മിസ് ദക്ഷിണാഫ്രിക്ക ആയി തെരഞ്ഞെടുക്കപ്പെട്ട നര്‍ത്തകിയും മോഡലുമായ ലലേല സ്‌വൈന്‍ അസാധാരണമായ ഒരു പ്രതിസന്ധിയുടെ നടുക്കാണ്. ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിച്ച് വിശ്വസുന്ദരീ മല്‍സരത്തില്‍ പങ്കെടുക്കാന്‍ അവസരം കിട്ടിയെങ്കിലും അതുണ്ടാക്കിയ പുകിലുകള്‍ക്ക് മുന്നില്‍ അമ്പരന്നു നില്‍ക്കുകയാണ് അവരിപ്പോള്‍. 

മിസ് ദക്ഷിണാഫ്രിക്ക ആയി തെരഞ്ഞെടുക്കപ്പെട്ട നര്‍ത്തകിയും മോഡലുമായ ലലേല സ്‌വൈന്‍ അസാധാരണമായ ഒരു പ്രതിസന്ധിയുടെ നടുക്കാണ്. ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിച്ച് വിശ്വസുന്ദരീ മല്‍സരത്തില്‍ പങ്കെടുക്കാന്‍ അവസരം കിട്ടിയെങ്കിലും അതുണ്ടാക്കിയ പുകിലുകള്‍ക്ക് മുന്നില്‍ അമ്പരന്നു നില്‍ക്കുകയാണ് അവരിപ്പോള്‍. 

ഡിസംബര്‍ 12ന് ഇസ്രായേലിലെ എയിലാത്തില്‍ ആണ് വിശ്വസുന്ദരീ മല്‍സരം നടക്കുന്നത്. അതാണ് ലലേലയുടെ പ്രശ്‌നത്തിനു കാരണവും. ഫലസ്തീനെ അനുകൂലിക്കുന്ന രാജ്യമായ ദക്ഷിണാഫ്രിക്ക ഇസ്രായേലില്‍ നടക്കുന്ന സൗന്ദര്യ മല്‍സരം ബഹിഷ്‌കരിക്കണമെന്നാണ് വിവിധ സംഘടനകള്‍ ആവശ്യമുയര്‍ത്തിയത്. എന്നാല്‍, ഇതൊരു രാഷ്ട്രീയ കളിയല്ലെന്നും ഇസ്രായേലില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുക തന്നെ ചെയ്യും എന്നുമാണ് ദക്ഷിണാഫ്രിക്കന്‍ സുന്ദരീ മല്‍സരത്തിന്റെ സംഘാടകരുടെ നിലപാട്. വിമര്‍ശനങ്ങളും വിവാദങ്ങളും ഉയരുന്നതിനിടെ, പ്രശ്‌നത്തില്‍നിന്നും മാറിനില്‍ക്കാന്‍ ഇന്നലെ ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തതോടെ പ്രശ്‌നത്തിന് പുതിയ തലം കൈവന്നിരിക്കുകയാണ്. 

നാലാഴ്ച മുമ്പാണ് കേപ് ടൗണില്‍ നടന്ന മല്‍സരത്തില്‍ ലലേല ദക്ഷിണാഫ്രിക്കന്‍ സുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടത്. ക്വസോഖുലു നര്‍ത്തകിയും അറിയപ്പെടുന്ന മോഡലുമാണ് റിച്ചാര്‍ഡ്‌സ് ബേ സ്വദേശിയായ ഈ 24-കാരി. ജീവിതത്തിലെ സ്വപ്‌നാഭമായ അനുഭവമായിരുന്നു മിസ് ദക്ഷിണാഫ്രിക്ക കിരീടധാരണമെന്നാണ് പ്രിട്ടോറിയ സര്‍വകലാശാലയില്‍നിന്നും നിയമബിരുദം നേടിയ ലലേല അന്ന് പ്രതികരിച്ചിരുന്നത്. 

Scroll to load tweet…

എന്നാല്‍, അതിനു പിന്നാലെ സൗന്ദര്യമല്‍സരവുമായി ബന്ധപ്പെട്ട വിമര്‍ശനം ഉയര്‍ന്നുവന്നു. വിശ്വസുന്ദരീ മല്‍സരം നടക്കുന്ന രാജ്യത്തെക്കുറിച്ചാണ് വിവാദം ഉയര്‍ന്നുവന്നത്. ഇസ്രായേലില്‍ വെച്ചാണ് ഇത്തവണത്തെ മല്‍സരം നടക്കുന്നത്. ഫലസ്തീന്‍ വിഷയത്തില്‍ ഇസ്രായേലിനെതിരെ ഔദ്യോഗികമായി നിലപാട് സ്വീകരിച്ച ദക്ഷിണാഫ്രിക്ക ഒരു കാരണവശാലും ഇസ്രായേലില്‍ നടക്കുന്ന മല്‍സരത്തില്‍ പങ്കെടുക്കരുത് എന്നാണ് ആവശ്യം ഉയര്‍ന്നത്. 

