ലഭിക്കുമെന്നും ഇവര്‍ പ്രത്യാശിക്കുന്നു.
Also Read:- പരാതികളും രേഖകളും കഴുത്തിൽ സഞ്ചിയിലാക്കി തൂക്കി പഞ്ചായത്ത് ഓഫീസിൽ ജീവനൊടുക്കി മധ്യവയസ്കൻ

