Asianet News MalayalamAsianet News Malayalam

രാഷ്ട്രീയത്തിലും റിസര്‍വ് ബെഞ്ചിലിരിക്കേണ്ടി വരുമോ തേജസ്വി യാദവിന്?

2010 -ല്‍ രാഷ്ട്രീയ ജനതാ ദളിനുവേണ്ടി പ്രചാരണത്തിനിറങ്ങിക്കൊണ്ടാണ് തേജസ്വി യാദവ് രാഷ്ട്രീയത്തിലേക്ക് ചുവടുവയ്‍ക്കുന്നത്. പ്രചാരണതന്ത്രങ്ങളില്‍ നവീനമായ പാതകള്‍ സ്വീകരിക്കാനും ഡിജിറ്റല്‍ മേഖലകളെക്കൂടി പ്രചാരണത്തിനുപയോഗിക്കാനും തേജസ്വി ശ്രമിച്ചു.

tejashwi yadav profile bio, cricket, politics
Author
Thiruvananthapuram, First Published Nov 11, 2020, 2:01 PM IST
  • Facebook
  • Twitter
  • Whatsapp

പ്രവര്‍ത്തനങ്ങളിലും ജനസമ്മതിയിലുമുള്ള ആത്മവിശ്വാസവും എക്സിറ്റ്‍പോള്‍ ഫലങ്ങള്‍ നല്‍കിയ പ്രതീക്ഷയുമായാണ് തേജസ്വി യാദവ് എന്ന യുവ രാഷ്ട്രീയ പോരാളി മത്സരക്കളത്തിലേക്കിറങ്ങിയതെങ്കിലും ഇന്നലെ ഫലം വന്നപ്പോള്‍ നിരാശയിലേക്ക് ആഴ്ന്നിറങ്ങാനായിരുന്നു വിധി. ദിവസം മുഴുവന്‍ നീണ്ടുനിന്ന വോട്ടെണ്ണല്‍ തീര്‍ന്നപ്പോള്‍ വിജയം എന്‍ഡിഎയ്ക്കായത് മഹാസഖ്യത്തിന് അപ്രതീക്ഷിത തിരിച്ചടി തന്നെയായി. എങ്കിലും, മുപ്പത്തിയൊന്നാമത്തെ വയസ്സില്‍ ബിഹാര്‍ രാഷ്ട്രീയത്തിന്‍റെ മുഖമായി മാറിയ ചെറുപ്പക്കാരന്‍ എന്നത് തേജസ്വി യാദവിനെ സംബന്ധിച്ച് ചെറിയ കാര്യമല്ല. ലാലു പ്രസാദ് യാദവെന്ന അച്ഛന്‍റെ, രാഷ്ട്രീയനേതാവിന്‍റെ പേര് പറഞ്ഞല്ല തേജസ്വി യാദവ് പോര്‍ക്കളത്തിലേക്കിറങ്ങിയത്. മറിച്ച്, തെറ്റുകള്‍ തിരുത്തി ജനങ്ങളര്‍ഹിക്കുന്ന ഭരണം കാഴ്ച വയ്ക്കുമെന്ന വാക്കുമായിട്ടാണ്. ഭരണം നേടാനായില്ലെങ്കിലും 75 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ആര്‍ജെഡി മാറുമ്പോള്‍ തേജസ്വി യാദവെന്ന യുവനേതാവിന് രാഷ്ട്രീയത്തില്‍ ഇനിയും എന്തൊക്കെയോ ചെയ്യാനുണ്ട് എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാകുന്നുണ്ട് തെരഞ്ഞെടുപ്പ്. 

tejashwi yadav profile bio, cricket, politics

 

ക്രിക്കറ്റിനോട് വിട പറഞ്ഞതെന്തിന്?

ലാലു പ്രസാദ് യാദവിന്‍റെ ഇളയ മകന്‍, ഇന്ത്യയിലെ പ്രതിപക്ഷചേരിയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞയാള്‍- തേജസ്വി യാദവ്. 2015 -ൽ രഘോപൂർ മണ്ഡലത്തിന്റെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട് 2015–2017 കാലയളവിൽ ബീഹാർ ഉപമുഖ്യമന്ത്രി. ബീഹാറിലെ ഏറ്റവും പ്രായം കുറഞ്ഞ ഉപമുഖ്യമന്ത്രി കൂടിയായി അങ്ങനെ തേജസ്വി യാദവ്. 

