മനില: ഫിലിപ്പീന്‍സില്‍ അഗ്‌നി പര്‍വ്വതം പൊട്ടിത്തെറിച്ച് 14 കിലോമീറ്റര്‍ ദൂരത്ത് ചാരം വായുവില്‍ പടര്‍ന്നു. ഇതിനെ തുടര്‍ന്ന്  ഇതുവരെ റദ്ദുചെയ്തത് 634 വിമാന സര്‍വീസുകളാണ്. അഗ്‌നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് ഒരു കിലോമീറ്റര്‍ ഉയരത്തില്‍ അന്തരീക്ഷത്തില്‍ ഇരുണ്ട പുകപടലങ്ങള്‍ നിറഞ്ഞു. അഗ്‌നിപര്‍വ്വത ചാരം വീണു വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. 

തലസ്ഥാനമായ മനിലയില്‍ നിന്ന് 60 കിലോമീറ്റര്‍ തെക്ക് ലുസോണ്‍ ദ്വീപിലെ താല്‍ അഗ്‌നിപര്‍വ്വതമാണ് പൊട്ടിത്തെറിച്ചത്.  അഞ്ച് ദിവസം കഴിഞ്ഞിട്ടും താലിന് ചുറ്റുമുള്ള അഗ്‌നിപര്‍വ്വത പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഏകദേശം 74 മില്യണ്‍ ഫിലിപ്പൈന്‍ പീസോയുടെ (10.4 കോടി രൂപ) നഷ്ടമാണ് ഇവിടെ ഉണ്ടായത്. അഗ്‌നിപര്‍വ്വതസ്‌ഫോടനം 68000 പേരെ സാരമായി ബാധിച്ചു. 57000  പേരെ മാറ്റിപ്പാര്‍പ്പിച്ചു. 

 

 

പൊട്ടിത്തെറി ആരംഭിച്ച ഞായറാഴ്ച മുതല്‍ ഇവിടെ 601 അഗ്‌നിപര്‍വത ഭൂകമ്പങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തുടര്‍ച്ചയായ ഭൂചലനങ്ങള്‍ അഗ്‌നിപര്‍വ്വതത്തിന്റെ വിടവില്‍ (ഫിഷര്‍) നിന്നാണ്.  ഇനിയും പുറത്തുവരാനിരിക്കുന്ന ലാവയെ ആകാം ഇത് സൂചിപ്പിക്കുന്നത്. ടാല്‍ ആണ് ഫിലിപ്പീന്‍സിലെ രണ്ടാമത്തെ വലിയ സജീവ അഗ്‌നിപര്‍വ്വതമെങ്കിലും ഇതുകൂടാതെ 53 സജീവ അഗ്‌നിപര്‍വ്വതങ്ങള്‍കൂടി ഇവിടെയുണ്ട്. 

ഇത് ലോകത്തെ ഏറ്റവും അപകടകാരിയായ അഞ്ചാമത്തെ അഗ്‌നിപര്‍വതമായാണ് കണക്കാക്കുന്നത്. ഇവിടെ മുമ്പും വലിയ നാശം വിതച്ച പൊട്ടിത്തെറികള്‍ ഉണ്ടായിട്ടുണ്ട്.  ഇത് ദ്വീപിലും ചുറ്റുമുള്ള ജനവാസ പ്രദേശങ്ങളിലും വലിയതോതില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കാറുമുണ്ട്.