Asianet News MalayalamAsianet News Malayalam

സിൽവിയ പ്ലാത്ത് ഭർത്താവിനയച്ച കത്തുകളും മോതിരവും പാചകക്കുറിപ്പുകളുമടക്കം ലേലത്തിന്, വിറ്റുപോയത് കോടികൾക്ക്!

"ഈ ലേലം എന്റെ മാതാപിതാക്കളുടെ ബന്ധത്തിലെ ഏറ്റവും സന്തോഷകരമായ കാലത്തിന്റെ ഓർമ്മകളാണ്. അവർ സ്നേഹത്തോടെ പരസ്പരം ഒരുമിച്ച് പ്രവർത്തിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത സമയമായിരുന്നു" 61 -കാരിയായ ഫ്രീഡ ഹ്യൂസ് പറഞ്ഞു.

Sylvia Plaths letters recipes etc auctioned
Author
New York, First Published Aug 3, 2021, 11:08 AM IST
  • Facebook
  • Twitter
  • Whatsapp

മരണത്തെ തന്റെ ജീവനോളം സ്നേഹിച്ച എഴുത്തുകാരിയാണ് സിൽവിയ പ്ലാത്ത്. ഇംഗ്ലീഷ് സാഹിത്യത്തിലെ എണ്ണമറ്റ എഴുത്തുകാരികളിൽ പ്രധാനി. ഏകാന്തതയുടെ, ഉന്മാദത്തിന്റെ, വിഷാദത്തിന്റെ എഴുത്തുകാരിയായി അവർ അറിയപ്പെടുന്നു. ഈ ആഴ്ച്ച ലണ്ടനിൽ നടന്ന ലേലത്തിൽ ഭർത്താവായ ടെഡ് ഹ്യൂസിന് അവർ അയച്ച പ്രണയലേഖനങ്ങളും, അവരുടെ വിവാഹ മോതിരവും, ഒരു കുടുംബ ഫോട്ടോ ആൽബവും വിറ്റു. അത് മാത്രമല്ല, അവരുടെ സ്വകാര്യ ശേഖരത്തിൽ നിന്ന് വേറെയും സാധനങ്ങൾ ലേലത്തിൽ വച്ചിരുന്നു. 

സിൽവിയ പ്ലാത്തിന്റെ പാചക മികവിനെ കുറിച്ച് പലർക്കും ധാരണയുണ്ടാകുമെങ്കിലും, വളരെ അപൂർവ്വമായി മാത്രമാണ് അതിന്റെ കുറിപ്പുകൾ അവർ പങ്കിടാറുള്ളത്. ലേലത്തിൽ പ്ലാത്തിന്റെ 33 പാചകക്കുറിപ്പ് കാർഡുകളും പ്രത്യക്ഷപ്പെട്ടു. 

ലേലകേന്ദ്രമായ സോതെബീസിന്റെ കണക്ക് പ്രകാരം അവരുടെ അമ്പതോളം ഇനങ്ങൾക്ക് 10 ലക്ഷം ഡോളറിൽ കൂടുതൽ വരുമാനം ലഭിച്ചു.  പ്ലാത്തിന്റെയും, കവിയായ ഹ്യൂസിന്റെയും മകളായ ഫ്രീഡ ഹ്യൂസ് ആണ് വസ്തുക്കൾ ലേലത്തിന് വച്ചത്. ലേലത്തിൽ അവരുടെ സ്വർണ വിവാഹ മോതിരങ്ങൾ ഏകദേശം 38,000 ഡോളറിനാണ് വിറ്റത്. 1956 -ൽ വിവാഹിതരായ സമയത്ത് അവർ കേംബ്രിഡ്ജിൽ പഠിക്കുകയും, അദ്ദേഹം ലണ്ടനിൽ ജോലിചെയ്യുകയുമായിരുന്നു. അപ്പോൾ പ്ലാത്ത് ഹ്യൂസിനയച്ച 16 കത്തുകളാണ് ലേലത്തിൽ വിറ്റുപോയത്. അതിലൊന്നിൽ പ്ലാത്ത് തന്റെ ഭർത്താവിനോട് വേർതിരിക്കാനാവാത്തവിധം ഇഴുകിച്ചേർന്നതായി വിവരിക്കുന്നു. 