ബിഹാറിലെ ഗോപാല്‍ഗഞ്ചില്‍ 1989 നവംബര്‍ ഒമ്പതിനാണ് ലാലു പ്രസാദ് യാദവിന്‍റെയും റാബ്‍റി ദേവിയുടെയും ഇളയ മകനായി തേജസ്വിയുടെ ജനനം. പാറ്റ്നയിലായിരുന്നു ആദ്യം സ്‍കൂള്‍ പഠനം. പിന്നീട്, ദില്ലിയിലേക്ക് മാറുന്നു. സഹോദരി മിസ ഭാരതി എംബിബിഎസ്സിന് ചേര്‍ന്നപ്പോള്‍ കൂട്ടിനായിട്ടാണ് തേജസ്വി യാദവ് ദില്ലിയിലേക്ക് ചേക്കേറുന്നത്. അവിടെ വസന്ത് വിഹാറിലെ ഡെല്‍ഹി പബ്ലിക് സ്‍കൂളില്‍ പഠനം. 'ലജ്ജാശീലനായ കുട്ടി'യെന്നാണ് അധ്യാപകര്‍ തേജസ്വി യാദവിനെ വിശേഷിപ്പിക്കുന്നത്. എന്നാല്‍, അന്ന് സ്‍കൂളിലെ ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റനായിരുന്നു അദ്ദേഹം. പിന്നീട് ആര്‍ കെ പുരത്തുള്ള ഡെല്‍ഹി പബ്ലിക് സ്‍കൂളില്‍ പഠനം. പതിമൂന്നാം വയസ്സില്‍ അണ്ടര്‍-15 ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷന്‍. വിരാട് കോഹ്‍ലി ആയിരുന്നു ടീം ക്യാപ്റ്റന്‍. ഇശാന്ത് ശര്‍മ്മ കൂട്ടുകെട്ടില്‍ അണ്ടർ 15 ടീം ദേശീയ ചാമ്പ്യൻഷിപ്പ് നേടുന്നു. പിന്നീട് പത്താം ക്ലാസോടെ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി തേജസ്വി പഠനം നിര്‍ത്തുന്നു. 

എന്നാല്‍, 2008 -ല്‍ തേജസ്വി യാദവും സഹോദരന്‍ തേജ് പ്രതാപും വാര്‍ത്തകളിലിടം പിടിച്ചു. ഒരു ബസ് സ്റ്റോപ്പില്‍ വച്ച് ഒരു സംഘത്താല്‍ ഇരുവരും അക്രമിക്കപ്പെട്ടുവെന്നായിരുന്നു വാര്‍ത്ത. ഒരു ആര്‍പിഎഫ് കോണ്‍സ്റ്റബിളും സ്ഥലത്ത് അക്രമിക്കപ്പെട്ടു. തേജസ്വിയും സഹോദരനും പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറി എന്നതായിരുന്നു അക്രമിക്കാനുള്ള കാരണമായി പറഞ്ഞത്. അതേവര്‍ഷം തന്നെയാണ് തേജസ്വി ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതും. 

2008 -ല്‍ ഐപിഎല്ലില്‍ തേജസ്വി യാദവിനെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീമിലേക്ക് തെരഞ്ഞെടുക്കുന്നു. എന്നാല്‍, 2008 മുതല്‍ 2012 വരെയും കളിക്കാനുള്ള ഭാഗ്യമുണ്ടായില്ല. ടൂര്‍ണമെന്‍റിലുടനീളം അങ്ങനെ റിസര്‍വ് ബെഞ്ചിലിരിക്കേണ്ടി വന്നു തേജസ്വി യാദവിന്. പിന്നീട്, 2019 -ല്‍ ഝാര്‍ഖണ്ഡ് ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നു. സയ്‍ദ് മുഷ്‍താഖ് അലി ട്രോഫി മത്സരത്തില്‍ ബൗളറായി തേജസ്വി യാദവ്. ഇതേത്തുടര്‍ന്ന് ധന്‍ബാദില്‍ വിദര്‍ഭ ക്രിക്കറ്റ് ടീമിനെതിരെ ടെസ്റ്റ് മാച്ചിനായി വിളിക്കപ്പെടുന്നു. അവിടെ ഏഴാമാനായി ബാറ്റ് ചെയ്യുകയും അഞ്ച് ഓവര്‍ ബൗള്‍ ചെയ്യുകയും ചെയ്യുന്നു. 2010 -ലാണ് വിജയ് ഹസാരെ ട്രോഫിയില്‍ ഏകദിനത്തില്‍ അദ്ദേഹം തുടക്കം കുറിക്കുന്നത്. ഒഡീഷ ക്രിക്കറ്റ് ടീം, ത്രിപുര ക്രിക്കറ്റ് ടീം എന്നിവയ്ക്കെതിരായ രണ്ട് മാച്ചുകളാണ് അന്ന് തേജസ്വി കളിച്ചത്. ആദ്യ മാച്ച് തോല്‍ക്കുകയും രണ്ടാമത്തെ മാച്ച് ടീം വിജയിക്കുകയും ചെയ്‍തു. 

