ഇവരുടെ മൃതദേഹങ്ങള്‍ ഒടിച്ചുമടക്കിയ നിലയില്‍ കാറിനുള്ളില്‍ കുത്തിനിറക്കുകയായിരുന്നു. ഇവര്‍ ക്രൂരമായ മര്‍ദ്ദനത്തിന് വിധേയമായതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.  

മെക്‌സിക്കോയില്‍ ഗവര്‍ണറുടെ ഔദ്യോഗിക വസതിക്കു മുന്നില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍നിന്നും 10 മൃതദേഹങ്ങള്‍ കണ്ടെത്തി. സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി. മയക്കുമരുന്നു മാഫിയകള്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടുന്ന മെക്്‌സിക്കന്‍ സംസ്ഥാനമായ സാകറ്റെകാസിലാണ് നിര്‍ത്തിയിട്ട ആഡംബര കാറില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് സാകറ്റെകാസ് ഗവര്‍ണറുടെ ഔദ്യോഗിക വസതിയ്ക്കു സമീപം കാര്‍ ഉപേക്ഷിക്കപ്പെട്ടതായി കണ്ടെത്തിയത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് 10 പേരുടെ മൃതദേഹങ്ങള്‍ കണ്ടത്. ഇവരുടെ മൃതദേഹങ്ങള്‍ ഒടിച്ചുമടക്കിയ നിലയില്‍ കാറിനുള്ളില്‍ കുത്തിനിറക്കുകയായിരുന്നു. ഇവര്‍ ക്രൂരമായ മര്‍ദ്ദനത്തിന് വിധേയമായതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. 

പുതുവര്‍ഷ ആഘോഷം നടന്ന പൊതുചത്വരത്തിനടുത്താണ് കാര്‍ കണ്ടെത്തിയത്. ഇതിനടുത്ത് ഒരു ക്രിസ്മസ് മരവും ഉണ്ടായിരുന്നു. രണ്ടു മൂന്നു ദിവസമായി ഒരു കാര്‍ ഇവിെട നിര്‍ത്തിയിട്ടത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പൊലീസ് കാര്‍ പരിശോധിച്ചത്. ക്രൂരമായി മര്‍ദ്ദിച്ചു കൊന്നവരുടെ മൃതദേഹങ്ങളാണ് കാറില്‍ ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 

മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമായാണോ ഈ കൊലപാതകങ്ങള്‍ നടന്നത് എന്ന കാര്യം അറിവായിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായും രണ്ടു പേര്‍ അറസ്റ്റിലായതായും ഗവര്‍ണര്‍ അറിയിച്ചു. എന്തു വില കൊടുത്തും ഇവിടെ സമാധാനം പുനസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരാണ് കൊല്ലപ്പെട്ടതെന്നോ അറസ്റ്റിലായവര്‍ ആരൊക്കെയെന്നോ അറിവായിട്ടില്ല. 

മയക്കുമരുന്ന് സംഘങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്ന മെക്‌സിക്കോയില്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവാണ് അടുത്ത കാലത്തുണ്ടായത്. 2021- മാത്രം ഇവിടെ 31,615 കൊലപാതകങ്ങളാണ് നടന്നത്. ഇതില്‍ ഭൂരിഭാഗവും മയക്കുമരുന്നു മാഫിയകള്‍ തമ്മിലുള്ള പോരാട്ടത്തിലാണ് സംഭവിച്ചത്. അതിനു തൊട്ടുമുമ്പത്തെ വര്‍ഷം 32,814 പേരാണ് കൊല്ലപ്പെട്ടത്. 

Scroll to load tweet…

അമേരിക്കയിലേക്ക് കൊക്കെയിന്‍ അടക്കമുള്ള മയക്കുമരുന്നുകള്‍ എത്തിക്കുന്ന പ്രധാനകേന്ദ്രമാണ് മെക്‌സിക്കോ. മെക്‌സിക്കോയില്‍, അടുത്ത കാലത്തായി ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടക്കുന്ന സംസ്ഥാനമാണ് സാകറ്റെകാസില്‍. ഇവിടെ മാഫിയകള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ പതിവാണ്. കഴിഞ്ഞ ആഴ്ച ഒരു വീട്ടിനു നേര്‍ക്ക് മാഫിയാ സംഘങ്ങള്‍ നടത്തിയ ആക്രമണത്തില്‍ എട്ടുപേരാണ് കൊല്ലപ്പെട്ടത്.