കേരളവർമ കോളേജിൽ കോലാഹലങ്ങൾ നടക്കുകയാണ്. അമിതമായ പ്രവേശന ഫീസ് ഈടാക്കി എന്നും പറഞ്ഞ് കോളേജ് ചെയർമാനടക്കമുള്ള വിദ്യാർത്ഥി നേതാക്കൾ പ്രിൻസിപ്പലിന്റെ മുറിയിൽ പരാതിയുമായിച്ചെല്ലുന്നു. പ്രിൻസിപ്പൽ അവരെ ശകാരിക്കുന്നു. കോളേജ് യൂണിയന്‍ ചെയര്‍മാനെ പ്രിന്‍സിപ്പല്‍ അപമാനിച്ചുവെന്ന് ആരോപിച്ച് വിദ്യാർത്ഥികളെല്ലാവരും ചേർന്ന് പ്രിൻസിപ്പലിനെ 'ഘെരാവോ' ചെയ്യുന്നു.  മനം നൊന്ത് പ്രിൻസിപ്പൽ രാജിവെക്കുന്നു. 

ഇവിടെ പലർക്കും, പ്രത്യേകിച്ചും രാഷ്ട്രീയത്തിൽ അത്ര പിടിപാടില്ലാത്തവർക്ക്,  സ്വാഭാവികമായും തോന്നാവുന്ന ഒരു സംശയമുണ്ട്. എന്താണ് ഈ ഘെരാവോ..? ഇത് ഒരു ബംഗാളി പദമാണ്. ഈ വാക്കിന് ബംഗാളിയിൽ ആരുടെയെങ്കിലും ചുറ്റിനും ഒരുപാടുപേർ കൂടി നിൽക്കുക എന്നാണർത്ഥം. 1967 -ൽ ബംഗാളിലെ യുണൈറ്റഡ് ഫ്രണ്ട് മന്ത്രിസഭയിലെ തൊഴിൽ വകുപ്പുമന്ത്രിയും അറിയപ്പെടുന്ന  എസ്‌യു‌സി‌ഐ നേതാവുമായ സുബോധ് ബാനർജിയാണ് ഏറെക്കുറെ അക്രമാസക്തം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഈ സമരമുറ തൊഴിലാളികൾക്ക് പരിചയപ്പെടുത്തുന്നത്. കമ്യൂണിസ്റ്റു പാർട്ടി സ്ഥാപിക്കപ്പെട്ട കാലത്തെ അടിസ്ഥാന മൂല്യസംഹിതകളിൽ നിന്നും വ്യതിചലിച്ചു എന്ന ബോധ്യത്തിന്റെ പുറത്ത് 1948 -ൽ കോമ്രേഡ് ഷിബ്‌ദാസ് ഘോഷും നിഹാർ മുഖർജിയും സമാന ചിന്താഗതിക്കാരായ സഖാക്കളും ചേർന്ന് രൂപീകരിച്ച വിപ്ലവപ്പാർട്ടിയായ സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യയുടെ അറിയപ്പെടുന്ന നേതാവായിരുന്നു സുബോധ് ബാബു. അദ്ദേഹം പിന്നീട് അറിയപ്പെട്ടത് പോലും 'ഘെരാവോ മിനിസ്റ്റർ' എന്ന പേരിലാണ്.

