Asianet News MalayalamAsianet News Malayalam

കാഴ്ചയില്ലാതെ ജനിച്ചതിന് അനാഥാലയത്തിലാക്കാനുപദേശിച്ചു, അവ​ഗണിച്ചു, ഇന്ന് കോടികൾ വിറ്റുവരവുള്ള കമ്പനിയുടമ

പകരം അമേരിക്കയിലെ സർവ്വകലാശാലകളിൽ അപേക്ഷിക്കാൻ ശ്രീകാന്ത് തീരുമാനിച്ചു. മസാച്യുസെറ്റ്‌സിലെ കേംബ്രിഡ്ജിൽ എംഐടിയിൽ അവന് പ്രവേശനം ലഭിച്ചു. അവിടത്തെ ആദ്യത്തെ അന്തർദ്ദേശീയതലത്തിലുള്ള അന്ധ വിദ്യാർത്ഥിയായി ശ്രീകാന്ത് മാറി. 

Srikanth Bolla blind CEO of 48m dollar company
Author
Andhra Pradesh, First Published Jan 24, 2022, 3:27 PM IST

ജന്മനാ അന്ധനായിരുന്ന ശ്രീകാന്ത് ബൊല്ല(Srikanth Bolla)യുടെ ജീവിതം ദുരിതങ്ങൾ നിറഞ്ഞതായിരുന്നു. ജനിച്ചയുടൻ തന്നെ അവനെ അനാഥാലയത്തിൽ കൊണ്ടുതള്ളാൻ ദരിദ്രരായ മാതാപിതാക്കളോട് ആളുകൾ ഉപദേശിച്ചു. ഈ കണ്ണ് പൊട്ടൻ കുടുംബത്തിന് ഭാരമാകുമെന്ന് പറഞ്ഞ് അവനെ കൊന്നുകളയാൻ പോലും പലരും നിർദ്ദേശിച്ചു. എന്നാൽ, അവർ അവനെ ഉപേക്ഷിച്ചില്ല. മറിച്ച് പഠിക്കാൻ വിട്ടു. പക്ഷേ, സ്കൂളിലും ശ്രീകാന്ത് അവഗണിക്കപ്പെട്ടു. അധ്യാപകർക്ക് അവനിൽ ഒട്ടും പ്രതീക്ഷയുണ്ടായില്ല. പുറകിലത്തെ ബെഞ്ചായിരുന്നു അധ്യാപകർ അവനായി ഒഴിച്ചിട്ടത്. എന്നാൽ, എല്ലാ അവഗണയും, അപമാനവും സഹിച്ച് അവൻ പഠനം പൂർത്തിയാക്കി. പിന്നീട് അമേരിക്കയിലെ പ്രശസ്തമായ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് പഠിച്ചിറങ്ങിയ ലോകത്തിലെ തന്നെ ആദ്യ അന്ധവിദ്യാർത്ഥിയായി അവൻ മാറി. ഇന്ന് നൂറ് കോടി വിറ്റുവരവുള്ള കമ്പനിയുടെ ഉടമയാണ് ശ്രീകാന്ത്. ആരും തന്നിൽ വിശ്വാസം അർപ്പിക്കാൻ ഇല്ലാതിരുന്ന സമയത്തും, അദ്ദേഹം സ്വയം വിശ്വസിച്ചു. ഇന്ന് അനേകായിരം ആളുകൾക്ക് പ്രചോദനമാണ് അദ്ദേഹത്തിന്റെ ജീവിതം.  

