വടക്കന്‍ കാബൂളിലെ ഖൈര്‍ ഖാനയിലെ ഐസിസ് ഒളിത്താവളത്തില്‍ താലിബാന്‍ നടത്തിയ ആക്രമണങ്ങളില്‍ നിരവധി ഐസിസുകാര്‍ കൊല്ലപ്പെട്ടതായി താലിബാന്‍ വക്താവ് സബീഹുല്ലാ മുജാഹിദ് തന്നെയാണ് അറിയിച്ചത്. 

നിരവധി പേര്‍ മരിക്കാനിടയായ കാബൂള്‍ (kabul) പള്ളി സ്‌ഫോടനത്തിനുപിന്നാലെ (explosion) ഇസ്‌ലാമിക് സ്‌റ്റേറ്റ് (ISIS )ഭീകരര്‍ക്കെതിരെ താലിബാന്‍ ആക്രമണം. ഭീകരരുടെ ഒളിത്താവളത്തില്‍ കടന്നുചെന്ന് നിരവധി ഐസിസുകാരെ കൊലപ്പെടുത്തിയതായി താലിബാന്‍ അറിയിച്ചു. 

ഇന്നലെയാണ് താലിബാന്‍ ഔദ്യോഗിക വക്താവ് സബീഹുല്ലാ മുജാഹിദിന്റെ മാതാവിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കിടയില്‍ കാബൂളിലെ ഈദ് ഗാഹ് പള്ളിയുടെ പ്രവേശനകവാടത്തില്‍ ബോംബ് സ്‌ഫോടനം നടന്നത്. നിരവധി താലിബാന്‍കാര്‍ തടിച്ചുകൂടിയിരുന്ന ചടങ്ങുകള്‍ക്കിടയില്‍ ഉണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആരും സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തില്ലെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ ഐസിസ് ഒളിത്താവളങ്ങളില്‍ താലിബാന്‍ ആക്രമണം നടത്തുകയായിരുന്നു. 

വടക്കന്‍ കാബൂളിലെ ഖൈര്‍ ഖാനയിലെ ഐസിസ് ഒളിത്താവളത്തില്‍ താലിബാന്‍ നടത്തിയ ആക്രമണങ്ങളില്‍ നിരവധി ഐസിസുകാര്‍ കൊല്ലപ്പെട്ടതായി താലിബാന്‍ വക്താവ് സബീഹുല്ലാ മുജാഹിദ് തന്നെയാണ് അറിയിച്ചത്. എന്നാല്‍, എത്ര ഐസിസുകാരാണ് കൊല്ലപ്പെട്ടതെന്ന് പ്രസ്താവനയില്‍ വ്യക്തമല്ല. താലിബാന്‍കാര്‍ കൊല്ലപ്പെട്ടോ എന്ന കാര്യവും വ്യക്തമല്ല. 

2019-ല്‍ അമേരിക്കന്‍ സേന നടത്തിയ കനത്ത വ്യോമാക്രമണത്തില്‍ തകര്‍ന്നടിഞ്ഞ അഫ്ഗാന്‍ ഐസിസ് 2020-ലാണ് വീണ്ടും സാന്നിധ്യം അറിയിച്ചത്. ആ വര്‍ഷം ഒരു ആശുപത്രിയിലെ പ്രസവവാര്‍ഡില്‍ ഐസിസ് നടത്തിയ ഭീകരാക്രമണത്തില്‍ ചോരക്കുഞ്ഞുങ്ങളും അമ്മമാരുമടക്കം കൊല്ലപ്പെട്ടിരുന്നു. അതിനു ശേഷം ഈ വര്‍ഷം ആദ്യം ഐസിസ് ഒരു സ്‌കൂളിനു നേര്‍ക്കും ബോബാക്രമണം നടത്തി. പിന്നീട്, താലിബാന്‍ അധികാരത്തിലേറിയതിനു പിന്നാലെയാണ് അഫ്ഗാനിസ്താനില്‍ ഐസിസ് പരസ്യമായി പ്രത്യക്ഷപ്പെട്ടത്. 