ദക്ഷിണാഫ്രിക്കന്‍ സൗന്ദര്യ മല്‍സര സംഘാടകരായ മിസ് സൗത്ത് ആഫ്രിക്ക ഓര്‍ഗനൈസേഷന്‍ തുടക്കത്തില്‍ തന്നെ ഈ ആവശ്യം തള്ളിക്കളഞ്ഞതോടെ രാഷ്ട്രീയ വിവാദത്തിലേക്ക് ഇത് വളര്‍ന്നു. വര്‍ണവിവേചനത്തിനെതിരായ പോരാട്ടവീര്യം മുന്നോട്ടുവെക്കുന്ന നിരവധി സംഘടനകള്‍ ഫലസ്തീനിനെതിരെ ഇസ്രായേല്‍ നടത്തുന്ന അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി പരസ്യമായി രംഗത്തുവന്നു. ദക്ഷിണാഫ്രിക്കയുടെ വര്‍ണവിവേചന നിലപാടിന് വിരുദ്ധമാണ് സൗന്ദര്യ മല്‍സരത്തിലെ പങ്കാളിത്തം എന്ന് അവര്‍ വിമര്‍ശനം ഉയര്‍ത്തി. 

അതിനിടെ, എന്തു വിലകൊടുത്തും സൗന്ദര്യ മല്‍സരത്തില്‍ പങ്കെടുക്കുമെന്ന് മിസ് സൗത്ത് ആഫ്രിക്ക ഓര്‍ഗനൈസേഷന്‍ സി ഇ ഒ സ്‌റ്റെഫാനി വെയില്‍ പ്രഖ്യാപിച്ചു. ഇതോടെയാണ്, വിമര്‍ശനം ലലേലയ്ക്കു നേരെ നീണ്ടത്. ഈ വിഷയത്തില്‍ ലലേല നിലപാട് എടുക്കണമെന്നാണ് ഫലസ്തീന്‍ അനുകൂല സംഘടനകളുടെ ആവശ്യം. 

അതിനിടെയാണ്, ഈ വിഷയത്തില്‍നിന്നും നിന്നും മാറിനില്‍ക്കാന്‍ ദക്ഷിണാ്രഫിക്കന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി തീരുമാനം എടുത്തത്. ഇസ്രായേലില്‍ നടക്കുന്ന മല്‍സരത്തില്‍ പങ്കെടുക്കാനുള്ള തീരുമാനം പുന:പരിശോധിക്കണം എന്ന് നിര്‍ബന്ധം ചെലുത്താന്‍ ധാര്‍മികമായി കഴിയില്ലെന്നും സര്‍ക്കാര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. 

എന്നാല്‍, സംഘാടകര്‍ക്കുള്ള പിന്തുണ തങ്ങള്‍ പിന്‍വലിക്കുന്നതായി സര്‍ക്കാര്‍ വ്യക്തമാക്കി. അതോടൊപ്പം, ഫലസ്തീന്‍ ജനതയ്ക്ക് എതിരെ ഇസ്രായേല്‍ നടത്തുന്ന അതിക്രമങ്ങള്‍ക്ക് എതിരായ ദക്ഷിണാഫ്രിക്കന്‍ ജനതയുടെ നിലപാടില്‍നിന്നും ഒരു തരത്തിലും പിന്നോട്ടുപോവില്ലെന്നും സാംസ്‌കാരിക വകുപ്പ് വ്യക്തമാക്കി. 

അതിനിടെ, വിമര്‍ശനങ്ങള്‍ക്ക് പിന്തുണയുമായി ഭരണകക്ഷിയായ ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ് രംഗത്തുവന്നു. 'വര്‍ണവിവേചനക്കാരായ ഇസ്രായേലില്‍ നടക്കുന്ന പരിപാടിയില്‍നിന്നും വിട്ടുനില്‍ക്കണമെന്ന വിമര്‍ശനങ്ങള്‍ക്ക് ചെവികൊടുക്കണം' എന്നാണ് പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞത്. 

1995-ല്‍ വര്‍ണവിവേചനം അവസാനിച്ചതിനെ തുടര്‍ന്നാണ് ദക്ഷിണാഫ്രിക്ക ഔദ്യോഗികമായി ഫലസ്തീനിന് പിന്തുണയുമായി രംഗത്തുവന്നത്. തുടര്‍ന്ന് ഇസ്രായേലുമായുള്ള നയതന്ത്രബന്ധത്തില്‍ മാറ്റമുണ്ടായി. 2019-ല്‍ ദക്ഷിണാഫ്രിക്ക ഇസ്രായേലിലെ തങ്ങളുടെ അംബാസഡറെ തിരിച്ചുവിളിച്ചിരുന്നു.