ആന്ധ്രാപ്രദേശിലെ സീതാരാമപുരം ഗ്രാമത്തിൽ 1992 -ലാണ് ശ്രീകാന്ത് ജനിച്ചത്. അച്ഛന്റെ പേര് ദാമോദർ റാവു. അമ്മ വെങ്കിടമ്മ. ഒരു കർഷകകുടുംബമായിരുന്നു അവന്റേത്. പട്ടിണിയും, ദാരിദ്ര്യവും ചെറുപ്പം മുതലേ അവന്റെ കൂട്ടായിരുന്നു. പാവപ്പെട്ട കുടുംബത്തിൽ നിന്ന് വന്ന ആ അന്ധനെ അധ്യാപകരും സമൂഹവും ഒരുപോലെ അവഗണിച്ചു. എന്നാൽ അവന്റെ മാതാപിതാക്കൾ മകനുവേണ്ടി എല്ലാവരോടും പോരാടി. അതേ പോരാട്ടവീര്യം അവനിലും വളർന്നു വന്നു. "അന്ധനായി ഒരു മകൻ ജനിച്ചുവെന്നത് എന്റെ മാതാപിതാക്കളെ തകർത്തു കളഞ്ഞു. ഗ്രാമപ്രദേശത്തെ ഒരു സ്‌കൂളിൽ എന്നെ പഠിപ്പിക്കാൻ തുടങ്ങിയതുമുതൽ അവർക്ക് എന്നെ ചൊല്ലി എല്ലായിടത്തും എപ്പോഴും പോരാടേണ്ടിവന്നു. എന്റെ വിദ്യാഭ്യാസ കാലത്ത് ഓരോ വെല്ലുവിളികൾ നേരിടുമ്പോഴും, അവർ എനിക്കൊപ്പം നിന്നു" ശ്രീകാന്ത് ഒരിക്കൽ ഒരു അഭിമുഖത്തിൽ മാതാപിതാക്കളെ അനുസ്മരിച്ചു കൊണ്ട് പറഞ്ഞു.  

ആറ് വയസ്സുള്ള ശ്രീകാന്ത് എല്ലാ ദിവസവും കിലോമീറ്ററുകൾ നടന്നായിരുന്നു സ്‌കൂളിൽ എത്തിയിരുന്നത്. മഴക്കാലത്ത് ചെളി നിറഞ്ഞ പാതയായിരുന്നു. അന്ധനായ ശ്രീകാന്തിന് ഒട്ടും എളുപ്പമായിരുന്നു അത്. ആരും അവനെ സഹായിക്കുകയോ, എന്തിന് കൂട്ടുകൂടുകയോ പോലും ചെയ്തിരുന്നില്ല. ദരിദ്രരും നിരക്ഷരരുമായ മാതാപിതാക്കളുടെ മകനായി ജനിച്ച അവനെ സമൂഹം തിരസ്കരിച്ചു. സ്വന്തം വീടിന്റെ കാവൽക്കാരനാകാൻ പോലും തനിക്ക് കഴിവില്ലെന്ന് അവൻ മാതാപിതാക്കളോട് സങ്കടം പറഞ്ഞു. എന്നാൽ, അവർ അവന് ആത്മവിശ്വാസം നൽകി. മറ്റുള്ളവരുടെ മുന്നിൽ ജീവിച്ച് കാണിക്കാൻ അവർ അവനോട് പറഞ്ഞു.

പിന്നീട് എട്ട് വയസ് തികഞ്ഞപ്പോൾ, അന്ധരായ കുട്ടികൾക്കുള്ള ഒരു ബോർഡിംഗ് സ്കൂളിൽ ശ്രീകാന്തിന് പ്രവേശനം ലഭിച്ചു. അങ്ങനെ തന്റെ വീട്ടിൽ നിന്ന് 400 കിലോമീറ്റർ ദൂരെയുള്ള സ്ഥലത്തേക്ക് അവൻ താമസം മാറി. മാതാപിതാക്കളിൽ നിന്ന് ഒരുപാട് ദൂരെയാണെങ്കിലും, ശ്രീകാന്ത് സന്തോഷവാനായിരുന്നു. അവൻ നീന്താനും ചെസ്സ് കളിക്കാനും ക്രിക്കറ്റ് കളിക്കാനും പഠിച്ചു. ഒരു എഞ്ചിനീയറാകണമെന്നതായിരുന്നു അവന്റെ ആഗ്രഹം. അതിനായി ശാസ്ത്രവും ഗണിതവും പഠിക്കേണ്ടതുണ്ട്. ആന്ധ്രാപ്രദേശിലെ സ്റ്റേറ്റ് ബോർഡ് ഓഫ് എജ്യുക്കേഷനാണ് ശ്രീകാന്തിന്റെ സ്കൂൾ നടത്തുന്നത്. അന്ധരായ മുതിർന്ന വിദ്യാർത്ഥികൾക്ക് അവിടെ കല, ഭാഷ, സാഹിത്യം, സാമൂഹിക ശാസ്ത്രം എന്നിവ പഠിക്കാമെങ്കിലും, ശാസ്ത്രവും ഗണിതവും പഠിപ്പിക്കാൻ അനുവാദമുണ്ടായിരുന്നില്ല.  