കാബൂളില്‍നിന്നും അഫ്ഗാനികള്‍ വിദേശരാജ്യങ്ങളിലേക്ക് വിമാനമാര്‍ഗം രക്ഷപ്പെടുന്നതിനിടെ വിമാനത്താവളത്തില്‍ ചാവേര്‍ സ്‌ഫോടനം നടത്തിയാണ് ഐസിസ് ഈ ഓഗസ്തില്‍ സാന്നിധ്യമറിയിച്ചത്. അമേരിക്കന്‍ സൈനികരടക്കം കൊല്ലപ്പെട്ട ആക്രമണത്തിന് പകരം ചോദിക്കുമെന്ന് അമേരിക്ക അന്നു തന്നെ വ്യക്തമാക്കിയിരുന്നു. അഫ്ഗാനിലെ ഐസിസ് കേന്ദ്രങ്ങളില്‍ പൈലറ്റില്ലാ വിമാനങ്ങളില്‍ ആക്രമണം നടത്തി നിരവധി ഭീകരരെ വധിച്ചതായും പിന്നീട് അമേരിക്ക അവകാശപ്പെട്ടു. എന്നാല്‍, അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് അമേരിക്കന്‍ സൈന്യത്തെ സഹായിച്ച അഫ്ഗാന്‍ കുടുംബത്തിലെ കുട്ടികളടക്കമുള്ളവരാണ് എന്ന് പിന്നീട് പുറത്തുവന്നു. തങ്ങളുടെ ലക്ഷ്യസ്ഥാനം പിഴച്ചതാണ് എന്ന് അമേരിക്കയ്ക്ക് സമ്മതിക്കേണ്ടി വന്നു. 

അതിനിടെ, താലിബാനും ഐസിസും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളായിരുന്നു. അഫ്ഗാന്റെ വിവിധ ഭാഗങ്ങളില്‍ അപ്രതീക്ഷിതമായി താലിബാനെതിരെ ആക്രമണങ്ങള്‍ നടന്നു. ഇവയില്‍ പലതിനും പിന്നില്‍ ഐസിസ് ആണെന്ന് താലിബാന്‍ ആരോപിച്ചു. അതിനു പിന്നാലെ വ്യത്യസ്ത ആക്രമണങ്ങളില്‍ ഐസിസുകാരെ വധിച്ചതായി താലിബാന്‍ അവകാശപ്പെട്ടു. ഈ സാഹചര്യത്തിലാണ്, താലിബാന്‍ വക്താവിന്റെ മാതാവിന്റെ സംസ്‌കാര ചടങ്ങിനിടെ സ്‌ഫോടനം നടന്നത്. 

തങ്ങളുടെ അതേ പാത പിന്തുടരുന്ന സായുധ സംഘങ്ങളുമായി പോരാട്ടത്തിന്റെ പാതയിലാണ് ഇപ്പോള്‍ താലിബാന്‍. താലിബാന്‍ ഭീകരപാത വെടിഞ്ഞ് സമാധാനത്തിന്റെ മാര്‍ഗം പിന്തുടരുകയാണെന്ന് അല്‍ഖാഇദയുമായി ബന്ധമുള്ള താലിബാന്‍ സഖ്യകക്ഷിയായ ഹഖാനി നെറ്റ്‌വര്‍ക്ക് നേരത്തെ ആരോപിച്ചിരുന്നു. താലബാന്‍ അധികാരത്തില്‍ വന്നതിനു പിന്നാലെ, ഐസിസ് അവര്‍ക്കെതിരെ ഭീകരാക്രമണങ്ങളുമായി രംഗത്തുവരികയായിരുന്നു. ഇതിനെ തുടര്‍ന്നാണ് താലിബാനും ഐസിസും തമ്മിലുള്ള പോരാട്ടങ്ങള്‍ ആരംഭിച്ചത്. തങ്ങളുടെ അതേ രീതിയില്‍ ഭീകരാക്രമണം നടത്തുന്ന ഐസിസിനെ അതേ നാണയത്തില്‍ തിരിച്ചടി നല്‍കാനാണ് താലിബാന്റെ ഇപ്പോഴത്തെ ശ്രമം.