സുബോധ്ദാ അറുപതുകളിൽ മുന്നോട്ടുവച്ച 'ഘെരാവോ' എന്ന സമരമുറ രാഷ്ട്രീയ സമരങ്ങളുടെ ചരിത്രത്തിൽ ചെലുത്തിയ സ്വാധീനം ചില്ലറയൊന്നുമല്ല. ആവശ്യങ്ങൾ അംഗീകരിച്ചു കിട്ടും വരെ അധികാര സ്ഥാനത്തിരിക്കുന്ന വ്യക്തിയെ ഒരിഞ്ചു പോലും അനങ്ങാനോ, തന്റെ ആവശ്യങ്ങൾ നിറവേറ്റാനോ വിടാതെ വളഞ്ഞു പിടിച്ചു വെക്കുക എന്നതാണ് ഘെരാവോ കൊണ്ട് ഉദ്ദേശിക്കുന്നത്. ഒന്നു മൂത്രമൊഴിക്കാൻ പോലും വിടാതെ ഇങ്ങനെ പിടിച്ചു വെച്ചുകളഞ്ഞാൽ ആരാണ് ആവശ്യങ്ങൾ അനുവദിച്ചു കൊടുക്കാതിരിക്കുക..? കൃത്യമായ ബഹുജന പങ്കാളിത്തമുണ്ടെങ്കിൽ മാത്രം നടത്തി വിജയിപ്പിക്കാൻ പറ്റുന്ന ഒരു സമരമുറയാണിത്. ആളെണ്ണം കുറഞ്ഞാൽ ചിലപ്പോൾ സംഗതി പാളിയെന്നും, അറസ്റ്റടക്കമുള്ള ദുര്യോഗങ്ങൾ നേരിടേണ്ടി വന്നെന്നുമിരിക്കും. മാത്രവുമല്ല, ഇന്ത്യൻ ശിക്ഷാനിയമം പ്രകാരം ഇത് ശിക്ഷാർഹവുമാണ്. 

കേരള വര്‍മ്മ കോളേജ് യൂണിയന്‍ ചെയര്‍മാനെ അപമാനിച്ചെന്നാരോപിച്ച് പ്രിന്‍സിപ്പലിനെ ഘെരാവോ ചെയ്തു; ജോലി രാജിവച്ച് പ്രിന്‍സിപ്പല്‍

സംഗതി കണ്ടുപിടിച്ചത് ഒരു കമ്യൂണിസ്റ്റുകാരനാണെങ്കിലും, ആ വാക്കോ, അത് സൂചിപ്പിക്കുന്ന സമരമുറയോ എടുത്തുപയോഗിക്കാൻ അങ്ങനെ വിശേഷിച്ചൊരു മടിയും ഒരു രാഷ്ട്രീയപ്പാർട്ടിക്കും ഉണ്ടായിട്ടില്ല. പലർക്കും ഈയൊരു ചരിത്രം  ചിലപ്പോൾ അറിയാനിടയില്ല എന്നുമാത്രം.  ഈ പദത്തിന്റെ വർദ്ധിച്ചുവന്ന പ്രസക്തി നിമിത്തം അത് 2004 -ൽ ഓക്സ്ഫോർഡ് കൺസൈസ് ഡിക്ഷ്ണറിയിലും ഇടം നേടി. 

ഇന്ത്യയിൽ ഇത് പ്രചാരത്തിൽ വന്നത് അറുപതുകളുടെ മധ്യത്തോടെ ആയിരുന്നുവെങ്കിലും, അമേരിക്കയിലും യൂറോപ്പിലുമെല്ലാം ഇത് നൂറ്റാണ്ടുകൾക്ക് മുമ്പുതന്നെ പ്രയോഗിച്ചു വിജയം കണ്ടിട്ടുള്ള സമരതന്ത്രമാണ്. വിശ്വപ്രസിദ്ധമായ മാഗ്നാ കാർട്ടാ കരാറിൽ ജോൺ രണ്ടാമനെക്കൊണ്ട് ഒപ്പിടീച്ചത് ഇത്തരത്തിൽ ഘെരാവോ ചെയ്തിട്ടാണ് എന്ന് പറയപ്പെടുന്നു. 

പണ്ടുകാലങ്ങളിൽ സമരപഥങ്ങളിൽ ഒരു അറ്റകൈ എന്ന മട്ടിൽ മാത്രം പ്രയോഗിക്കപ്പെട്ടിരുന്ന ഘെരാവോയ്ക്ക് ഇപ്പോൾ ഒന്ന് തുമ്മിയാൽ പോലും എടുത്തു പ്രയോഗിക്കുന്ന പ്രവണത നിമിത്തം പഴയ ഒരു ഫലസിദ്ധി ഇല്ല എന്നും പൊതുവേ ആക്ഷേപമുണ്ട്.