എന്നാല്‍, 2013 -ല്‍ തേജസ്വി തന്‍റെ ക്രിക്കറ്റ് ജീവിതം അവസാനിപ്പിച്ചു. അന്ന് വയസ് 24. ക്രിക്കറ്റില്‍ ഭാവിയുള്ള ആളായിരുന്നു തേജസ്വി യാദവെന്ന് അദ്ദേഹത്തിന്‍റെ പരിശീലകര്‍ തന്നെ സാക്ഷ്യം പറയുന്നു. എന്നാല്‍, ബിഹാറില്‍ പരിശീലനത്തിനാവശ്യമായ സൗകര്യങ്ങളില്ലാത്തതും മറ്റും അദ്ദേഹത്തെ പിന്നോട്ടു വലിച്ചുവെന്ന് വേണം കരുതാന്‍. ഏതായാലും ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതിന് മുമ്പ് തന്നെ രാഷ്ട്രീയത്തിലുള്ള താല്‍പര്യം പുറത്തെടുത്തിരുന്നു തേജസ്വി യാദവ്. 

രാഷ്ട്രീയത്തിലേക്കിറങ്ങിയതെപ്പോള്‍?

2010 -ല്‍ രാഷ്ട്രീയ ജനതാ ദളിനുവേണ്ടി പ്രചാരണത്തിനിറങ്ങിക്കൊണ്ടാണ് തേജസ്വി യാദവ് രാഷ്ട്രീയത്തിലേക്ക് ചുവടുവയ്‍ക്കുന്നത്. പ്രചാരണതന്ത്രങ്ങളില്‍ നവീനമായ പാതകള്‍ സ്വീകരിക്കാനും ഡിജിറ്റല്‍ മേഖലകളെക്കൂടി പ്രചാരണത്തിനുപയോഗിക്കാനും തേജസ്വി ശ്രമിച്ചു. 2014 -ലെ പൊതുതെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് നിതീഷ് കുമാറിന്‍റെ ജെഡിയുവുമായി കൈകോര്‍ക്കാനും കോണ്‍ഗ്രസുമായി ചേര്‍ന്ന് മഹാസഖ്യമുണ്ടാക്കാനും ലാലു പ്രസാദ് യാദവിനെ പ്രേരിപ്പിച്ചതിലും തേജസ്വിക്ക് പങ്കുണ്ട് എന്ന് പറയപ്പെടുന്നു. 2015 -ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 80 സീറ്റ് നേടി ആര്‍ജെഡി നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ തേജസ്വി യാദവിന്‍റെ രാഷ്ട്രീയപ്രവേശനത്തിന്‍റെ ഏറ്റവും വ്യക്തമായ രൂപം തെളിയുകയായിരുന്നു. ഇത് തേജസ്വിയെ ബീഹാറിലെ ഉപമുഖ്യമന്ത്രിയാക്കി. പൊതുമരാമത്ത്, വനം, പരിസ്ഥിതി തുടങ്ങിയ പ്രധാന വകുപ്പുകളും തേജസ്വി യാദവ് കൈകാര്യം ചെയ്‍തു. 

tejashwi yadav profile bio, cricket, politics

എന്നാല്‍, 2017 -ല്‍ തേജസ്വിക്കും റാബ്‍റി ദേവിക്കും ലാലു പ്രസാദ് യാദവിനുമടക്കം കുടുംബാംഗങ്ങള്‍ക്കെതിരെ അഴിമതിക്കേസില്‍ അന്വേഷണം ആരംഭിച്ചു. ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷനുമായി ബന്ധപ്പെട്ട് സിബിഐയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും ചേര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്‍തത്. ഇതോടെ നിതീഷ് കുമാര്‍ ബിജെപി -യുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കി. അങ്ങനെ തേജസ്വി പ്രതിപക്ഷ നേതാവായി. തനിക്കെതിരെയുള്ള കേസിനു പിന്നില്‍ ബിജെപിയാണെന്നും സര്‍ക്കാര്‍ സംവിധാനങ്ങളെ തങ്ങളുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ നടപ്പാക്കുന്നതിനായി ബിജെപി ദുരുപയോഗം ചെയ്യുകയാണെന്നും അന്ന് തേജസ്വി യാദവ് ആരോപിച്ചു.

