ഒടുവിൽ അഭയത്തിനായി അവൾ അവളുടെ അമ്മയുടെ വീട്ടിലേക്ക് പോയി. അവളുടെ ഭർത്താവ് അവൾ പൊലീസിൽ പരാതിപ്പെട്ടതറിഞ്ഞു അവളെ തേടി അവിടെ വന്നു.

സ്ത്രീകൾക്ക് ജീവിക്കാൻ ഒട്ടും സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിലൊന്നാണ് അഫ്ഗാനിസ്ഥാൻ. ഔദ്യോഗിക രേഖകൾ പ്രകാരം, കഴിഞ്ഞ വർഷം സ്ത്രീകൾക്കെതിരായ 3,500 ഓളം അതിക്രമങ്ങളാണ് അവിടെ സ്ഥിരീകരിച്ചത്. രാജ്യത്തെ സുരക്ഷാ സാഹചര്യം വഷളാകുന്ന ഇപ്പോഴത്തെ അവസ്ഥയിൽ, ഇനിയും ഇത് വർദ്ധിക്കുമെന്നാണ് അനുമാനിക്കുന്നത്. അത്തരം പീഡനങ്ങളിൽ നിന്ന് രക്ഷപ്പെട്ട അപൂർവം വ്യക്തികളിൽ ഒരാളാണ് 25 -കാരിയായ ഷക്കില സരീൻ. ചെറുപ്രായത്തിൽ തന്നെ വിവാഹം കഴിഞ്ഞ അവളെ ഭർത്താവ് നിരന്തരം ലൈംഗികമായി പീഡിപ്പിക്കുമായിരുന്നു. ഒരു ദിവസം ഭർത്താവ് അവളുടെ മുഖത്തിന് നേരെ വെടിയുതിർക്കുകയും, തുടർന്ന് വേദനനിറഞ്ഞ 22 ശസ്ത്രക്രിയകൾക്ക് അവൾ വിധേയയാവുകയും ചെയ്‌തു. സുഖം പ്രാപിച്ച് വരുന്ന അവൾ ഇപ്പോൾ ദുരിതം അനുഭവിക്കുന്ന മറ്റ് സ്ത്രീകൾക്ക് വേണ്ടി ശബ്ദം ഉയർത്തുന്നു.

അഫ്ഗാനിസ്ഥാനിലെ നാലാമത്തെ വലിയ നഗരമായ മസാർ-ഇ ഷെരീഫിലെ ഒരു ദരിദ്ര കുടുംബത്തിലാണ് അവൾ ജനിച്ചത്. ആറ് മക്കളിൽ ഒരാളായി ഷക്കില വളർന്നു. കുട്ടിക്കാലത്ത് താൻ ഒരിക്കൽ പോലും ചിരിച്ചതായി ഓർക്കുന്നില്ലെന്ന് ഷക്കില ബിബിസിയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ പറയുന്നു. കുട്ടിയായിരിക്കുമ്പോൾ അവളെ എപ്പോഴും ആങ്ങളമാർ തല്ലുമായിരുന്നു. താൻ എങ്ങനെയാണ് വളർന്നതെന്നും പോലും തനിക്കറിയില്ലെന്ന് അവൾ പറയുന്നു. ആറാം ക്ലാസ് കഴിഞ്ഞതോടെ അവളുടെ പഠിപ്പ് അവസാനിച്ചു. പെണ്ണുങ്ങൾ പഠിച്ചിട്ടെന്തിനാ എന്നായിരുന്നു ചേട്ടന്മാരുടെയും, ബന്ധുക്കളുടെയും സംശയം. പിന്നീട് വെറും 17 -ാമത്തെ വയസ്സിൽ അവളെ വിവാഹം കഴിപ്പിച്ച് അയച്ചു. 31 വയസ്സുള്ള അവളുടെ ഒരു ബന്ധു തന്നെയാണ് അവളെ വിവാഹം കഴിച്ചത്. സാമ്പത്തിക ആവശ്യങ്ങൾക്ക് വേണ്ടി ക്രമീകരിച്ച വിവാഹമായിരുന്നു അത്. അവളുടെ അച്ഛൻ അസുഖം ബാധിച്ച് കിടപ്പിലായിരുന്നു. അതുകൊണ്ട് തന്നെ ആങ്ങളമാരുടെ സമ്മർദ്ദത്തിന് വഴങ്ങി അവൾക്ക് ആ വിവാഹത്തിന് സമ്മതിക്കേണ്ടി വന്നു.