2007 -ലായിരുന്നു അത്. സ്കൂളിന്റെ ഈ വിചിത്ര നിയമം ശ്രീകാന്തിനെ നിരാശനാക്കി. അവന്റെ അധ്യാപികമാരിൽ ഒരാളായ സ്വർണ്ണലത തക്കിലപതി ഇതിനെതിരെ കേസ് കൊടുക്കാൻ അവനെ പ്രോത്സാഹിപ്പിച്ചു.  ഇരുവരും കേസ് വാദിക്കാൻ ആന്ധ്രാപ്രദേശിലെ സെക്കൻഡറി എജ്യുക്കേഷൻ ബോർഡിനെ സമീപിച്ചെങ്കിലും, ഒന്നും ചെയ്യാൻ ബോർഡ് തയ്യാറായില്ല. തളരാതെ, അവർ ഒരു അഭിഭാഷകനെ കണ്ടെത്തി. സ്കൂൾ മാനേജ്മെന്റ് ടീമിന്റെ പിന്തുണയോടെ, അന്ധരായ വിദ്യാർത്ഥികൾക്ക് കണക്കും സയൻസും പഠിക്കാൻ അനുവദിക്കുന്ന വിദ്യാഭ്യാസ നിയമത്തിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ ഒരു കേസ് ഫയൽ ചെയ്തു.

കേസ് വലിയ ചർച്ചയായി. ആറ് മാസത്തിന് ശേഷം കോടതിയിൽ അവന് അനുകൂലമായി വിധി വന്നു. അങ്ങനെ ആന്ധ്രാപ്രദേശിലെ എല്ലാ സ്‌റ്റേറ്റ് ബോർഡ് സ്‌കൂളുകളിലും അന്ധരായ വിദ്യാർത്ഥികൾക്ക് സയൻസും ഗണിതവും പ്രധാന വിഷയമായി പഠിക്കാമെന്ന് കോടതി വിധിച്ചു. ശ്രീകാന്ത് ഉടൻ തന്നെ സംസ്ഥാന ബോർഡ് സ്കൂളിൽ തിരിച്ചെത്തി. പരീക്ഷകളിൽ ശരാശരി 98% വിജയം നേടി അവൻ പാസ്സായി. തുടർന്ന്, ഇന്ത്യയിലെ പ്രശസ്തമായ എഞ്ചിനീയറിംഗ് കോളേജുകളിൽ പ്രവേശനത്തിനായി ശ്രമിച്ചു. മത്സരം കടുത്തതായിരുന്നു. പ്രവേശന പരീക്ഷകൾക്ക് മുമ്പായി വിദ്യാർത്ഥികൾ പലപ്പോഴും തീവ്രമായ കോച്ചിംഗിൽ പങ്കെടുക്കേണ്ടിയിരുന്നു. എന്നാൽ കോച്ചിംഗ് സ്കൂളുകളൊന്നും ശ്രീകാന്തിനെ സ്വീകരിച്ചില്ല. ശ്രീകാന്ത് അക്കാദമിക് നിലവാരം പുലർത്തില്ലെന്ന് അവർ അനുമാനിച്ചു. "എന്നാൽ എനിക്ക് ഖേദമില്ല, ഐഐടിക്ക് എന്നെ വേണ്ടായിരുന്നുവെങ്കിൽ, എനിക്ക് ഐഐടിയും വേണ്ടായിരുന്നു," ശ്രീകാന്ത് പറഞ്ഞു.

