തന്റെ ഭർത്താവിനെ വധിച്ച ജർമ്മൻ സൈന്യത്തോട് പ്രതികാരം ചെയ്യാൻ അവൾ ആഗ്രഹിച്ചു. ഇതിനായി മരിയ സൈന്യത്തിൽ ചേരാൻ തീരുമാനിച്ചു.
ലോകത്തെ ഏറ്റവും ധീരയായ വനിതകളിൽ ഒരാളാണ് മരിയ ഒക്ത്യാബ്രസ്കായ. രണ്ടാം ലോകമഹായുദ്ധസമയത്ത് നാസികൾ അവളുടെ ഭർത്താവിനെ കൊന്നപ്പോൾ, കൈയിലുണ്ടായിരുന്ന സകലതും വിറ്റുപെറുക്കി ഒരു പുതിയ ടി -34 ടാങ്ക് വാങ്ങി അവർക്കെതിരെ യുദ്ധം ചെയ്തവളാണ് അവൾ. ആറുമാസത്തെ കഠിനപരിശീലനത്തിനുശേഷം, ടാങ്ക് സംഘത്തിന്റെ കമാൻഡ് അവർ ഏറ്റെടുത്തു. തന്റെ ഭർത്താവിനെ വധിച്ച ജർമ്മൻ സൈന്യത്തിന്റെ മീതെ അവളുടെ ക്രോധം ഒരു തീമഴയായി പെയ്തു. ആക്രമണകാരികളായ സൈന്യത്തെ അവൾ നിഷ്ക്കരുണം കൊന്നൊടുക്കി. അവളുടെ ഉദ്വേഗജനകമായ കഥയാണ് ഇത്.
1905 -ൽ പത്ത് കുട്ടികളുള്ള ഒരു പാവപ്പെട്ട കർഷക കുടുംബത്തിലാണ് മരിയ ഒക്ത്യാബ്രസ്കയ ജനിച്ചത്. യുദ്ധത്തിന് മുമ്പ്, അവൾ ഒരു കാനറിയിലും പിന്നീട് ഒരു ടെലിഫോൺ ഓപ്പറേറ്ററായും ജോലി ചെയ്തു. 1925 -ലാണ് സോവിയറ്റ് ആർമി ഓഫീസർ ഇല്യ ഒക്ത്യാബ്രസ്കിയെ മരിയ വിവാഹം കഴിക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തിന്റെ തുടക്കത്തിൽ മരിയ സൈബീരിയയിലേക്ക് മാറി. ഭർത്താവ് ഈസ്റ്റേൺ ഗ്രൗണ്ടിൽ യുദ്ധം ചെയ്യാൻ പോയി. 1941 ഓഗസ്റ്റിൽ ഉക്രെയ്നിലെ കൈവിനടുത്ത് വെച്ച് അദ്ദേഹം കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ മരണവാർത്ത മരിയ അറിഞ്ഞത് 1943 -ൽ മാത്രമാണ്.

തന്റെ ഭർത്താവിനെ വധിച്ച ജർമ്മൻ സൈന്യത്തോട് പ്രതികാരം ചെയ്യാൻ അവൾ ആഗ്രഹിച്ചു. ഇതിനായി മരിയ സൈന്യത്തിൽ ചേരാൻ തീരുമാനിച്ചു. എന്നാൽ, ഒരു ക്ഷയരോഗിയായ മുപ്പത്തിയാറുകാരിയെ സൈന്യത്തിലെടുക്കാൻ ആരും തയ്യാറായില്ല. അവൾ തിരസ്കരിക്കപ്പെട്ടു. പക്ഷേ, അപ്പോഴും അവളുടെ മനസ്സിൽ പകയുടെ കനലുകൾ എരിഞ്ഞുകൊണ്ടിരുന്നു. അവൾ തന്റെ തീരുമാനത്തിൽ നിന്ന് പിന്മാറിയില്ല. അവളുടെ എല്ലാ സ്വത്തുക്കളും വിറ്റ്, കയ്യിലുള്ള എല്ലാ പണവും മുടക്കി ഒരു ടി -34 ടാങ്ക് അവൾ നിർമ്മിച്ചു.
തുടർന്ന്, ഒരു ടാങ്ക് ഡ്രൈവറാകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റാലിന് അവൾ ഒരു ടെലഗ്രാം അയച്ചു. ഒരു പൗരൻ തന്റെ രാജ്യത്തിനുവേണ്ടി പോരാടാൻ മാത്രമല്ല, സ്വന്തമായി ആയുധങ്ങൾ വാങ്ങാൻ പോലും ആഗ്രഹം പ്രകടിപ്പിക്കുന്നത് കണ്ടപ്പോൾ സ്റ്റാലിന് അതിയായ അഭിമാനമുണ്ടായി. അവളുടെ ദുഃഖം കണ്ടപ്പോൾ അദ്ദേഹം അവളുടെ അഭ്യർത്ഥന മാനിച്ചു. മരിയ ഒരു മെക്കാനിക്കൽ എഞ്ചിനീയറല്ലായിരുന്നുവെങ്കിലും, ടാങ്ക് പ്രവർത്തിപ്പിക്കുന്നതിന്റെ സാങ്കേതിക വശങ്ങൾ ഭർത്താവിൽ നിന്ന് അവൾ മനസ്സിലാക്കിയിരുന്നു.