എന്നാൽ, വിവാഹ രാത്രിയിൽ തന്നെ അയാൾ അവളെ ക്രൂരമായി ഉപദ്രവിക്കാൻ തുടങ്ങി. “അയാൾ എന്നെ അടിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു” അവൾ പറഞ്ഞു. അവൾ അനുസരണക്കേട് കാണിച്ചാൽ അടിക്കാനായി ഒരു വടിയും അയാൾ സൂക്ഷിച്ചു. എന്തിനും ഏതിനും അയാൾ അതുപയോഗിച്ച് അവളെ മർദിച്ചു. ഒടുവിൽ ഗതികെട്ട് അവൾ പൊലീസിൽ പരാതി കൊടുത്തു. "നിന്റെ മൂക്കോ, ചുണ്ടോ, ചെവിയോ ഒന്നും അയാൾ മുറിച്ചെടുത്തിട്ടില്ല. പിന്നെ എന്താണ് നീ പീഡനമെന്ന് പറയുന്നത്. ഞങ്ങൾക്ക് ഇതിൽ ഒന്നും ചെയ്യാൻ കഴിയില്ല" അവളോട് പൊലീസ് പറഞ്ഞു.

ഒടുവിൽ അഭയത്തിനായി അവൾ അവളുടെ അമ്മയുടെ വീട്ടിലേക്ക് പോയി. അവളുടെ ഭർത്താവ് അവൾ പൊലീസിൽ പരാതിപ്പെട്ടതറിഞ്ഞു അവളെ തേടി അവിടെ വന്നു. രാത്രി അയാൾ മറ്റ് രണ്ട് പുരുഷന്മാരോടൊപ്പം അവളുടെ വീടിന്റെ മതിലുകൾ ചാടി കടന്നു. അവൾ അപ്പോൾ സ്വീകരണമുറിയിൽ തനിച്ചായിരുന്നു. അകത്ത് കടന്ന ഭർത്താവ് അവളെ ലക്ഷ്യമാക്കി തോക്ക് ചൂണ്ടി. എന്തെങ്കിലും ചെയ്യാൻ സാധിക്കുന്നതിനും മുൻപ് അയാൾ അവളെ വെടിവച്ചു വീഴ്ത്തി. പിറ്റേന്ന് രാവിലെ ഉണരുമ്പോൾ അവൾ കാബൂളിലെ ഒരു ആശുപത്രിയിലായിരുന്നു. അത്ഭുതമെന്നെ പറയേണ്ടു അവൾക്ക് ജീവൻ തിരിച്ചു കിട്ടി. ബാൻഡ് എയ്ഡ് കൊണ്ട് പൊതിഞ്ഞ അവളുടെ മുഖം അവൾ തൊട്ടു നോക്കി. അപ്പോഴാണ് മുഖത്തിന്റെ പകുതിയും നഷ്ടമായെന്ന് അവൾക്ക് മനസ്സിലായത്. അവളുടെ ഗർഭം അലസിയെന്നും ആരോ അവളോട് പറഞ്ഞു. അവൾ ഗർഭിണിയായിരുന്നുവെന്ന് പോലും അവൾ അറിഞ്ഞിരുന്നില്ല.