പകരം അമേരിക്കയിലെ സർവ്വകലാശാലകളിൽ അപേക്ഷിക്കാൻ ശ്രീകാന്ത് തീരുമാനിച്ചു. മസാച്യുസെറ്റ്‌സിലെ കേംബ്രിഡ്ജിൽ എംഐടിയിൽ അവന് പ്രവേശനം ലഭിച്ചു. അവിടത്തെ ആദ്യത്തെ അന്തർദ്ദേശീയതലത്തിലുള്ള അന്ധ വിദ്യാർത്ഥിയായി ശ്രീകാന്ത് മാറി. പിന്നീട് മാനേജ്‌മെന്റ് സയൻസിൽ ബിരുദം നേടിയ അദ്ദേഹം നാട്ടിലേയ്ക്ക് മടങ്ങി. 2012 -ൽ ഹൈദരാബാദിൽ തിരിച്ചെത്തിയ ശ്രീകാന്ത് ബൊല്ലന്റ് ഇൻഡസ്ട്രീസ് സ്ഥാപിച്ചു. വീണുകിടക്കുന്ന ഈന്തപ്പനയുടെ ഇലകളിൽ നിന്ന് കോറഗേറ്റഡ് പാക്കേജിംഗ് പോലുള്ള പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ നിർമിക്കുന്ന കമ്പനിയായിരുന്നു അത്. ശ്രീകാന്തിന്റെ കഠിനാധ്വാനം കാരണം കമ്പനി പെട്ടെന്ന് തന്നെ വളർന്നു. 20% പ്രതിമാസ ശരാശരി വളർച്ചയോടെ 2018 വരെ 150 കോടി രൂപയുടെ ബിസിനസ്സ് കമ്പനി നടത്തി. ഇപ്പോൾ ശ്രീകാന്തിന് അഞ്ച് നിർമ്മാണ യൂണിറ്റുകൾ ഉണ്ട്, അതിൽ 650 -ലധികം ഭിന്നശേഷിക്കാരും മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ളവരും ജോലി ചെയ്യുന്നു.  

2017 -ൽ, ഫോബ്‌സ് 30 അണ്ടർ 30 ഏഷ്യാ ലിസ്റ്റിലെ മൂന്ന് ഇന്ത്യക്കാരിൽ ഒരാളായി ശ്രീകാന്ത് തെരഞ്ഞെടുക്കപ്പെട്ടു. 2016 -ലെ സിഐഐ എമർജിംഗ് എന്റർപ്രണർ ഓഫ് ദി ഇയർ, ECLIF മലേഷ്യ എമർജിംഗ് ലീഡർഷിപ്പ് അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ ഈ വ്യവസായി നേടിയിട്ടുണ്ട്. 2006 -ൽ, ഇന്ത്യയുടെ മുൻ രാഷ്ട്രപതി അന്തരിച്ച ഡോ. എ.പി.ജെ. അബ്ദുൾ കലാം ഒരു പ്രസംഗത്തിനിടെ അഭിസംബോധന ചെയ്ത വിദ്യാർത്ഥികളിൽ അദ്ദേഹവും ഉണ്ടായിരുന്നു. ‘ജീവിതത്തിൽ നിങ്ങൾ എന്തായിത്തീരാനാണ് ആഗ്രഹിക്കുന്നത്?’ എന്ന കലാമിന്റെ ചോദ്യത്തിന്, ‘ഇന്ത്യയുടെ ആദ്യത്തെ അന്ധനായ രാഷ്ട്രപതിയാകണം’ എന്നായിരുന്നു ശ്രീകാന്ത് ബൊല്ലയുടെ മറുപടി. ജനസംഖ്യയുടെ ഏകദേശം 2.21% ഭിന്നശേഷിക്കാരുള്ള ഒരു രാജ്യത്ത്, എല്ലാ പ്രതിബന്ധങ്ങളെ മറികടന്ന് വിജയത്തെ പുൽകിയ ശ്രീകാന്ത് ബൊല്ല എല്ലാവർക്കും ഒരു പ്രചോദനമാണ്.  

Follow Us:
Download App:
  • android
  • ios