ചൈനയുടെ വർധിച്ചുവരുന്ന ആക്രമണ ഭീഷണി കണക്കിലെടുത്ത് 25 വർഷത്തിന് ശേഷം തായ്‌വാൻ ബിരുദ ക്ലാസുകളിൽ 'കമ്മ്യൂണിസ്റ്റ് വിരുദ്ധ ദേശസ്നേഹ' ക്ലാസുകൾ പുനരാരംഭിച്ചു. 'എന്തുകൊണ്ട്, ആർക്ക് വേണ്ടി പോരാടുന്നു' എന്ന് പുതിയ തലമുറയെ പഠിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
25 വർഷത്തിന് ശേഷം ബിരുദ ക്ലാസുകളിൽ 'കമ്മ്യൂണിസ്റ്റ് വിരുദ്ധ ദേശസ്നേഹ' ക്ലാസുകൾ വീണ്ടും തുടങ്ങി തായ്‍വാൻ. ചൈനയുടെ വർദ്ധിച്ച് വരുന്ന ആക്രമണ ഭീഷണി ചൂണ്ടിക്കാട്ടിയാണ് തായ്‍ പ്രതിരോധ മന്ത്രാലയം കമ്മ്യൂണിസ്റ്റ് വിരുദ്ധ ദേശസ്നേഹ ക്ലാസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചത്. തായ്‍വാന് ചുറ്റുമുള്ള ചൈനീസ് നാവിക പ്രവർത്തനങ്ങളിൽ വർദ്ധനവുണ്ടായതായി ഒരു മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥൻ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം വന്നത്. ദേശീയ സുരക്ഷാ ഭീഷണികളെ വ്യക്തമായി മനസ്സിലാക്കുകയും 'എന്തുകൊണ്ട് നമ്മൾ പോരാടുന്നു, ആർക്ക് വേണ്ടി പോരാടുന്നു' എന്ന സൈനിക ദൗത്യം പുതിയ തലമുറ തിരിച്ചറിയുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്," എന്ന് മന്ത്രാലയത്തിന്‍റെ പ്രസ്താവനയിൽ പറയുന്നതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു.
ദേശസ്നേഹ വിദ്യാഭ്യാസം
"ബിരുദധാരികളിൽ മിത്രത്തെയും ശത്രുവിനെയും കുറിച്ചുള്ള വ്യക്തമായ അവബോധം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം" എന്ന് മന്ത്രാലയത്തിന്‍റെ കുറിപ്പിൽ പറയുന്നു. മെയിൻലാൻഡ് അഫയേഴ്‌സ് കൗൺസിൽ, നാഷണൽ സെക്യൂരിറ്റി കൗൺസിൽ, നീതിന്യായ മന്ത്രാലയം, സർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനമായ അക്കാദമിയ സിനിക്ക എന്നിവയുൾപ്പെടെയുള്ള ഏജൻസികളിലെ ഉദ്യോഗസ്ഥർ പരിപാടിയുടെ ഭാഗമായി സൈനിക അക്കാദമി ബിരുദധാരികൾക്ക് ക്ലാസുകൾ നടത്തുമെന്നും തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 2002 -ലാണ് ഇത്തരം കമ്മ്യൂണിസ്റ്റ് വിരുദ്ധ ക്ലാസുകൾ തായ്‍വാൻ നിർത്തിവച്ചത്. ഇന്ന് വീണ്ടും അതേ ക്ലാസുകൾ തിരികെ കൊണ്ട് വരുമ്പോൾ "ദേശസ്നേഹ വിദ്യാഭ്യാസം" എന്ന പുതിയ പേരാണ് നൽകിയിരിക്കുന്നത്.
വളഞ്ഞ് പിടിക്കാൻ ചൈന
തായ്‍വാന് ചുള്ളുമുള്ള കടലിൽ, ഫസ്റ്റ് ഐലൻഡ് ശൃംഖലയിലുടനീളം ഏതാണ്ട് 110 -ലധികം ചൈനീസ് സൈനിക, തീരസംരക്ഷണ കപ്പലുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അവരെ നിരന്തരം നിരീക്ഷിക്കുകയാണെന്നും തായ്‌വാൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി ജനറൽ ജോസഫ് വു എക്സിൽ കുറിച്ചു. ജപ്പാൻ മുതൽ തായ്‌വാൻ, ഫിലിപ്പീൻസ് വഴി ബോർണിയോ വരെ വ്യാപിച്ചുകിടക്കുന്ന പ്രദേശത്തെ ചൈന തങ്ങൾക്ക് കീഴിലാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇതിനിടെ കഴിഞ്ഞ ശനിയാഴ്ച മുതൽ ചൈനയുടെ കോസ്റ്റ് ഗാർഡ് തായ്‌വാന്‍റെ കിഴക്കൻ തീരത്ത് ഒരു പുതിയ പട്രോളിംഗ് ആരംഭിച്ചെന്ന് റിപ്പോർട്ടുകൾ പറയുന്നു. ചൈനയുടെ ഈ അവകാശവാദത്തിൽ തായ്‍വാൻ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി.