തനിക്ക് ഈ ഗതിവരാൻ താൻ എന്ത് തെറ്റ് ചെയ്തുവെന്ന് അവൾ സ്വയം വിലപിച്ചു. തന്റെ ജീവിതം തീർന്നു എന്നവൾ സ്വയം വിധിയെഴുതി. എന്നാൽ, ഒടുവിൽ അവളെ ഇന്ത്യൻ സർക്കാർ ദില്ലിയിലേക്ക് കൊണ്ടുവന്നു. മൂന്ന് വർഷത്തിനിടെ ഒൻപത് ശസ്ത്രക്രിയകൾക്ക് പണം സർക്കാർ നൽകി. യുഎൻ അവൾക്ക് അഭയാർത്ഥി പദവി നൽകി, യുഎസിലേക്ക് പുനരധിവാസത്തിനായി അവളെ റഫർ ചെയ്തു. 2016 -ൽ യുഎസ് സർക്കാർ നിബന്ധനയോടെ ആ അപേക്ഷ സ്വീകരിച്ചു. അപ്പോൾ അവൾക്ക് 21 വയസ്സായിരുന്നു. ഭർത്താവിൽ നിന്ന് വളരെ അകലെപോയി സ്വസ്ഥമായൊരു ജീവിതം നയിക്കാമെന്ന് അവൾ സ്വപ്‍നം കണ്ടു. എന്നാൽ, ഒരു വർഷത്തിനുശേഷം, ജൂൺ 23 ന് യുഎസ് സിറ്റിസൺ ആൻഡ് ഇമിഗ്രേഷൻ സർവീസസ് ഷക്കില പുനരധിവാസത്തിന് യോഗ്യയല്ലെന്ന് അറിയിച്ചു. സുരക്ഷയുമായി ബന്ധപ്പെട്ട കാരണങ്ങളാൽ അവളുടെ അപേക്ഷ അവർ തള്ളി. അതോടെ ആകെയുണ്ടായിരുന്ന പ്രതീക്ഷയും അവസാനിച്ചു. അവൾ രാവും പകലും കരഞ്ഞു. എന്നാൽ ഒടുവിൽ ദൈവം അവളുടെ പ്രാർത്ഥന കേട്ടു. ഒരു അഭയാർഥിയായി കാനഡ അവളെ സ്വീകരിച്ചു. ജനുവരിയിൽ, അമ്മയോടും സഹോദരിമാരോടും ഒപ്പം അവൾ വാൻകൂവറിൽ എത്തി.

അവൾ ഇപ്പോൾ സുരക്ഷിതയാണെങ്കിലും, അവളുടെ ഭർത്താവ് അവളെ തേടി വരുമോ എന്ന ഭയം ഇപ്പോഴും അവളെ വേട്ടയാടുന്നു. ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കാനുള്ള തിടുക്കത്തിലാണ് അവൾ ഇന്ന്. ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്ന് അവൾക്ക് അറിയാം. അവൾ കൗൺസിലിംഗിന് പോകുന്നു. ഇംഗ്ലീഷ് പഠിക്കാൻ ശ്രമിക്കുന്നു. തന്റെ പുതിയ ചുറ്റുപാടുകളുമായി പൊരുത്തപ്പെടാനും ശ്രമിക്കുന്നു. ഇപ്പോഴും കഴിക്കുമ്പോൾ അവൾക്ക് വേദനയുണ്ട്. ശരീരത്തിനും മനസ്സിനുമേറ്റ മുറിവുകൾ ഉണങ്ങി വരുന്നതേയുള്ളൂ. എന്നിരുന്നാലും, തന്നെ ഒന്നിനും ഇനി തകർക്കാൻ ആവില്ലെന്ന് അവൾ പറയുന്നു. അവളുടെ മെത്തയ്ക്ക് അരികെ അവൾ അവളുടെ ഒരു പഴയ ഫോട്ടോ സൂക്ഷിച്ചിട്ടുണ്ട്. "എന്നും ഞാൻ അത് എടുത്തുവച്ച് നോക്കും. ഞാൻ എന്തായിരുന്നുവെന്ന് ഞാൻ സ്വയം ഓർമ്മപ്പെടുത്തും. ഞാൻ എന്താണെന്നും ഇന്നത്തെ അവസ്ഥ എന്താണെന്നും ഓർമ്മപ്പെടുത്താനും, ജീവിതത്തെ ആർജ്ജവത്തോടെ നേരിടാനും ആ ഫോട്ടോ എന്നെ സഹായിക്കുന്നു" അവൾ പറഞ്ഞു.