എന്നാല്‍, 2018 -ല്‍ ഡെല്‍ഹി ഹൈക്കോടതി തേജസ്വി യാദവിനെ കുറ്റവിമുക്തനാക്കി. അഴിമതി നടന്നുവെന്ന് പറയുമ്പോള്‍ തേജസ്വി 14 വയസ്സുള്ള ഒരു സ്‍കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നുവെന്നും പിന്നെങ്ങനെയാണ് അഴിമതിയില്‍ പങ്കുകൊള്ളുന്നത് എന്നുമുള്ള ചോദ്യവും അന്ന് കോടതി ഉയര്‍ത്തിക്കാട്ടി. പിന്നീട്, കാലിത്തീറ്റ അഴിമതിക്കേസില്‍ ലാലു പ്രസാദിന് ജയില്‍ശിക്ഷ ലഭിച്ചപ്പോള്‍ ആര്‍ജെഡി -യുടെ നേതൃത്വം തേജസ്വി യാദവ് ഏറ്റെടുത്തു. പാര്‍ട്ടിക്കും നേതൃത്വത്തിനും തെറ്റ് പറ്റിയെങ്കില്‍ അത് തിരുത്തി മുന്നോട്ടുപോകുമെന്ന വാക്കാണ് തേജസ്വി യാദവ് അന്ന് ജനങ്ങള്‍ക്ക് മുന്നില്‍ വച്ചത്. 2019 -ലെ വെള്ളപ്പൊക്ക സമയത്ത് നിരന്തരം ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലിടപെട്ടതും തേജസ്വിയുടെ ജനപിന്തുണ വര്‍ധിപ്പിച്ചിരുന്നു. നിതീഷ് സര്‍ക്കാരിനെ രാഷ്ട്രീയമായി എതിരിടാന്‍ കിട്ടിയ ഒരവസരവും തേജസ്വി യാദവ് പാഴാക്കാറില്ല. 

തൊഴിലില്ലായ്‍മ കാര്‍ഷികരംഗത്തെ പ്രശ്‍നങ്ങള്‍ എന്നിവയെല്ലാം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തേജസ്വി യാദവ് ആയുധങ്ങളാക്കിയിട്ടുണ്ട്. കൂടാതെ, നിതീഷിനെ കടന്നാക്രമിക്കാന്‍ കിട്ടിയപ്പോഴെല്ലാം അതും ചെയ്‍തു. ശക്തമായ പ്രചാരണങ്ങളുമായിത്തന്നെയാണ് ആത്മവിശ്വാസത്തോടെ തേജസ്വി യാദവ് പ്രചാരണവേളയിലെല്ലാം മുന്നോട്ട് പോയതും. എന്നാല്‍, ആ ആത്മവിശ്വാസത്തിന് ഈ പരാജയം എത്രത്തോളം അടിയായിട്ടുണ്ടെന്നത് കാത്തിരുന്ന് തന്നെ കാണണം. എങ്കിലും ബിഹാര്‍ ജനതയ്ക്ക് ഒരു കരുത്തുറ്റ യുവനേതാവുണ്ട് എന്ന തോന്നല്‍ ആഴത്തില്‍ പതിയാന്‍ കളമൊരുക്കി ഈ തെരഞ്ഞെടുപ്പെന്നത് വിസ്‍മരിച്ചുകൂടാ. തേജസ്വി യാദവ് എന്ന ചെറുപ്പക്കാരന്‍, മുപ്പത്തിയൊന്നാമത്തെ വയസില്‍ തന്നെ ഒരു ജനതയ്ക്ക് പ്രതീക്ഷയാവുന്നുണ്ട് എന്നത് ചില്ലറക്കാര്യമല്ല. തെരഞ്ഞെടുപ്പ് പോരാട്ടത്തിലെ തോല്‍വിയില്‍ തളരാതെ യുവത്വത്തിന്‍റെ വീര്യവും, നവീനാശയങ്ങളും, പ്രവര്‍ത്തനശൈലിയുമായി ജനങ്ങളിലേക്കിറങ്ങാന്‍ തേജസ്വി യാദവിന് കഴിഞ്ഞാല്‍ ബിഹാര്‍ രാഷ്ട്രീയത്തിലെ ഏറ്റവും കരുത്തുറ്റ നേതാവായി മാറാന്‍ തേജസ്വിക്ക് കഴിയുമെന്നതില്‍ സംശയമില്ല. അല്ലെങ്കിലും ഈ തെരഞ്ഞെടുപ്പ് തേജസ്വി യാദവെന്ന നേതാവിന്‍റെ ഉദയം കൂടിയാണ് വെളിവാകുന്നത്. 
 

Follow Us:
Download App:
  • android
  • ios