പിന്നീട് അവർ എഴുതി, "എനിക്ക് നിങ്ങളെ വല്ലാതെ ഓർമ്മ വരുന്നു. എന്റെ ജീവനേക്കാളുപരി സ്നേഹിച്ച ഒരാളെ ഇതാദ്യമായിട്ടാണ് ഞാൻ പിരിഞ്ഞിരിക്കുന്നത്. എന്റെ ദൈവമേ, ഞാൻ ഉടൻ നിങ്ങളോടൊപ്പം ചേരട്ടെ" അവർ വേദനയോടെ കുറിച്ചു. 1957 ജൂണിൽ അവസാന പരീക്ഷകൾ പൂർത്തിയാക്കുമ്പോൾ പ്ലാത്ത് ഹ്യൂസുമായി  ഒന്നിക്കുന്നത് സ്വപ്‍നം കാണുന്നു. "പരീക്ഷകൾക്ക് ശേഷം എന്റെ ജീവിതത്തിൽ ഒരു ദിവസം പോലും ഞാൻ നിങ്ങളുടെ അടുത്ത് നിന്ന് മാറില്ല. നിങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ, ഞാൻ സ്വയം ഇല്ലാതാകും" അവർ എഴുതി.  

കത്തുകളിൽ അവളുടെ കവിതകളുടെ ഡ്രാഫ്റ്റുകളും ഹ്യൂസിന്റെ കൃതിയുടെ വിമർശനങ്ങളും അടങ്ങിയിരിക്കുന്നു. അപ്പോൾ അദ്ദേഹം പ്രസിദ്ധമായ ‘ദി ഹോക്ക് ഇൻ ദി റെയിൻ’ എന്ന കൃതിയുടെ പണിപ്പുരയിലായിരുന്നു. "എന്റെ ഭർത്താവ് ഒരു പ്രതിഭയാണ്" സിൽവിയ എഴുതി.

അമേരിക്കകാരിയായ പ്ലാത്തും ഇംഗ്ലീഷുകാരനായ ഹ്യൂസും തമ്മിലുള്ള പ്രണയവും, പിന്നീട് ആറ് വർഷത്തെ ദാമ്പത്യം അദ്ദേഹം മറ്റൊരു സ്ത്രീയ്ക്ക് വേണ്ടി ഉപേക്ഷിച്ചതും, പ്ലാത്തിൽ അതുണ്ടാക്കിയ ആഘാതവും, ഒടുവിൽ 1963 -ൽ 30 -ാം വയസ്സിലെ ആത്മഹത്യയും എന്നും വിവാദമുണർത്തുന്ന വിഷയങ്ങളായിരുന്നു. എന്നാൽ പ്ലാത്തിന്റെ വേദനയുടെ കാലത്തിലേതല്ല ലേലത്തിൽ വച്ചിരിക്കുന്ന വസ്തുക്കൾ. "ഈ ലേലം എന്റെ മാതാപിതാക്കളുടെ ബന്ധത്തിലെ ഏറ്റവും സന്തോഷകരമായ കാലത്തിന്റെ ഓർമ്മകളാണ്. അവർ സ്നേഹത്തോടെ പരസ്പരം ഒരുമിച്ച് പ്രവർത്തിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത സമയമായിരുന്നു" 61 -കാരിയായ ഫ്രീഡ ഹ്യൂസ് പറഞ്ഞു. ഫ്രീഡ ഒരു കവയിത്രിയും, ചിത്രകാരിയുമാണ്.  

Follow Us:
Download App:
  • android
  • ios