അങ്ങനെ 1943 മെയ് മാസം മുതൽ മരിയ തീവ്രമായ പരിശീലനത്തിൽ ഏർപ്പെട്ടു. ഒടുവിൽ ആറുമാസത്തിനുശേഷം അവൾ ടാങ്ക് ഡ്രൈവറായി. മരിയ തന്റെ ടാങ്കിന് 'ഫൈറ്റിങ് ഗേൾഫ്രണ്ട്' എന്ന് പേരിട്ടു. ആദ്യമൊക്കെ സൈന്യം അവളുടെ കഴിവിൽ സംശയം പ്രകടിപ്പിച്ചു. ഒരു സ്ത്രീയ്ക്ക് ഇതിനൊക്കെ കഴിയുമോ എന്നവർ ആശങ്കപ്പെട്ടു. മറ്റു ചിലരാകട്ടെ, പ്രശസ്‌തിയ്ക്ക് വേണ്ടി കാട്ടിക്കൂട്ടുന്ന പ്രഹസനമായിട്ടാണ് അവളുടെ ഈ പ്രവൃത്തിയെ കണ്ടത്. എന്നാൽ, അതെല്ലാം തെറ്റായിരുന്നു എന്നവൾ തെളിയിച്ചു. ഭർത്താവിൽ നിന്ന് പഠിച്ച ചില സൈനിക പാഠങ്ങൾ അവൾ അവർക്ക് കാണിച്ചുകൊടുത്തു. അവളുടെ ധൈര്യം കണ്ട് അവർ അത്ഭുതപ്പെട്ടു.
മരിയ നിർഭയയായിരുന്നു. ഗ്രൗണ്ടിൽ പൊരുതുമ്പോൾ അവളുടെ ദുഃഖമെല്ലാം ദേഷ്യമായി കത്തിപ്പടർന്നു. മെഷീൻ-ഗണുകളും, പീരങ്കി തോക്കുകളും നശിപ്പിച്ചുകൊണ്ട് അവൾ ടാങ്കിൽ അവിശ്വസനീയ പ്രകടനം കാഴ്ചവച്ചു. ഒടുവിൽ മരിയയുടെ ധീരതയ്ക്കും യുദ്ധങ്ങളിലെ കഴിവുകൾക്കുമായി സീനിയർ സർജന്റ് പദവി നൽകപ്പെട്ടു. ടാങ്ക് ബറ്റാലിയൻ കമാൻഡർ അവളെ മുഴുവൻ യൂണിറ്റിനും മാതൃകയാക്കി. ഫൈറ്റിംങ് ഗേൾഫ്രണ്ടിനെ പോലെ പൊരുതാൻ അദ്ദേഹം അവരെ ഓർമ്മപ്പെടുത്തി. ഒരു വർഷത്തോളം അവൾ ആ യുദ്ധഭൂമിയിൽ പോരാടി. ഒടുവിൽ ജർമ്മൻകാർ ഹംഗറിയിലേക്ക് പിൻവാങ്ങി. ഹംഗറിയുടെ അതിർത്തിയിൽ നടന്ന കടുത്ത പോരാട്ടത്തിൽ ഒരു മോർട്ടാർ ഷെൽ അവളുടെ ടാങ്കിൽ ഇടിക്കുകയും അവൾക്ക് ഗുരുതരമായ പരിക്കുകൾ ഏൽക്കുകയും ചെയ്തു. ടാങ്കിൽ നിന്ന് അവൾ പുറത്ത് കടക്കാൻ ശ്രമിച്ചുവെങ്കിലും, വെടിയുണ്ട അവളുടെ കണ്ണിലൂടെ തലച്ചോറിലേക്ക് തുളച്ചുകയറി. അവൾ കോമയിലേയ്ക്ക് വീണു. എന്നാൽ പിന്നീടൊരിക്കലും അവൾ ആ നിശ്ചലതയിൽ നിന്ന് ഉണർന്നില്ല.

(ചിത്രം: വിക്കിമീഡിയ കോമൺസ്)
1944 -ൽ 38 -ാം വയസിൽ അവൾ അന്തരിച്ചു. മരണാനന്തരം അവൾക്ക് 'ഹീറോ ഓഫ് ദ സോവിയറ്റ് യൂണിയൻ' എന്ന പദവി നൽകപ്പെട്ടു. അക്കാലത്ത് യുദ്ധസമയത്തെ ധീരതയ്ക്കുള്ള പരമോന്നത ബഹുമതിയായിരുന്നു ഇത്. അവളുടെ ടാങ്ക് കലിനിൻഗ്രാഡിൽ സ്ഥാപിക്കപ്പെട്ടു. മൂന്ന് തവണ ടാങ്ക് നശിപ്പിക്കപ്പെട്ടുവെങ്കിലും, ഓരോപ്രാവശ്യവും അതേ പേരിൽ പുതിയൊരെണ്ണം മാറ്റിസ്ഥാപിക്കപ്പെട്ടു. ഇന്നും ധീരതയുടെയും, കറകളഞ്ഞ സ്നേഹത്തിന്റെയും പര്യായമായി അവളുടെ ഓർമ്മകൾ ആ മണ്ണിൽ നിലനിൽക്കുന്നു.
